'തുടർഭരണത്തിൽ കീഴ്വഴക്കങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു, കേന്ദ്ര വിഹിതം ലഭിച്ചാൽ മാത്രമേ ആനുകൂല്യങ്ങൾ അനുവദിക്കൂവെന്നത് അംഗീകരിക്കാനാകില്ല'; സർക്കാറിനെ വിമർശിച്ച് സി.പി.ഐ മുഖപത്രം
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വേതനാനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ കേന്ദ്ര സർക്കാറിനൊപ്പം സംസ്ഥാന സർക്കാറിനെയും രൂക്ഷമായി വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം.
കേന്ദ്ര വിഹിതം ലഭിച്ചാൽ മാത്രമേ ജീവനക്കാരുടെ ആനുകൂല്യങ്ങൾ അനുവദിക്കാൻ സാധിക്കൂവെന്ന വാദഗതി അംഗീകരിക്കാൻ കഴിയില്ലെന്നും തുടർഭരണത്തിൽ കീഴ്വഴക്കങ്ങളെല്ലാം സർക്കാർ അപ്പാടെ അട്ടിറിക്കപ്പെട്ടുവെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
2024 ജൂലൈ ഒന്നാണ് 12ാം ശമ്പള പരിഷ്കരണത്തിന്റെ പ്രാബല്യതീയതി. എന്നാൽ, ശമ്പള പരിഷ്കരണ കമീഷനെ നിയമിക്കാൻ പോലും സർക്കാർ തയാറായിട്ടില്ല. കേന്ദ്രവിഹിതത്തിൽ വന്ന വലിയ കുറവാണ് ഇതിന് കാരണമെന്ന് ഒരു പരിധിവരെ അംഗീകരിക്കാമെങ്കിലും നികുതിയിലൂടെ വരുമാന വർധനവ് ഉണ്ടായ സാഹചര്യത്തിൽ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ അനുവദിക്കാതിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ലേഖനത്തിൽ പറയുന്നു.
മഹാപ്രളയം ഉൾപ്പെടെയുള്ള പ്രതിസന്ധികളെ തുടർന്ന് സാമ്പത്തികമായി തകർന്ന കാലഘട്ടത്തിൽ പോലും ജീവനക്കാരുടെ പ്രശ്നങ്ങളിൽ അനുകൂല സമീപനം കൈകൊണ്ട സർക്കാർ തുടർഭരണത്തിൽ കീഴ്വഴക്കങ്ങളെ അപ്പാടെ അട്ടിമറിക്കപ്പെട്ടുവെന്നും കുറ്റപ്പെടുത്തുന്നു.
ജീവനക്കാരുടെ ജീവിതാവസ്ഥ ഉൾക്കൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയിൽ ചട്ടം 300 പ്രകാരം ആനുകൂല്യങ്ങൾ ഉറപ്പാക്കികൊണ്ട് പ്രഖ്യാപനം നടത്തിയത്. എന്നാൽ, തുടർ ഉത്തരവ് പുറപ്പെടുവിക്കാനോ നടപടികൾ സ്വീകരിക്കാനോ ധനകാര്യ വകുപ്പിന് കഴിഞ്ഞില്ലെന്നും മുഖപത്രത്തിലെ ലേഖത്തിൽ കുറ്റപ്പെടുത്തുന്നു.
ഡി.എ കുടിശ്ശികയടക്കം ആനുകൂല്യങ്ങൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച സി.പി.ഐ അനുകൂല സർവിസ് സംഘടനകളും പ്രതിപക്ഷ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

