ജോസ് കെ. മാണിയെ സ്വാഗതം ചെയ്ത് സി.പി.ഐ
text_fieldsതിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിക്കാനുള്ള കേരള കോൺഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിന്‍റെ രാഷ്ട്രീയ തീരുമാനത്തെ ബുധനാഴ്ച ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം സ്വാഗതം ചെയ്തു. തീരുമാനത്തിന്‍റെ അനന്തര നടപടികൾ വ്യാഴാഴ്ച ചേരുന്ന എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി യോഗം കൂട്ടായി ചർച്ചചെയ്തു തീരുമാനിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന തീരുമാനം ഒരു രാഷ്ട്രീയ പാർട്ടി എടുക്കുമ്പോൾ അതിന് എതിരായ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് സി.പി.ഐയുടെ അഭിപ്രായം. യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് എൽ.ഡി.എഫിനെയും ഗവൺമെന്‍റിനെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്താനും ദുരാരോപണങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുമ്പോൾ യു.ഡി.എഫിന് എതിരായ രാഷ്ട്രീയ നിലപാടുകൾ എൽ.ഡി.എഫും സ്വീകരിക്കും.
ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ് വിട്ട് പുറത്തുവരാനും എൽ.ഡി.എഫുമായി സഹകരിക്കാനും തീരുമാനം എടുത്തത്ത് ഒക്ടോബർ 14നാണ്. ആ തീരുമാനത്തെ തുടർന്ന് ഒട്ടേറെ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചു. എൽ.ഡി.എഫ് കർഷകർക്ക് അനുകൂലമായി സ്വീകരിച്ച നിലപാടുകൾ ശരിയാണെന്നാണ് ജോസ് കെ. മാണി വ്യക്തമാക്കിയത്. 39 വർഷക്കാലം യുഡി.എഫുമായി സഹകരിച്ച പാർട്ടിയാണ് ആ മുന്നണിവിട്ട് പുറത്തുവന്നത്. ജോസ് കെ. മാണി വിഭാഗം അവരുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയശേഷം സി.പി.ഐ അഭിപ്രായം പറയാമെന്നാണ് താൻ പറഞ്ഞിട്ടുള്ളതെന്നും കാനം പറഞ്ഞു. തന്‍റെ ഈ നിലപാടിനെ വളച്ചൊടിച്ച് സി.പി.ഐ "നിലപാടു മയപ്പെടുത്തി" എന്ന് പ്രചരിപ്പിച്ചവരുണ്ട്. അവരുടെ രാഷ്ട്രീയ നിലപാടിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ഞങ്ങൾ സ്വീകരിച്ച സമീപനങ്ങൾക്കും മാറ്റങ്ങൾ വരും. അത് രാഷ്ട്രീയത്തിൽ സ്വാഭാവികമാണെന്നും കാനം പറഞ്ഞു.
ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ അതിനു പിന്നാലെ പോകുന്ന പാർട്ടിയല്ല സി.പി.ഐ. ജോസ് കെ. മാണിക്കെതിരെ ഇക്കഴിഞ്ഞ ദിവസമാണ് പുതിയ ആരോപണം ഉയർന്നത്. മതനിരപേക്ഷ നിലപാടുകൾ കോൺഗ്രസ് ഉപേക്ഷിക്കുന്നതിന്‍റെ തെളിവാണ് ജമാഅത്തെ ഇസ്ലാമി, വെൽഫയർ പാർട്ടി തുടങ്ങിയ ശക്തികളുമായി സഹകരിക്കാൻ നടത്തുന്ന നീക്കമെന്നും കാനം കൂട്ടിച്ചേർത്തു. പാർട്ടി സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിമാരായ അഡ്വ. കെ. പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.