സോളാർ ആഘാതമേറ്റവർ എൽ.ഡി.എഫിലേക്ക് വരേണ്ടെന്ന് പന്ന്യൻ
text_fieldsതിരുവനന്തപുരം: കെ.എം മാണിയുടെ ഇടതു മുന്നണി പ്രവേശന വിഷയത്തിൽ സി.പി.എമ്മിന് ചുട്ടമറുപടിയുമായി സി.പി.ഐ രംഗത്ത്. ഇടതു മുന്നണിയിലേക്ക് ഒളിഞ്ഞ് എത്താമെന്ന് ആരും കരുതേണ്ടെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
യു.ഡി.എഫിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും പറ്റിയിട്ട് ആരും എൽ.ഡി.എഫിലേക്ക് വരേണ്ട. മുന്നണി വിപുലീകരണ വിഷയത്തിൽ ഒരു പാർട്ടിക്ക് മാത്രം തീരുമാനം എടുക്കാനാവില്ലെന്നും പന്ന്യൻ രവീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
സോളാറിന്റെ മുഴുവൻ ആഘാതവുമേറ്റ ആളുകളാണ് എൽ.ഡി.എഫിലേക്ക് വരാൻ ശ്രമിക്കുന്നത്. അധികാരം വരുമ്പോൾ കയറി വരുന്ന നിരവധി ആളുകളുണ്ട്. അത്തരക്കാർക്ക് ഇടതു മുന്നണിയിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു പാർട്ടിയുടെ എൽ.ഡി.എഫ് പ്രവേശനം പറയാൻ സി.പി.ഐക്ക് പറ്റുമോ എന്ന് ചിലർ ചോദിക്കുന്നു. ആരെങ്കിലും ഒരാൾ പറഞ്ഞാൽ മുന്നണിയിൽ എടുക്കാൻ കഴിയില്ലെന്ന് ആരും മറക്കരുതെന്ന് പന്ന്യൻ ചൂണ്ടിക്കാട്ടി.
