പിരിവിന്റെ പെരുമയിൽ സി.പി.ഐ; സംഭാവന വഴി പാർട്ടി ഫണ്ടിലേക്ക് പണമെത്തിക്കുന്നതിൽ സി.പി.എമ്മിനെ കടത്തിവെട്ടി
text_fieldsന്യൂഡൽഹി: ഇടതുപാർട്ടികളിൽ സി.പി.ഐയേക്കാൾ ആളും അർഥവും കൂടുതൽ സി.പി.എമ്മിനാണെന്നാണ് പൊതുവേയുള്ള ധാരണ. ബക്കറ്റ് പിരിവിന്റെയും സംഭാവനയുടെയുമൊക്കെ കാര്യത്തിലും സി.പി.എമ്മിന് ഏറെ പുറകിൽ മാത്രമാണ് സി.പി.ഐക്ക് സ്ഥാനമെന്നതാണ് പൊതുവിലുള്ള ചിന്താഗതിയും. എന്നാൽ, ഈ മുൻധാരണകളെല്ലാം തകർത്തെറിയുന്ന കണക്കുകളാണിപ്പോൾ പുറത്തുവരുന്നത്. സംഭാവന വഴി പാർട്ടി ഫണ്ടിലേക്ക് പണമെത്തിക്കുന്നതിൽ സി.പി.എമ്മിനെ കടത്തിവെട്ടിയിരിക്കുകയാണ് സി.പി.ഐ. 2023–24ൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും സി.പി.എമ്മിന് ലഭിച്ച മൊത്തം സംഭാവന 7.64 കോടി രൂപയാണെങ്കിൽ ഇതേ കാലയളവിൽ സി.പി.ഐയ്ക്ക് കേരളത്തിൽ നിന്ന് മാത്രം ലഭിച്ചത് 10.07 കോടി രൂപ! തെരഞ്ഞടുപ്പ് കമീഷന് ഇരു പാർട്ടികളും നൽകിയ കണക്കിലാണ് തങ്ങൾക്ക് ലഭിച്ച തുക വെളിപ്പെടുത്തിയത്.
സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജയും സി.പി.എം ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന പ്രകാശ് കാരാട്ടും ഔദ്യോഗികമായി നൽകിയ കണക്കുകൾ തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. എം.പിമാരുടെ ലെവിയും സംസ്ഥാന കൗൺസിലുകളുടെ സംഭാവനയും ഉൾപ്പെടെ സി.പി.ഐക്ക് രാജ്യത്തുനിന്നും മൊത്തം ലഭിച്ചത് 11.59 കോടി രൂപയാണ്. സി.പി.എമ്മിനേക്കാൾ മൊത്തം നാലുകോടിയോളം രൂപ അധികം!
2022-23 സി.പി.എമ്മിന് ആറു കോടി കോടി രൂപ സംഭാവനയായി ലഭിച്ചപ്പോൾ സി.പി.ഐക്ക് അന്ന് കിട്ടിയത് 5.5 കോടിയാണ്. അതിന്റെ ഇരട്ടിയിലേറെയാണ് തൊട്ടടുത്ത വർഷം സി.പി.ഐ പിരിച്ചെടുത്തത്. സി.പി.ഐയുടെ സംഭാവനയിൽ ഏറിയ പങ്കും പാർട്ടിയുടെ സംസ്ഥാന, ജില്ല കൗൺസിലുകളുടെ പക്കൽനിന്ന് ലഭിച്ചവയാണ്. ലെവിയും അംഗത്വ ഫീസുമാണ് ഇതിനു പുറമേയുള്ളത്.
സി.പി.എമ്മിന് ലഭിച്ച 7.64 കോടിയിൽ വലിയ കമ്പനികൾ ഉൾപ്പെടെയുള്ളവരുടെ വിഹിതമുണ്ട്. നാറ്റ്കോ ഫാർമ ലിമിറ്റഡ് എന്ന കമ്പനി നൽകിയത് ഒരു കോടി രൂപയാണ്. മറ്റ് ചില ഫാർമ കമ്പനികളും ആരോഗ്യമേഖലയിലെ മറ്റു സ്ഥാപനങ്ങളും ചേർന്ന് സംഭാവന ചെയ്തത് 70 ലക്ഷത്തിലേറെ. നിർമാണമേഖലയിലെ കമ്പനികളും സി.പി.എം ഫണ്ടിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
2023–24ൽ കൂടുതൽ തുക സംഭാവന ലഭിച്ച പാർട്ടി ബി.ജെ.പിയാണ്. 2244 കോടി രൂപയാണ് സംഭാവനയായി പാർട്ടി അക്കൗണ്ടിലെത്തിയത്. കോൺഗ്രസിന് 281.48 കോടി സംഭാവനയായി ലഭിച്ചു. 20,000 രൂപയിലധികം ലഭിച്ച സംഭാവനകളുടെ കണക്കാണ് പാർട്ടികൾ കമീഷന് നൽകിയത്. 2022-23 ൽ ബി.ജെ.പിക്ക് 719 കോടിയും കോൺഗ്രസിന് 79 കോടിയുമാണ് സംഭാവനയിനത്തിൽ ലഭിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

