'ബി.ജെ.പി ജനപ്രതിനിധിയില്ലാത്തതിന്റെ പോരായ്മ നികത്താന്‍ രാജ്ഭവനെ ഉപയോഗിക്കുന്നു'; ഗവർണർക്കെതിരെ സി.പി.ഐ മുഖപത്രം
text_fieldsകോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം. ഗവർണർ ഓർഡിനൻസിൽ ഒപ്പിടാതെ രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. കേരളത്തില്‍ ബി.ജെ.പിക്ക് ജനപ്രതിനിധികളില്ലാത്തതിന്റെ പോരായ്മ നികത്തുവാന്‍ രാജ്ഭവനെയും ഗവര്‍ണര്‍ എന്ന അനാവശ്യ പദവിയെയും ഉപയോഗിക്കുകയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ഭരണഘടനാപരമായ പദവിയാണെങ്കിലും അതിന് ഒട്ടേറെ പരിമിതികളുണ്ടെന്ന് മനസിലാക്കാതെ ജനകീയ സര്‍ക്കാരിനെതിരെ വടിയെടുക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ ആരിഫ് മുഹമ്മദ്ഖാനെന്ന ഗവര്‍ണര്‍ക്കുതന്നെ പല തവണയുണ്ടായിട്ടുണ്ട്. മറ്റ് പല സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും ഇതേ അനുഭവമാണുണ്ടായിരുന്നതും. എന്നിട്ടും രാഷ്ട്രീയക്കളി തുടരുകയാണ് അദ്ദേഹം. കേരളത്തില്‍ ബി.ജെ.പിക്ക് ജനപ്രതിനിധികളില്ലാത്തതിന്റെ പോരായ്മ നികത്തുവാന്‍ രാജ്ഭവനെയും ഗവര്‍ണര്‍ എന്ന അനാവശ്യ പദവിയെയും ഉപയോഗിക്കുകയാണ് അദ്ദേഹം.
ഭരണപ്രതിസന്ധിയാണ് അദ്ദേഹം ലക്ഷ്യംവെക്കുന്നതെങ്കിലും അതിനു സാധ്യമല്ലെന്നതിനാല്‍ ഭരണ നിര്‍വഹണത്തില്‍ തടസങ്ങള്‍ സൃഷ്ടിക്കുവാനാണ് ശ്രമിക്കുന്നതെന്നുവേണം ഒടുവിലത്തെ അദ്ദേഹത്തിന്റെ നിലപാടില്‍ നിന്ന് ഉറപ്പിക്കേണ്ടത്. യഥാസമയം ഒപ്പിടാത്തതിനാല്‍ 11 ഓര്‍ഡിനന്‍സുകളാണ് കഴിഞ്ഞ ദിവസം അസാധുവായത്. കണ്ണുംപൂട്ടി ഒപ്പിടില്ലെന്നാണ് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. അവിടെയാണ് അദ്ദേഹം രാഷ്ട്രീയക്കളി നടത്തുന്നതെന്ന സംശയം ബലപ്പെടുന്നത്. കാരണം ഈ ഓര്‍ഡിനന്‍സുകളില്‍ ഭൂരിപക്ഷവും നേരത്തെ ഗവര്‍ണര്‍ അംഗീകരിച്ചവയാണ്.
ചില ഓര്‍ഡിനന്‍സുകള്‍ മന്ത്രിസഭ അംഗീകരിച്ച് സമര്‍പ്പിച്ചപ്പോള്‍ ഒപ്പിടില്ലെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും രണ്ടാമതും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഒപ്പിട്ടുനല്കണമെന്ന അധികാരമേ ഗവര്‍ണര്‍ക്കുള്ളൂ എന്നതിനാല്‍ അദ്ദേഹത്തിന് തന്റെ നിലപാട് മാറ്റേണ്ടി വരികയായിരുന്നു. അതുകൊണ്ട് ഇത്തവണ ഒപ്പിടേണ്ട സമയത്തിന് മുമ്പ് അതുചെയ്യാതെ അസാധുവാക്കുകയെന്ന നികൃഷ്ട മാര്‍ഗമാണ് സ്വീകരിച്ചത്. ഇതില്‍ നിന്നും വ്യക്തമായ രാഷ്ട്രീയം കളിക്കുകയാണ് ഗവര്‍ണറെന്ന് പകല്‍ പോലെ വ്യക്തമാകുന്നു. മാത്രവുമല്ല ഗവര്‍ണര്‍ പദവി പാഴാണെന്ന നിലപാട് ഒരിക്കല്‍കൂടി ശരിയാണെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതായും മുഖപ്രസംഗം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

