പി.എം ശ്രീ ദേശീയവിദ്യാഭ്യാസനയം നടപ്പിലാക്കാനുള്ള കുറുക്കുവഴി; എതിർക്കുമെന്ന് സി.പി.ഐ
text_fieldsബിനോയ് വിശ്വം
പി.എം ശ്രീ ദേശീയവിദ്യാഭ്യാസനയം നടപ്പിലാക്കാനുള്ള കുറുക്കുവഴിയാണെന്നും അതിനെ എതിർക്കുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദേശീയതലത്തിൽ ദേശീയ വിദ്യഭ്യാസനയത്തെ എതിർക്കുന്ന പാർട്ടി തന്നെയാണ് സി.പി.എമ്മും. അവർ പി.എം ശ്രീയുമായി മുന്നോട്ട് പോകുമെന്ന് കരുതുന്നില്ല. പി.എം ശ്രീ വിഷയം കാബിനറ്റിൽ ചർച്ചയായാൽ പദ്ധതിയെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിൽ സമവായത്തിലൂടെ പി.എം ശ്രീക്ക് കൈകൊടുക്കാൻ സി.പി.എം തയാറെടുക്കുമ്പോഴും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ സി.പി.ഐ സ്വരം കടുപ്പിക്കുകയാണ്. തമിഴ്നാടിനെ പോലെ നിയമപോരാട്ടമടക്കം ബദൽ മാർഗങ്ങൾ മുന്നിലുണ്ടായിരിക്കെ അതിനൊന്നും തയാറാകാതെ കരാർ ഒപ്പുവെക്കാൻ സി.പി.എം ധൃതിപ്പെടുന്നത് എന്തിനെന്നാണ് സി.പി.ഐയുടെ ചോദ്യം.
എൻ.ഇ.പിയുടെ പ്രധാന നിബന്ധനകൾ ശക്തമായി എതിർത്ത തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചാണ് കേന്ദ്ര ഫണ്ട് നേടിയെടുത്തതെന്നും സി.പി.ഐ ഓർമിപ്പിക്കുന്നു. അതേസമയം, സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം വാങ്ങിയെടുക്കണമെന്നത് മുന്നണിയുടെ പൊതുനിലപാടാണെന്നും ഈ പൊതുനയത്തിൽ നിന്നുകൊണ്ട് വകുപ്പുകൾക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്നുമാണ് സി.പി.എമ്മിന്റെ മറുവാദം. തമിഴ്നാടിനെയും കേരളത്തെയും സമീകരിക്കാനാകില്ലെന്നും തമിഴ്നാട് വരുമാനമുള്ള സംസ്ഥാനമാണെന്നും കേരളം അങ്ങനെയല്ലെന്നുമാണ് നിയമപോരാട്ടത്തിന് മുതിരാത്തതിന് മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണന്‍റെ ന്യായം.
കരാർ ഒപ്പിടാനുള്ള വിദ്യാഭ്യാസ വകുപ്പ് നീക്കത്തെ പിന്തുണച്ച് മുന്നണി കൺവീനറും ഡി.വൈ.എഫ്.ഐയുമടക്കം രംഗത്തെത്തി. മറുഭാഗത്ത് സി.പി.ഐയുടെ ശക്തമായ വിയോജിപ്പിന് പിന്നാലെ വകുപ്പ് നിലപാടിനെതിരെ എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും രംഗത്തുണ്ട്. ഫലത്തിൽ പാലക്കാട്ടെ ബ്രൂവറി വിവാദത്തിന് ശേഷം മുന്നണിയിലുണ്ടാകുന്ന രൂക്ഷമായ അഭിപ്രായ വ്യത്യാസവും ഏറ്റുമുട്ടലുമായി പി.എം ശ്രീ മാറുകയാണ്. ബ്രൂവറി വിഷയത്തിൽ സി.പി.ഐ ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയിട്ടും അതിനെയെല്ലാം അവഗണിച്ച് മുന്നണി യോഗത്തിൽ സി.പി.എം അജണ്ട പാസാക്കിയിരുന്നു. ഇതിലുള്ള കടുത്ത അതൃപ്തി സി.പി.ഐക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

