വിഴിഞ്ഞം സമരം ന്യായമെന്ന് സി.പി.ഐ
text_fieldsതൃപ്രയാർ: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് സി.പി.ഐ തൃശൂർ ജില്ല സമ്മേളന പ്രമേയം. കേരളത്തിലെ തീരദേശം നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനും മത്സ്യമേഖലയെ സംരക്ഷിക്കാനും പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഓഖി ചുഴലിക്കാറ്റിലും പലപ്പോഴുമായി ഉണ്ടായ കടൽക്ഷോഭത്തിലും വീട് നഷ്ടപ്പെട്ടവരും വാസഭൂമി നഷ്ടപ്പെട്ടവരുമായ തീരവാസികള്‍ സംസ്ഥാനത്ത് നിരവധിയുണ്ട്.
വികസന പദ്ധതികളുടെ പേരില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ സമരത്തിലാണ്. വിഴിഞ്ഞത്തെ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. പ്രതികൂല കാലാവസ്ഥ മൂലം തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ് മത്സ്യമേഖലയിലുള്ളത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര പാക്കേജ് ആവശ്യമാണ്. കേരളത്തിന്റെ തീരദേശം രാജ്യത്തിന്റെ അതിര്ത്തികൂടിയാണ്. തീരദേശ പരിരക്ഷയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്.
കടല്‍ഭിത്തി നിർമാണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പൂർണമായി പിന്മാറിയത് പ്രതിഷേധാര്‍ഹമാണ്. ഉത്തരവാദിത്തങ്ങളെല്ലാം സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ആഴക്കടല്‍ കോര്‍പറേറ്റുകള്‍ക്ക് നല്കിയതുപോലെ തീരദേശവും കോര്‍പറേറ്റുകള്‍ക്ക് കൈമാറാന്‍ നയം ആവിഷ്കരിക്കുകയാണ്. ദേശീയ മത്സ്യവികസന നയം ആ സന്ദേശമാണ് നല്‍കുന്നതെന്നും പ്രതിനിധി സമ്മേളനം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

