തെരഞ്ഞെടുപ്പ് തോൽവി: മൂവാറ്റുപുഴയിൽ അന്വേഷണത്തിന് സി.പി.ഐ; ചാത്തന്നൂരിൽ മൗനം
text_fieldsകൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലത്തിലെ തോൽവി അന്വേഷിക്കാൻ സി.പി.ഐ മൂന്നംഗ കമീഷനെ നിയോഗിക്കുമ്പോഴും ബി.ജെ.പി ജയിക്കാൻ ഇടവരുത്തിയ ചാത്തന്നൂരിനെ കുറിച്ച് മൗനം. മൂവാറ്റുപുഴയിൽ സി.പി.ഐ ജില്ല സെക്രട്ടറി എൻ. അരുണിനെ പരാജയപ്പെടുത്തിയത് കോൺഗ്രസിലെ മാത്യു കുഴൽനാടനാണ്.
കുഴൽനാടൻ സീറ്റ് നില നിർത്തുകയായിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ നേടിയ 6161 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 42,829 ആയി ഉയർന്നു. ചാത്തന്നൂരിൽ 2021ൽ സി.പി.ഐയിലെ ജി.എസ്. ജയലാൽ 17,206 വോട്ടിനാണ് ബി.ജെ.പി സ്ഥാനാർഥി ബി.ബി. ഗോപകുമാറിനെ പരാജയപ്പെടുത്തിയത്.
ഇത്തവണ 4398 വോട്ടുകൾക്ക് ബി.ബി. ഗോപകുമാർ സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. രാജേന്ദ്രനെ തോൽപിക്കുകയായിരുന്നു. മൂന്നാം സ്ഥാനത്ത് എത്തിയ കോൺഗ്രസ് കഴിഞ്ഞ തവണത്തെക്കാൾ ഇത്തവണ 1.05 ശതമാനം വോട്ട് കൂടുതൽ നേടിയിരുന്നു.
മൂവാറ്റുപുഴയിൽ സി.പി.ഐ പ്രാദേശിക നേതൃത്വത്തിനും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവർക്കും പരാജയത്തിൽ പങ്കുണ്ടെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ നേതാക്കളുടെ ആത്മാർഥതയില്ലായ്മയും അനാസ്ഥയും ചൂണ്ടികാട്ടി സി.പി.എം ഏരിയ നേതൃത്വം സി.പി.ഐ ജില്ല സെക്രട്ടറിയേറ്റിന് കത്ത് നൽകിയിരുന്നു. മൂവാറ്റുപുഴയിലേതിനെക്കാൾ കടുത്ത ആരോപണമാണ് ചാത്തന്നൂരിൽ പാർട്ടി നേതൃത്വത്തിനെതിരെ ഉയരുന്നത്.
ബൂത്ത് തലം മുതൽ മണ്ഡലം തലത്തിൽ വരെയുള്ള എല്ലാ നേതാക്കളും ബി.ജെ.പിയിൽ നിന്ന് പണംപറ്റിയെന്ന ആരോപണമാണ് ചാത്തന്നൂരിലുള്ളത്. സി.പി.എമ്മിന്റെ മണ്ഡലം നേതൃത്വത്തിലുള്ളവർക്കെതിരെയും ഇതേ ആരോപണം ഉയരുന്നു.
ജി.എസ്. ജയലാലിനെ വീണ്ടും ചാത്തന്നൂരിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും പാർട്ടിയിലെ ഗ്രൂപ്പിസവും ബിനോയ് വിശ്വത്തിന്റെ പിടിവാശിയും മൂലമാണ് ജയലാലിന് സീറ്റ് നൽകാതിരുന്നതെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു.
തോൽവി അന്വേഷിച്ചാൽ സ്ഥാനാർഥി നിർണയത്തിലെ പാളിച്ച മുഖ്യ വിഷയമാക്കാൻ വിമത പക്ഷം കോപ്പുകൂട്ടുന്നുണ്ട്. ഇത് ഭയന്നാണ് ചാത്തന്നൂരിൽ സി.പി.ഐ നേതൃത്വം മൗനംപാലിക്കുന്നതെന്ന ആരോപണവും ഉയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

