സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ കൊടിയേറി
text_fieldsസി.പി.ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആലപ്പുഴ ബീച്ചിൽ വിപ്ലവഗായിക പി.കെ. മേദിനി പതാക ഉയർത്തുന്നു
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ കടപ്പുറത്ത് പതാക ഉയര്‍ന്നു. സ്വാതന്ത്ര്യസമരസേനാനിയും വിപ്ലവഗായികയുമായ പി.കെ. മേദിനിയാണ് ചെമ്പതാക ഉയര്‍ത്തിയത്. വിവിധ ജില്ലകളിലൂടെ പര്യടനം നടത്തിയ പതാക, ബാനർ, കൊടിമര ജാഥകൾ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലാണ് സംഗമിച്ചത്. സി.പി.ഐ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കടപ്പുറത്തെ വേദിയില്‍ നൂറ് ചെങ്കൊടികളും ഉയർന്നു. ഈ മാസം എട്ടുമുതൽ 12 വരെയാണ് സമ്മേളനം.
കേരള മഹിള സംഘം സംസ്ഥാന പ്രസിഡന്റ് പി. വസന്തത്തിന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് കൊണ്ടുവന്ന ബാനർ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി. ചാമുണ്ണി ഏറ്റുവാങ്ങി. കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന പതാക സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യന്‍ മൊകേരിയും ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാറിന്റെ നേതൃത്വത്തില്‍ എത്തിച്ച കൊടിമരം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ടി.വി. ബാലനും ഏറ്റുവാങ്ങി.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി.പി. സുനീർ എം.പി, സ്വാഗതസംഘം ചെയർമാനും മന്ത്രിയുമായ പി. പ്രസാദ്, ജനറൽ കൺവീനർ ടി.ജെ. ആഞ്ചലോസ്, ദേശീയ എക്സിക്യൂട്ടിവ് അംഗം കെ. പ്രകാശ് ബാബു, മന്ത്രി കെ. രാജൻ, ജില്ല സെക്രട്ടറി എസ്. സോളമൻ, ദേശീയ കൗണ്‍സില്‍ അംഗം ടി.ടി. ജിസ്മോൻ എന്നിവർ പങ്കെടുത്തു.
സമ്മേളനനഗറില്‍ സ്ഥാപിക്കുന്ന ദീപശിഖയുടെ പ്രയാണം ഈ മാസം ഒമ്പതിന് ഉച്ചക്ക് രണ്ടിന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 10ന് രാവിലെ 10.45ന് ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 11, 12 തീയതികളിൽ പ്രതിനിധി സമ്മേളനം തുടരും. പൊതുസമ്മേളനം നടക്കുന്ന ആലപ്പുഴ ബീച്ചിൽ എട്ടിന് വൈകീട്ട് ഏഴിന് തോപ്പിൽ ഭാസിയുടെ ഷെൽട്ടർ നാടകം, ഒമ്പതിന് വൈകീട്ട് ഏഴിന് കെ.പി.എ.സി അവതരിപ്പിക്കുന്ന തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

