സർക്കാറിനെതിരെ സി.പി.ഐ സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷ വിമർശനം; ഈ മുഖവുമായി മണ്ഡല പര്യടനത്തിനു പോയാൽ ഗുണം ചെയ്യില്ലെന്ന്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ സി.പി.ഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. സർക്കാരിന്റെ മുഖം വികൃതമാണെന്നും ഈ മുഖവുമായി മണ്ഡല പര്യടനത്തിനു പോയാൽ ഗുണം ചെയ്യില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. നിലവിലെ സാഹചര്യം തുടർന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും. മുഖ്യമന്ത്രി പരുക്കൻ സമീപം അംഗീകരിക്കാനാവില്ല. 50 അകമ്പടി വാഹനങ്ങളുമായുളള യാത്ര സാധാരണക്കാർക്കിടയിൽ അവമതിപ്പുണ്ടാക്കുകയാണ്. എന്തിനും ഏതിനും മാധ്യമങ്ങളെ വിമർശിച്ചിട്ടു കാര്യമില്ല. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും വിമർശനമുണ്ടായി.
സർക്കാരിന്റെ മുഖം വികൃതമാണെന്നും തെറ്റുകൾ തിരുത്താതെ മുന്നോട്ടു പോയിട്ടു കാര്യമില്ലെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. കേരളീയം പരിപാടിയും നിയോജക മണ്ഡലം സദസും കൊണ്ടു കാര്യമില്ല. രണ്ടര വർഷം സർക്കാർ ഒന്നും ചെയ്തില്ലെന്നും വിമർശനം ഉയർന്നു. സി.പി.ഐ മന്ത്രിമാർക്കെതിരേയും വിമർശനമുണ്ടായി. മന്ത്രിമാരുടെ ഓഫിസുകൾ അനാഥാവസ്ഥയിലാണ്.
സർക്കാരിെൻറ പലമേഖലകളിലും അഴിമതിയാണെന്ന് ചിലർ വിമർശിച്ചു. സർക്കാരിനെ ഭൂമി- ക്വാറി മാഫിയയാണ് നിയന്ത്രിക്കുന്നത്. കോർപറേറ്റ് സംഘത്തിന്റെ പിടിയിലാണിപ്പോൾ സർക്കാർ. മണ്ഡല സന്ദർശനത്തിൽ പൗരപ്രമുഖരെയല്ല, മറിച്ച് മുന്നണിയെ ജയിപ്പിച്ചതു സാധാരണക്കാരാണ്. പാഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്പോൾ പാണ്ഡവരെ പോലെ ഇരിക്കരുതെന്നും വിദുരരായി മാറണമെന്നും അജിത് കൊളാടി ചൂണ്ടിക്കാട്ടി. സർക്കാരിന്റേയും പാർട്ടിയുടെയും വസ്ത്രാക്ഷേപം നടക്കുന്നു. പഞ്ചപാണ്ഡവരെ പോലെ മൗനികളാകരുത്. എന്നിങ്ങനെ സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടാണ് സി.പി.ഐ കൗൺസിൽ നടന്നത്. അടുത്ത കാലത്തൊന്നും സി.പി.ഐയുടെ ഭാഗത്തുനിന്നും ഇത്തരമൊരു വിമർശനം ഉയർന്നിരുന്നില്ല. സഹകരണ മേഖലയിലേതുൾപ്പെടെയുള്ള അഴിമതി വലിയ ചർച്ചക്കിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

