സി.പി.ഐ സംസ്ഥാന സമ്മേളനം; മത്സരസമ്മർദം ഒഴിവാക്കാൻ നേതൃനിരയിൽ ഫോർമുല
text_fieldsആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് വെള്ളിയാഴ്ച കൊടിയിറങ്ങാനിരിക്കെ, സെക്രട്ടറി പദവിക്കൊപ്പം സംസ്ഥാന കൗൺസിലിൽ സമ്പൂർണ ആധിപത്യം നേടാൻ ഔദ്യോഗികപക്ഷം. ബിനോയ് വിശ്വത്തെ മുന്നിൽനിർത്തി ഔദ്യോഗിക പക്ഷമായി മാറിയ പഴയ കാനം രാജേന്ദ്രൻ ചേരി അതിനുള്ള അണിയറനീക്കം സജീവമാക്കി.
കാനത്തിന്‍റെ വിയോഗത്തിന് പിന്നാലെ സെക്രട്ടറിയായ ബിനോയിയെ വീണ്ടും തെരഞ്ഞെടുക്കുമെന്നുറപ്പാണ്. സമ്മേളന പ്രതിനിധികളിൽ അനുകൂലികളുടെ അംഗബലം കുറവായതിനാൽ പഴയ കെ.ഇ. ഇസ്മയിൽ ചേരിയിലെ പ്രമുഖൻ കെ. പ്രകാശ് ബാബു മത്സരത്തിനില്ലെന്ന് അടുപ്പക്കാരെ അറിയിച്ചു. വെട്ടിനിരത്തലുണ്ടായാൽ മാത്രമേ മറിച്ചൊന്ന് പ്രതീക്ഷിക്കേണ്ടതുള്ളൂ.
അതേസമയം പ്രകാശ് ബാബു വീണ്ടും പാർലമെന്‍ററി രംഗത്തേക്ക് മാറട്ടെയെന്ന നിർദേശം ഔദ്യോഗികപക്ഷം മുന്നോട്ടുവെക്കുന്നുണ്ട്. മൂന്നാം എൽ.ഡി.എഫ് സർക്കാർ വന്നാൽ മന്ത്രി എന്നതടക്കമാണ് പറഞ്ഞുകേൾക്കുന്നത്. രണ്ട് ടേം ജയിച്ചവരെ പാർലമെന്‍ററി രംഗത്തുനിന്ന് ഒഴിവാക്കുന്നതിനാൽ മന്ത്രിമാരടക്കം പലരും മാറും.
അതുകൊണ്ടുതന്നെ സുരക്ഷിത മണ്ഡലം ഉറപ്പാണ്. മാത്രമല്ല, മുമ്പ് എം.എൽ.എ ആയപ്പോൾ മികച്ച സാമാജികനായിരുന്നു പ്രകാശ് ബാബു. എന്നാൽ, വിമതചേരിയെ ഒതുക്കാനുള്ള മുന്നൊരുക്കമായാണ് ഈ ചർച്ചയെ ഒരുവിഭാഗം കാണുന്നത്.
പാർട്ടി കോൺഗ്രസിൽ ഡി. രാജ പ്രായപരിധിയാൽ ഒഴിവാകുന്ന സാഹചര്യം വന്നാൽ ബിനോയ് വിശ്വം ജനറൽ സെക്രട്ടറിയാകുമോ എന്നാണ് ഈ വിഭാഗം ഉറ്റുനോക്കുന്നത്. പഞ്ചാബിൽനിന്നുള്ള എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത്ത് കൗറിന്‍റെ പേരും നേതൃത്വത്തിൽ മുന്നിലുള്ളതിനാൽ സാധ്യത വിരളമാണ്. എങ്കിലും ബിനോയ് പാർട്ടി സെന്‍റർ കേന്ദ്രീകരിച്ച് ഏറെക്കാലം പ്രവർത്തിച്ചതിനാൽ അത് പൂർണമായും തള്ളാനുമാവില്ല.
അങ്ങനെ വന്നാൽ സംസ്ഥാന സെക്രട്ടറിപദം പ്രകാശ് ബാബുവിന് നൽകണമെന്നാണ് ഈ വിഭാഗത്തിന്‍റെ വാദം. ഇത് തടയുക ലക്ഷ്യമിട്ട്, പ്രായപരിധിയാൽ അസി. സെക്രട്ടറി സ്ഥാനം ഒഴിയുന്ന മുൻമന്ത്രി ഇ. ചന്ദ്രശേഖരന് പകരം മുൻമന്ത്രി മുല്ലക്കര രത്നാകരനെ ഈ പദവിയിലെത്തിക്കാൻ ആ വിഭാഗം ശ്രമിക്കുന്നുണ്ട്.
വി.എസ്. സുനിൽ കുമാറിനെയാണ് മറുപക്ഷം ഉയർത്തിക്കാട്ടുന്നത്. എക്സിക്യൂട്ടിവ്, അസി. സെക്രട്ടറി തെരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിന് ശേഷമായതിനാൽ സംസ്ഥാന കൗൺസിലിൽ മേധാവിത്വമുണ്ടാക്കാനാണിപ്പോൾ ഇരുപക്ഷത്തിന്‍റെയും മുഖ്യപരിഗണന.
നേതൃനിരയിൽ മേധാവിത്വം നേടാൻ ഔദ്യോഗികപക്ഷത്തിനായി മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, എം.പിമാരായ പി. സന്തോഷ് കുമാർ, പി.പി. സുനീർ എന്നിവരും മറുചേരിക്കായി ദേശീയ എക്സിക്യൂട്ടിവ് അംഗം പ്രകാശ് ബാബു, സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ, മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, കൊല്ലം ജില്ല സെക്രട്ടറി പി.എസ്. സുപാൽ തുടങ്ങിയവരുമാണ് ചരടുവലികൾ നടത്തുന്നത്.
നിലവിലെ സംസ്ഥാന കൗൺസിലിൽ 20 ശതമാനത്തോളം പേർക്കാവും മാറ്റം. ഇ. ചന്ദ്രശേഖരൻ, വി. ചാമുണ്ണി, സി.എം. ജയദേവൻ, കെ.ആർ. ചന്ദ്രമോഹൻ, കെ.കെ. ശിവരാമൻ, ജെ. വേണുഗോപാലൻ നായർ, പി.കെ. കൃഷ്ണൻ തുടങ്ങിയവരാവും പ്രായപരിധിയാൽ ഒഴിവാക്കപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

