പി.കെ. ശശി കമ്യൂണിസ്റ്റല്ലെന്ന് സി.പി.ഐ നേതാവ്; വന്നാൽ പരിഗണിക്കുമെന്ന് യൂത്ത് കോൺഗ്രസ്
text_fieldsമണ്ണാർക്കാട്: കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശിയുടെ പ്രസ്താവനയെത്തുടർന്നുള്ള ആരോപണ-പ്രത്യാരോപണങ്ങൾ കത്തിപ്പടരുന്നു. മണ്ണാർക്കാട് നഗരസഭയിലെ അഴിമതി സംബന്ധിച്ച് പി.കെ. ശശിയും സി.പി.എം നിലപാടും തമ്മിലുള്ള ഭിന്നതയാണ് പ്രകടനവും വെല്ലുവിളിയുമെല്ലാമായി വിവാദം കൊഴുപ്പിക്കുന്നത്. പി.കെ. ശശി ആത്യന്തികമായി കമ്യൂണിസ്റ്റല്ലെന്ന് സി.പി.ഐ പാലക്കാട് ജില്ല അസിസ്റ്റന്റ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ അഭിപ്രായപ്പെട്ടു.
ശശി കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രമോട്ടറാണ്. ഇത് സി.പി.ഐ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നതാണ്. സി.പി.എമ്മിന് ഇപ്പോഴാണ് മനസ്സിലാകാൻ തുടങ്ങിയതെന്നും കഴിഞ്ഞ കാലങ്ങളിൽ മണ്ണാർക്കാട്ട് ഇടതുമുന്നണി പരാജയപ്പെടാൻ കാരണം ശശിയുടെ നിലപാടുകളാണെന്നും അരിയൂർ ബാങ്ക് തട്ടിപ്പിൽ പി.കെ. ശശിക്ക് പങ്കുണ്ടെന്നും മണികണ്ഠൻ ആരോപിച്ചു.
അതേസമയം, പി.കെ. ശശി ശക്തനായ കാലത്ത് അദ്ദേഹത്തെ അനുകരിക്കുകയും അദ്ദേഹത്തെ മംഗലശ്ശേരി നീലകണ്ഠനാക്കുകയും ചെയ്തവർ ഇന്ന് അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ എന്തിന് ഭയക്കണമെന്ന് ചോദിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ പാലക്കുറുശ്ശി രംഗത്തെത്തി. തെറ്റുകൾ തിരുത്തി അദ്ദേഹം കോൺഗ്രസിലേക്കു വന്നാൽ അത് പരിഗണിക്കുമെന്നും അരുൺ പറഞ്ഞു.
കൈയും വെട്ടും കാലും വെട്ടുമെന്ന പി.കെ. ശശിക്കെതിരായ മുദ്രാവാക്യത്തെ പരിഹസിച്ച് നടൻ ഹരീഷ് പേരടി രംഗത്തുവന്നു. എ.ഐ കാലത്തും മുപ്പത് വർഷം മുമ്പുള്ള സ്വപ്നമാണ് ഇവരുടെ തലച്ചോറിലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മണ്ണാർക്കാട്ട് നടന്ന സി.പി.എം പ്രകടനത്തിൽ പാർട്ടിക്കെതിരെ വന്നാൽ കൈയും കാലും വെട്ടുമെന്ന മുദ്രാവാക്യം ഉയർന്നിരുന്നു. അതേസമയം, പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം പാർട്ടി എഴുതി നൽകിയതല്ലെന്ന് സി.പി.എം ഏരിയ സെക്രട്ടറി നാരായണൻകുട്ടി പറഞ്ഞു. അവ ശ്രദ്ധയിൽപെട്ടിട്ടില്ല. പ്രവർത്തകർ വൈകാരികമായി വിളിച്ചതാകാമെന്നും മണ്ണാർക്കാട്ടെ പാർട്ടിയിൽ ഒരു പ്രശ്നവുമില്ലെന്നും പി.കെ. ശശി പാർട്ടിയുടെ ഭാഗമാണെന്നും അദ്ദേഹം ചാനലുകളോട് പറഞ്ഞു.
അതിനിടെ, സി.പി.എം ഓഫിസിനുനേരെ എറിയാനുള്ള പടക്കം വാങ്ങി നൽകിയത് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളാണെന്ന് പടക്കമെറിഞ്ഞ സംഭവത്തിലെ പ്രതി അഷ്റഫ് പറഞ്ഞു. എന്നാൽ, അഷ്റഫിന്റെ ആരോപണത്തെ സി.പി.എം ലോക്കൽ സെക്രട്ടറി കെ. മൻസൂറും, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടവും തള്ളി. കൈയോടെ പിടികൂടിയപ്പോള്‍ അഷ്റഫ് അസംബന്ധം വിളിച്ചുപറയുകയാണെന്ന് അവർ പറഞ്ഞു. അഷ്റഫ് മുമ്പ് പാര്‍ട്ടി അനുഭാവിയായിരുന്നു. പിന്നീട് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞെന്നും ഇരുവരും പറഞ്ഞു.
ഒരു കമ്യൂണിസ്റ്റുകാരനും കോണ്‍ഗ്രസില്‍ പോവില്ല -എൻ.എൻ. കൃഷ്ണദാസ്
പാലക്കാട്: പി.കെ. ശശിക്കെതിരെ മണ്ണാർക്കാട്ട് നടന്ന പ്രകടനത്തെ തള്ളി മുതിര്‍ന്ന സി.പി.എം നേതാവ് എന്‍.എന്‍. കൃഷ്ണദാസ് രംഗത്ത്. പാര്‍ട്ടിയിലെ പ്രശ്നങ്ങളും പരാതികളും തെരുവിലല്ല പരിഹരിക്കുകയെന്നും പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മണ്ണാര്‍ക്കാട്ടെ പ്രശ്നം നേതൃത്വം പരിശോധിക്കും. പി.കെ. ശശി എന്നല്ല, ഒരു കമ്യൂണിസ്റ്റുകാരനും കോണ്‍ഗ്രസില്‍ പോവില്ല. ഒരു കമ്യൂണിസ്റ്റിനെയും വലതുപക്ഷമാക്കാന് പറ്റില്ല. ഒരു ദിവസംകൊണ്ട് ആരും കമ്യൂണിസ്റ്റാകാറുമില്ല. സി.പി.എമ്മിനു വേണ്ടാത്തത് ഫ്യൂഡല്‍ കോര്‍പറേറ്റ് മുതലാളിമാരെയും കൊള്ളക്കാരെയും ജനങ്ങളെ ദ്രോഹിക്കുന്നവരെയുമാണ്. അവരെ വേണമെങ്കില്‍ കോണ്‍ഗ്രസ് എടുത്തോട്ടെയെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ ഇതിനകം സി.പി.എമ്മിലെത്തി. പി. സരിനും എ.കെ. ഷാനിബും മോഹന്കുമാറുമെല്ലാം ഉപേക്ഷിച്ച ഖദര്കുപ്പായങ്ങള് പാലക്കാട്ടെ ഡി.സി.സി ഓഫിസിലുണ്ട്. അത് ധരിക്കാന്‍ ആളെ തിരഞ്ഞ് ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ആ ഖദര്‍ കമ്യൂണിസ്റ്റുകാരെ ധരിപ്പിക്കാൻ നോക്കണ്ട. തൃത്താലയിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിയാണ്. അതിൽ ഒരാൾ സി.പി.എമ്മിലേക്ക് വരാൻ ചർച്ച നടത്തുന്നുണ്ട്. ഇത്തരത്തിൽ നിരവധി പേർ സി.പി.എമ്മിലേക്ക് വരുമെന്നും എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

