മേഴ്സിക്കുട്ടിയമ്മയുടെ തോൽവി പഠിക്കാൻ സി.പി.എം സമിതി
text_fieldsകൊല്ലം: കുണ്ടറയിൽ മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ തോൽവി പഠിക്കാൻ മൂന്നംഗ പാർട്ടി സമിതി. സംസ്ഥാന സമിതി അംഗങ്ങളായ എസ്. രാജേന്ദ്രൻ, കെ. സോമപ്രസാദ് എം.പി, ജില്ല സെക്രേട്ടറിയറ്റംഗം എസ്. ശിവശങ്കരപ്പിള്ള എന്നിവരടങ്ങുന്ന സമിതിയെ നിയോഗിക്കാൻ ഞായറാഴ്ച തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി, ചേർന്ന സി.പി.എം ജില്ല കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. തെരഞ്ഞെടുപ്പിൽ തോറ്റ കഴിഞ്ഞ മന്ത്രിസഭയിലെ ഏക അംഗമായിരുന്നു മേഴ്സിക്കുട്ടിയമ്മ. ചരിത്രത്തിലാദ്യമായി, മികച്ച വിജയത്തോടെ, എൽ.ഡി.എഫ് തുടർ ഭരണത്തിലെത്തിയിട്ടും മേഴ്സിക്കുട്ടിയമ്മ തോറ്റത് പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. സംഘടന വീഴ്ചകളടക്കം ഉണ്ടായോ എന്ന് പരിശോധിക്കും. ബി.ജെ.പി വോട്ട് യു.ഡി.എഫിന് അനുകൂലമായത്, ആഴക്കടൽ മത്സ്യബന്ധന വിവാദം, കൊല്ലം രൂപത ഇടയലേഖനം, കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവ തിരിച്ചടിയായി. സ്ഥാനാർഥിയുടെ പെരുമാറ്റശൈലിയും ദോഷം ചെയ്തുവെന്നും വിലയിരുത്തലുണ്ടായി. എൽ.ഡി.എഫ് തോറ്റ കരുനാഗപ്പള്ളിയിലെ തോൽവിയും സമിതി പരിശോധിക്കും. ശക്തി കേന്ദ്രമായ കരുനാഗപ്പള്ളിയിൽ സി.പി.ഐയിലെ ആർ. രാമചന്ദ്രൻ തോറ്റത് സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. അവിടെ സി.പി.ഐയിലെ അഭിപ്രായവ്യത്യാസങ്ങളും കാരണമായി.
കുണ്ടറയും കരുനാഗപ്പള്ളിയും ഒഴികെ ജില്ലയിലെ, 11ൽ ഒമ്പതിലും ജയിക്കാനായെങ്കിലും ഇരവിപുരം ഒഴികെ ജയിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് കുറഞ്ഞു. സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ മത്സരിച്ച കൊട്ടാരക്കരയിലും ഭൂരിപക്ഷം കുറഞ്ഞു. ഈ മണ്ഡലങ്ങളിലെ വോട്ടുചോർച്ചയും പ്രത്യേകം വിലയിരുത്തും. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സെക്രേട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, കെ.എൻ. ബാലഗോപാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.