അറിയിച്ചിട്ടും തിരിച്ചറിഞ്ഞില്ല; പിന്നാലെ മലക്കം മറിച്ചിൽ; ബ്രൂവറിയിൽ പൊള്ളി സി.പി.ഐ
text_fieldsതിരുവനന്തപുരം: വിവാദ ബ്രൂവറിക്കുള്ള അനുമതി അജണ്ട മന്ത്രിസഭയിലെത്തുന്ന വിവരം മന്ത്രിമാർ അറിയിച്ചെങ്കിലും സി.പി.ഐ നേതൃത്വം ഗൗരവം തിരിച്ചറിഞ്ഞില്ല. കാര്യങ്ങൾ കൈവിട്ടതോടെ, മലക്കംമറിയേണ്ട ഗതികേടിലും. കാബിനറ്റിന് തലേന്നാണ് അജണ്ടയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മന്ത്രിമാർ പാർട്ടി നേതൃത്വത്തെ അറിയിച്ചത്.
നയപരമായ വിഷയത്തിൽ പാർട്ടിയുടെ അഭിപ്രായം തേടലായിരുന്നു ലക്ഷ്യം. സ്വകാര്യ മദ്യനിര്മാണക്കമ്പനികള് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിനാൽ വിയോജിക്കേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ നിഗമനം. സർക്കാറിന്റെ സ്വാഭാവിക നടപടിയെന്ന നിലയിലാണ് നേതാക്കൾ അജണ്ടയെ മനസ്സിലാക്കിയതും. കാര്യമായ വിയോജിപ്പൊന്നും നേതൃത്വം അറിയിക്കാത്തതിനാൽ പാർട്ടിക്ക് വിയോജിപ്പില്ലെന്ന ധാരണയിൽ മന്ത്രിമാരും തലകുലുക്കി.
വിഷയം ചർച്ച ചെയ്ത ഘട്ടത്തിൽ പദ്ധതിക്കായുള്ള ജലലഭ്യതയെ കുറിച്ച് സി.പി.ഐ മന്ത്രിമാരിൽ ഒരാൾ ചോദ്യമുന്നയിച്ചു. ആവശ്യമായത്ര വെള്ളം ജല അതോറിറ്റി നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ് മറുപടി നൽകുകയും ചെയ്തു. ഇതോടെ, ചർച്ചയും അവസാനിച്ചു. എന്നാൽ, പാലക്കാട്ടെ കുടിവെള്ള പ്രശ്നവും പാരിസ്ഥിതിക വിഷയങ്ങളുമടക്കം പ്രതിപക്ഷം രംഗത്തെത്തിയതോടെ കര്‍ഷകര്‍ക്ക് പ്രയോജനമുള്ള പദ്ധതിയെന്ന ധാരണയിൽ മന്ത്രിസഭയിൽ പിന്തുണ നൽകിയ സി.പി.ഐ വെട്ടിലായി.
പദ്ധതിക്കെതിരെ പാലക്കാട് ജില്ല കമ്മിറ്റിയുടെ വിയോജിപ്പും ഉയർന്നതോടെ, മുഖവിലക്കെടുക്കാതെ നിവൃത്തിയില്ലെന്ന നിലയിലുമായി പാർട്ടി. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് വിശദാംശങ്ങൾ ആരായാനോ വിയോജിപ്പ് രേഖപ്പെടുത്താനോ മന്ത്രിമാർക്ക് കഴിഞ്ഞില്ലെന്നാണ് വിമർശനം. ഇത്രയേറെ ഗൗരവമുള്ള അജണ്ട മാറ്റിവെക്കണമെന്ന് മന്ത്രിമാർക്ക് ആവശ്യപ്പെടാമായിരുന്നു.
ബ്രൂവറിയുടെ കാര്യത്തിൽ സി.പി.ഐയുടെ പരിസ്ഥിതി നയങ്ങളിൽ നിന്ന് വിരുദ്ധമായ സമീപനമുണ്ടായെന്ന അഭിപ്രായവും നേതൃയോഗത്തിലുയർന്നു. കുടിവെള്ള വിഷയം പ്രാദേശികമായി കണ്ട് അവഗണിക്കാനാവില്ലെന്ന നിലപാടാണ് ഭൂരിപക്ഷം നേതാക്കൾക്കുമുള്ളത്.
പ്ലാച്ചിമടയിലേതിന് സമാനമായി ഉയരുന്ന ജനരോഷത്തിന് നേരെ കണ്ണടച്ച് ബ്രൂവറിക്ക് ഇടതുസർക്കാർ തന്നെ പച്ചക്കൊടി കാട്ടുന്നതിൽ രാഷ്ട്രീയ പ്രശ്നമുണ്ട്. അത് ഇടതുനയത്തിന് വിരുദ്ധമാണ്.
ഭൂരിപക്ഷം അംഗങ്ങളും സർക്കാർ നിലപാടിനോട് വിയോജിച്ചതോടെ, നിലപാട് മാറ്റാൻ പാർട്ടി നേതൃത്വവും നിർബന്ധിതമായി. പ്രതിപക്ഷ ആരോപണങ്ങളെല്ലാം തള്ളി മുഖ്യമന്ത്രി നിലപാട് വിശദീകരിച്ച ശേഷവും വിയോജിപ്പ് തുറന്നുപറഞ്ഞ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയതും പാർട്ടിക്കുള്ളിലെ സമ്മർദത്തെ തുടർന്നാണ്.
ചട്ടവിരുദ്ധമായൊന്നും ചെയ്തിട്ടില്ല -പി.രാജീവ്
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നല്‍കിയത് നിയമപ്രകാരമാണെന്ന് വ്യവസായമന്ത്രി പി. രാജീവ്. നിയമവിരുദ്ധമായും ചട്ടവിരുദ്ധമായും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ നിലവിലുള്ള ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസരിച്ചുള്ള ഏത് വ്യവസായം തുടങ്ങാനും ആര് മുന്നോട്ടുവന്നാലും അതിന് അനുമതി നല്‍കും. നിയമവിരുദ്ധമായോ ചട്ടവിരുദ്ധമായോ ആര്‍ക്കും അനുമതി നല്‍കില്ല. എല്ലാം സുതാര്യവുമായിരിക്കും -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

