സി.പി.ഐ തൃശൂര്‍ മേയര്‍ക്കൊപ്പം; മയപ്പെട്ട് വി.എസ്. സുനില്‍കുമാര്‍
text_fieldsതൃശൂര്‍: തൃശൂർ മേയർക്കെതിരായ പ്രസ്താവനയില്‍ മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാറിനെ തള്ളി സി.പി.ഐ. സുനില്‍കുമാറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ് വീണ്ടും രംഗത്തുവന്നു. ഒടുവില്‍ സുനില്‍കുമാര്‍ നിലപാട് മയപ്പെടുത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വീട്ടില്‍ പോയി ചായ കുടിച്ച ആളാണ് തന്നെ വിമര്‍ശിക്കുന്നതെന്നായിരുന്നു മേയറുടെ പ്രതികരണം. ആ അടുപ്പം വിശദീകരിക്കട്ടെയെന്നും മേയര്‍ പറഞ്ഞു.
‘ഉള്ളേരിയിലുള്ള വസതിയില്‍ പോയി ചായ കുടിക്കുകയും ഭക്ഷണം കഴിച്ചുവരാനുമുള്ള ബന്ധമുണ്ട്. അത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതുപോലെ അന്തിക്കാടുള്ള സുനില്‍കുമാറിന്റെ വീട്ടിലേക്ക് സുരേന്ദ്രനും വന്നിട്ടുണ്ടെന്ന് പറയുന്നു. രണ്ടുകാലിലും മന്തുള്ള ആളാണ് ഒരു മന്തന് പോകുന്നതെന്ന് പറയുന്നത്. എങ്ങനെയാണ് ഇത് യോജിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല’’-എം.കെ. വര്‍ഗീസ് പറഞ്ഞു.സുനില്‍കുമാറിനെ സി.പി.ഐ തൃശൂർ ജില്ല സെക്രട്ടറി കെ.കെ. വത്സരാജും തള്ളി. ഉത്സവങ്ങളിലും ആഘോഷങ്ങളിലും ആശംസകള്‍ കൈമാറുന്നതും മധുരം പങ്കുവെക്കുന്നതും വ്യക്തിപരമായി കാണണം.
അതിനെ രാഷ്ട്രീയമായി കാണേണ്ട കാര്യമില്ലെന്നാണ് സി.പി.ഐയുടെ അഭിപ്രായമെന്നും വത്സരാജ് വ്യക്തമാക്കി.വിഷയത്തില്‍ പാര്‍ട്ടിയും തനിക്ക് എതിരായതോടെ ഒടുവില്‍ സുനില്‍കുമാര്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു.
വിഷയത്തില്‍ വിവാദം ഉണ്ടാക്കാനോ പുതിയ മറുപടി പറയാനോ ആരെങ്കിലും അതിനെക്കുറിച്ച് വീണ്ടും ആവര്‍ത്തിച്ച് പറഞ്ഞാല്‍ മറുപടി പറയാനോ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുനില്‍കുമാര്‍ പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ വളരെ വ്യക്തതയോടെ പറഞ്ഞതാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
മേയര്‍ എം.കെ. വര്‍ഗീസിന്റെ വീട്ടില്‍ എത്തി കെ. സുരേന്ദ്രന് നല്കിയ കേക്ക് മേയര്‍ സ്വീകരിച്ചതാണ് സി.പി.ഐ നേതാവ് വി.എസ്. സുനില്‍കുമാറിനെ ചൊടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

