പ്രതിപക്ഷ ഉപനേതൃ സ്ഥാനം; കടുപ്പിച്ച് സി.പി.ഐ, കിട്ടിയേ തീരൂവെന്ന് ബിനോയ്
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം നൽകാനാവില്ലെന്ന നിലപാട് സി.പി.എം ആവർത്തിക്കുന്നതിനിടെ ആവശ്യം കടുപ്പിച്ച് സി.പി.ഐ. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്നതിൽ സി.പി.ഐ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. സ്ഥാനം സി.പി.ഐക്ക് ലഭിച്ചേ തീരൂ.
സാങ്കേതികമായി അങ്ങനെയൊരു പദവി ഇല്ലെന്നത് ശരിതന്നെ. യാഥാർഥത്തിൽ സ്ഥാനമുണ്ട്. ഇതുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായി ആശയവിനിമയം തുടരുകയാണ്. എപ്പോൾ കിട്ടുമെന്നതിന്റെ മുഹൂർത്തം സി.പി.ഐയോ സി.പി.എമ്മോ കുറിച്ചുവെച്ചിട്ടില്ല. തീരുമാനമാകാത്തതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളോ സാങ്കേതിക കാരണങ്ങളോ ആയിരിക്കും. എന്തായാലും പരിഹാരം ഉണ്ടാകണം. അതിനുള്ള രാഷ്ട്രീയ വ്യക്തത രണ്ട് പാർട്ടികൾക്കുമുണ്ട്. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഒന്നിനെച്ചൊല്ലിയും സി.പി.ഐ-സി.പി.എം ബന്ധങ്ങളിൽ പതർച്ച ഉണ്ടായിക്കൂടെന്നാണ് സി.പി.ഐ നിലപാട്. അതുകൊണ്ട് ഇതിൽ വലിയ ഭിന്നത ഉണ്ടാക്കിയെടുക്കാൻ ആരും ശ്രമിക്കേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തേക്ക് കെ.എൻ ബാലഗോപാലിനെ എത്തിക്കാനുള്ള സി.പി.എം നീക്കങ്ങൾക്ക് പിന്നാലെയാണ് സി.പി.ഐയുടെ കാർക്കശ്യം. ഇത്തരമൊരു ആവശ്യം മുന്നണിയിൽ സി.പി.ഐ ഉന്നയിച്ചിട്ടില്ലെന്ന് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി പരസ്യമായി ആവശ്യമുന്നയിച്ചത്.
പിണറായിയുടെ വാർത്തസമ്മേളനം ഒറ്റക്ക്
തിരുവനന്തപുരം: ഘടകകക്ഷി നേതാക്കളില്ലാതെ പ്രതിപക്ഷ നേതാവിന്‍റെ വാർത്തസമ്മേളനം. നയപ്രഖ്യാപന പ്രസംഗത്തിലെ പ്രതിപക്ഷ നിലപാട് വ്യക്തമാക്കാൻ പതിവായി നടത്തുന്ന വാർത്താസമ്മേളനത്തിലാണ് ഇക്കുറി പിണറായി വിജയൻ ഒറ്റക്കെത്തിയത്.
സാധാരണ നിയമസഭ മീഡിയ റൂമിൽ ഘടകക്ഷി നേതാക്കൾ ഒന്നിച്ചെത്താറുണ്ട്. യു.ഡി.എഫ് കാലത്തും മുമ്പ് എൽ.ഡി.എഫ് കാലത്തും ഇതായിരുന്നു പതിവ്. പ്രതിപക്ഷ ഉപ നേതൃസ്ഥാനം സംബന്ധിച്ച ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്നതിനാലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

