‘മോദി സര്‍ക്കാറിന്‍റെ ദുശാഠ്യത്തിന് വഴങ്ങരുത്, അവകാശങ്ങൾ ചോദിച്ചു വാങ്ങണം’; പി.എം ശ്രീയിൽ ചേരേണ്ടതില്ലെന്ന് സി.പി.ഐ മുഖപത്രം
text_fieldsകോഴിക്കോട്: പി.എം ശ്രീ (പ്രധാനമന്ത്രി സ്കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ) പദ്ധതിയിൽ ചേരേണ്ടതില്ലെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിൽ മുഖപ്രസംഗം. മോദി സര്‍ക്കാറിന്‍റെ ദുശാഠ്യത്തിന് വഴങ്ങരുതെന്നും പി.എം ശ്രീയിൽ ചേരാത്തതിനാൽ എസ്.എസ്.എ ഫണ്ട് തടഞ്ഞുവെക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് വിമര്‍ശനം. പദ്ധതിയിൽ ചേരാതെ അര്‍ഹമായ അവകാശങ്ങള്‍ കണക്കു പറഞ്ഞു വാങ്ങണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. പി.എം ശ്രീയിൽ ചേരാൻ വിദ്യാഭ്യാസ വകുപ്പ് തിടുക്കം കാണിക്കുമ്പോഴാണ് ചേരേണ്ടതില്ലെന്ന നിലപാടിൽ സി.പി.ഐ ഉറച്ചു നിൽക്കുന്നത്.
പി.എം ശ്രീയുടെ ധാരണാപത്രം ഒപ്പുവെക്കാത്തതിന്‍റെ പേരിൽ സമഗ്ര ശിക്ഷ അഭിയാൻ പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ കേന്ദ്രം തടഞ്ഞിരിക്കുകയാണെന്നും ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്‍റെ ഘടകങ്ങളിലൊന്നാണ് പി.എം ശ്രീ പദ്ധതി. എൻ.ഇ.പി നടപ്പാക്കുന്നത് സംബന്ധിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ വിയോജിപ്പ് രാഷ്ട്രീയവും ആശയപരവും പ്രായോഗികവുമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
കേരളമടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങളും മികവും അവഗണിച്ച് ഈ രംഗത്തെ തുടര്‍ വികാസത്തെയും വളര്‍ച്ചയെയും തടയാൻ മാത്രമേ മോദി സര്‍ക്കാരിന്‍റെ ദുശാഠ്യത്തിന് കഴിയുകയുള്ളു. അത്തരം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ അര്‍ഹമായ അവകാശങ്ങള്‍ കണക്കുപറഞ്ഞ് വാങ്ങാൻ രാജ്യത്തിന്‍റെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും സംസ്ഥാനങ്ങള്‍ക്ക് അവസരം ഉറപ്പുനൽകുന്നുണ്ടെന്ന് പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.