സി.പി.ഐ എതിർപ്പ്; ‘പി.എം ശ്രീ’യിൽ തീരുമാനമെടുക്കുന്നത് മാറ്റി മന്ത്രിസഭായോഗം
text_fieldsതിരുവനന്തപുരം: കേന്ദ്രാവിഷ്കൃത ‘പി.എം ശ്രീ’ പദ്ധതിയിൽ കേരളം പങ്കാളിയാകുന്നതുസംബന്ധിച്ച് തീരുമാനമെടുക്കുന്നത് മന്ത്രിസഭായോഗം മാറ്റി. വിഷയം ബുധനാഴ്ച മന്ത്രിസഭായോഗത്തിന്‍റെ പരിഗണനക്ക് വന്നപ്പോൾ ഇക്കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്നും നയപരമായ തീരുമാനം ആവശ്യമാണെന്നും സി.പി.ഐ മന്ത്രിമാർ നിലപാട് സ്വീകരിച്ചതോടെയാണ് തീരുമാനമെടുക്കുന്നത് മാറ്റിയത്.
ഡിസംബറിലും വിഷയം മന്ത്രിസഭ പരിഗണിച്ചെങ്കിലും എതിർപ്പിനെ തുടർന്ന് മാറ്റുകയായിരുന്നു. വിഷയം അടുത്ത മന്ത്രിസഭായോഗത്തിന്‍റെ പരിഗണനക്ക് വരുമെന്നാണ് സൂചന. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പി.എം ശ്രീ. ഓരോ േബ്ലാക്കിലും തെരഞ്ഞെടുത്ത രണ്ട് സ്കൂളെങ്കിലും ഉന്നത നിലവാരത്തിലെത്തിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് പിന്നിൽ ഒളിയജണ്ടയുണ്ടെന്നതാണ് കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളുടെ നിലപാട്.
ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ പുരോഗതിയുടെ പ്രദർശന കേന്ദ്രം കൂടിയായി ഈ സ്കൂളുകളെ മാറ്റും. സ്കൂളുകളുടെ പേരിന് മുന്നിൽ പി.എം ശ്രീ എന്ന് ചേർക്കണം. സ്കൂളിന്‍റെ പേര് എഴുതുന്ന ബോർഡിൽ പ്രധാനമന്ത്രിയുടെ ചിത്രവും ഇടംപിടിക്കും. നിലവിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ തയാറാകാത്ത കേരളം, പദ്ധതിയിൽ ഒപ്പിടുന്നതോടെ ഇത് നടപ്പാക്കാൻ നിർബന്ധിതമാകും. പദ്ധതി തുകയുടെ 60 ശതമാനം കേന്ദ്രം നൽകുമ്പോൾ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണം. കരാർ ഒപ്പിടുകയാണെങ്കിൽ കേരളത്തിൽ 152 േബ്ലാക്കുകളിലായി 300ലധികം സ്കൂളുകളായിരിക്കും പി.എം ശ്രീ പദ്ധതിക്ക് കീഴിലാവുക.
പദ്ധതിയിൽ ഒപ്പിടാത്തിന്‍റെ പേരിൽ സമഗ്രശിക്ഷ അഭിയാൻ പദ്ധതിയിൽ കഴിഞ്ഞ വർഷത്തെ അവസാന ഗഡുവും ഈ വർഷത്തെ ഗഡുവും ഉൾപ്പെടെ 1377 കോടിയോളം രൂപ കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്.
സൗജന്യ യൂനിഫോം, പാഠപുസ്തകം ഉൾപ്പെടെയുള്ളവക്കുള്ള തുകയാണ് കേന്ദ്രം തടഞ്ഞത്. രാജ്യത്താകെ 14,500 സ്കൂളുകളെയാണ് 2022-27 വർഷം നടപ്പാക്കുന്ന പി.എം ശ്രീ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്നത്. വിവിധ സംസ്ഥാനങ്ങളിൽ 12,079 സ്കൂളുകൾ പദ്ധതിയുടെ ഭാഗമായി.
കരാറിൽ വ്യക്തത വേണം -മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കരാർ ഒപ്പുവെക്കണമെന്ന് പറയുന്നതിൽ കേന്ദ്രം വ്യക്തത വരുത്തണമെന്ന് മന്ത്രി വി. ശിവൻകുട്ടി. എസ്.എസ്.കെയുടേതുൾപ്പെടെ പദ്ധതികൾക്കുള്ള 1377 കോടി രൂപ കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ടതുണ്ട്. പി.എം ശ്രീ കരാർ ഒപ്പിട്ടാലേ തുക നൽകൂവെന്ന നിലപാടിലാണ് കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസനയമടക്കം നടപ്പാക്കേണ്ടിവരുമോ എന്ന് ആശങ്കയുണ്ട്. ഇതിനെതിരെ നിയമ പോരാട്ടമടക്കം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

