‘മുന്നണിയിൽ സി.പി.എമ്മിന് ഏകാധിപത്യം, സർക്കാര്‍ തീരുമാനങ്ങൾ മുഖ്യമന്ത്രി ഒറ്റക്ക് സ്വീകരിക്കുന്നു’; ഭരണവിരുദ്ധ വികാരം തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും സി.പി.ഐ
text_fieldsസി.പി.ഐ റിപ്പോർട്ട്, ബിനോയ് വിശ്വം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ റിപ്പോര്‍ട്ട്. ഭരണവിരുദ്ധവികാരത്തിനൊപ്പം ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളും ശബരിമല വിവാദവും വിനയായി. വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാത്തത് ന്യൂനപക്ഷങ്ങളെ ഇടതുമുന്നണിയിൽ നിന്ന് അകറ്റിയെന്നും സി.പി.ഐ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. സർക്കാറിലും മുന്നണിയിലും സി.പി.എമ്മിന് ഏകാധിപത്യമാണ്. സർക്കാര്‍ തീരുമാനങ്ങളെല്ലാം മുഖ്യമന്ത്രി ഒറ്റക്ക് സ്വീകരിക്കുന്നു. ജില്ല മുതലുള്ള മുന്നണിയോഗങ്ങളിൽ ചർച്ചയില്ല. ഇടത് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നത് പ്രശ്നമാകുന്നു. മുഖ്യമന്ത്രിയെ തിരുത്താൻ പാർട്ടിയിലും മുന്നണിയിലും ആരുമില്ല. തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നെന്നും സംസ്ഥാന കൗണ്‍സിലില്‍ ജില്ലാ സെക്രട്ടറിമാര്‍ വിമര്‍ശിച്ചു.
ഭരണവിരുദ്ധ വികാരമില്ലെന്ന സി.പി.എം വിശദീകരണത്തിന് വിരുദ്ധമായ കണ്ടെത്തലുകളാണ് സി.പി.ഐ റിപ്പോർട്ടിലുള്ളത്. എൽ.ഡി.എഫിനെ സ്നേഹിച്ച വിവിധ വിഭാഗങ്ങളിൽ ശക്തമായ വിമർശനം നിലനിൽക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പാർട്ടി ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇടതു മുന്നണി തോൽവി നേരിട്ടിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ശേഷിക്കേ തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തോൽവി മുന്നണിക്ക് വലിയ ക്ഷീണമായിട്ടുണ്ട്.
നേരത്തെ പാർട്ടി ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന കേൺഗ്രസിലും സി.പി.എം നേതൃത്വത്തിനു നേരെ എതിർസ്വരങ്ങൾ ഉയർന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സമീപനങ്ങളിൽ മാറ്റം വരുത്താതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം പ്രധാന പ്രചാരണ വിഷയമാക്കിയ ബി.ജെ.പി പലയിടത്തും അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയത് ആശങ്കയുയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

