എസ്.ഡി.പി.ഐ പിന്തുണയെ വിമർശിച്ച പത്തനംതിട്ട നഗരസഭ കൗൺസിലർക്കെതിരെ സി.പി.എം നടപടിക്ക്
text_fieldsപത്തനംതിട്ട: സി.പി.എം. പത്തനംതിട്ട നഗരസഭ കൗൺസിലറും നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമായ വി.ആർ. ജോൺസണിനെതിരെ സി.പി.എം അച്ചടക്ക നടപടിക്കൊരുങ്ങുന്നു. ടൗൺ നോർത്ത് ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചതുമായി ബന്ധപ്പെട്ടാണ് നടപടിയെടുക്കാൻ സി.പി.എം തയാറെടുത്തതെന്നാണ് സൂചന.
പത്തനംതിട്ട നഗരസഭ ചെയർമാനും കൗൺസിലർമാരും ഉൾപ്പെട്ട ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ ജോൺസൺ നടത്തിയ പരാമർശം വിവാദമായിരുന്നു. എസ്.ഡി.പി.ഐയുടെ ഔദാര്യമല്ല തെൻറ കൗൺസിലർ സ്ഥാനമെന്നും വർഗീയവാദം തുലയട്ടെയെന്നുമായിരുന്നു വാട്സ്ആപ് ഗ്രൂപ്പിൽ ജോൺസെൻറ പരാമർശം. എസ്.ഡി.പി.ഐയുമായുള്ള ധാരണയുമായി നഗരസഭ ഭരിക്കുന്നതിനെതിരെയും ജോൺസൺ വിമർശനം ഉന്നയിച്ചിരുന്നു.
ജോൺസണെ ഒരുവർഷത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ ലോക്കൽ കമ്മിറ്റി ശിപാർശ ചെയ്തതായാണ് സൂചന. ജോൺസണോട് പാർട്ടി വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലെന്നാണ് നേതൃത്വത്തിെൻറ നിലപാട്. ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരം ഉറപ്പായതോടെ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.