ആൻറണി; വസന്തത്തിന്റെ ഇടിമുഴക്കം സ്വപ്നംകണ്ട വിപ്ലവകാരി
text_fieldsചെറുതോണി (ഇടുക്കി): ഇന്ത്യൻ ചക്രവാളങ്ങളിൽ വസന്തത്തിെൻറ ഇടിമുഴക്കം സ്വപ്നംകണ്ടിരുന്നവരിൽ അവശേഷിക്കുന്ന ഒരു കണ്ണികൂടിയാണ് ആൻറണി പള്ളിക്കരയുടെ മരണത്തോടെ കഥാവശേഷമായത്.
യൗവനകാലത്ത് വർഗീസ്, കുന്നിക്കൽ നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ജന്മി മുതലാളിത്തത്തിനെതിരെ രൂപംകൊണ്ട നക്സൈലറ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി കെ. വേണു, കെ.എൻ. രാമചന്ദ്രൻ എന്നിവരോടൊപ്പം ചേർന്ന ആൻറണി, എറണാകുളം, മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിൽ നക്സൈലറ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് നിരോധിച്ച സിവിക് ചന്ദ്രെൻറ ചെന്നായ്ക്കൾ എന്ന നാടകം എറണാകുളത്ത് അവതരിപ്പിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞതാണ് ആൻറണിയുടെ ജീവിതത്തിലെ അവിസ്മരണീയ സംഭവം. നൂറുകണക്കിന് പ്രവർത്തകർ രംഗത്തുവന്നതോടെ പൊലീസുമായി സംഘർഷമായി. ഇത് ലാത്തിച്ചാർജിലാണ് അവസാനിച്ചത്. ലാത്തിച്ചാർജിനെ തുടർന്ന് ചിതറിയോടിയ പ്രവർത്തകരിൽ ഇദ്ദേഹവുമുണ്ടായിരുന്നു. അന്ന് കടലിലേക്ക് എടുത്തുചാടിയ ആൻറണി മരിച്ചുകാണുമെന്നാണ് പ്രവർത്തകരും പൊലീസും കരുതിയത്.
എന്നാൽ, പൊലീസിെൻറ കണ്ണുവെട്ടിച്ച് അദ്ഭുതകരമായി രക്ഷപ്പെട്ട് കരയിലെത്തി. 1991ൽ കെ. വേണു സി.പി.എം- എൽ പിരിച്ചുവിട്ടതോടെ സജീവ രാഷ്ട്രീയത്തിൽനിന്ന് പിന്മാറി. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ചേലച്ചുവട്ടിൽ താമസമാരംഭിച്ച ഇദ്ദേഹം സ്വന്തമായി ചെരിപ്പ് തുന്നിവിൽക്കുന്ന കട ചെറുതോണിയിൽ തുടങ്ങിയാണ് പുതിയ ജീവിതത്തിന് തുടക്കമിട്ടത്. സജീവ രാഷ്ട്രീയം വിട്ടെങ്കിലും ഇടുക്കിയിൽ വന്ന ശേഷം മുൻ എം.എൽ.എ സുലൈമാൻ റാവുത്തറുമായുള്ള അടുപ്പം കാരണം കുറച്ചുകാലം ജനതാദളിൽ പ്രവർത്തിക്കുന്നതിന് കാരണമായിരുന്നു.
കുറേ വർഷങ്ങളായി രാഷ്ട്രീയം തീർത്തും വിട്ട് കടയിൽ മാത്രമായി ഒതുങ്ങിയിരിക്കെയാണ് മരണം. ഇദ്ദേഹത്തിെൻറ മകെൻറ ഭാര്യ റാണി കോൺഗ്രസ് പാനലിൽ പഞ്ചായത്തിലേക്ക് മത്സരിച്ചപ്പോൾ പൂർണ പിന്തുണ നൽകാനും ഇദ്ദേഹം തയാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
