ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ല, പിശക് പറ്റിയെന്നും വി. ജോയി; ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്
text_fieldsതിരുവനന്തപുരം: വഞ്ചിയൂരിൽ ഗതാഗതം തടസ്സപ്പെടുത്തി സി.പി.എം ഏരിയ സമ്മേളനം നടത്തിയതിൽ വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിക്ക് പിശക് പറ്റിയെന്ന് സമ്മതിച്ച് പാർട്ടി തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയി. പാര്‍ട്ടി ഏരിയാ സമ്മേളനത്തിനായി റോഡ് തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ല. അനാവശ്യമായി ഒരു വാര്‍ത്ത സൃഷ്ടിക്കാനുള്ള സാഹചര്യമുണ്ടായി. അത് ഒഴിവാക്കേണ്ടതായിരുന്നു. ഇത്തരം കാര്യങ്ങള്‍ മേലില്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ ശ്രദ്ധ ഇനി പാര്‍ട്ടിയുടെ ഭാഗത്തുനിന്നു ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗതാഗതം തടസ്സപ്പെടുത്തി സി.പി.എം ഏരിയ സമ്മേളനം നടത്തിയതിൽ ഹൈകോടതി രൂക്ഷ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവത്തിൽ തെറ്റിപറ്റിയെന്ന് പാർട്ടി സമ്മതിക്കുന്നത്. റോഡ് കെട്ടിയടക്കാൻ ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു. കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമാണ് നടപടി. ഗതാഗതവും കാൽനടയും തടസ്സപ്പെടുന്ന സമ്മേളനങ്ങൾ പാതയോരങ്ങളിൽപോലും നടത്താൻ പാടില്ലാത്തതാണ്. 2021ൽ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ഹൈകോടതി തീരുമാനം സുപ്രീംകോടതി ശരിെവക്കുകയും ചെയ്തതാണ്. മാർഗരേഖ ഫ്രീസറിൽ െവച്ചിരിക്കുകയാണോ എന്നും കോടതി ചോദിച്ചിരുന്നു.
സ്റ്റേജ് കെട്ടിയത് പ്രധാന റോഡില്‍ അല്ലന്നാണ് ജോയി പറയുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ബൈ റോഡിലാണ്. സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഗതാഗതം വഴി തിരിച്ചു വിട്ടിരുന്നു. എന്തായാലും റോഡില്‍ സ്റ്റേജ് കെട്ടിയിരുന്നത് വേണ്ടിയിരുന്നില്ലെന്ന നിലപാടാണ് പാര്‍ട്ടിക്ക് ഇപ്പോഴുള്ളത്. നിലവില്‍ പൊലീസിനോടാണ് കോടതി വിവരം ചോദിച്ചിരിക്കുന്നത്. പൊലീസ് നിലവില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ കോടതി എന്താണോ തീരുമാനിക്കുന്നത് അതനുസരിച്ചുള്ള കാര്യങ്ങളില്‍ അപ്പോള്‍ കോടതിയില്‍ പറയേണ്ടതായിട്ടുള്ള കാര്യമാണെന്നും ജോയി പ്രതികരിച്ചു.
അതേസമയം, പൊതുയോഗത്തിന് റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിൽ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. നേരത്തെ കണ്ടാലറിയുന്ന 500ഓളം ആളുകൾ എന്നായിരുന്നു പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്.
പുതുതായി പ്രതി ചേർത്തതിൽ പാളയം ഏരിയ കമ്മിറ്റി അംഗങ്ങൾ മുഴുവൻ ഉണ്ട്. പന്തൽ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേർത്തിട്ടുണ്ട്. ഡിസംബർ അഞ്ചിന് വഞ്ചിയൂരില്‍ കോടതിക്കും പൊലീസ് സ്റ്റേഷനും സമീപമാണ് സി.പി.എം പാളയം ഏരിയ സമ്മേളനത്തിനായി റോഡിന്റെ ഒരുവശം കെട്ടിയടച്ച് സ്റ്റേജ് കെട്ടിയത്. ആംബുലന്‍സുകളും സ്കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍പെട്ടിരുന്നു. വഴിതടഞ്ഞ് കെട്ടിയ പന്തലില്‍ നടന്ന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്തത്. 50 പൊലീസുകാരെയും സ്ഥലത്ത് നിയോഗിച്ചിരുന്നു.
തുടർന്ന്, ഗതാഗതം തടസ്സപ്പെടുത്തി സമ്മേളനം നടത്തിയത് ചോദ്യം ചെയ്ത് എം.വി. ഗോവിന്ദൻ, സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് എന്നിവരെ എതിർകക്ഷികളാക്കിയാണ് എറണാകുളം മരട് സ്വദേശി എൻ. പ്രകാശ് ഹരജി നൽകിയത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വഞ്ചിയൂർ സി.ഐ ഫയലുകളുമായി നേരിട്ട് ഹാജരായി ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ തുടർന്ന് കോടതി നിർദേശിച്ചു.

