ജോയന്‍റ് കൗൺസിലിനെ വാലായി മാറ്റാൻ സി.പി.ഐക്ക് താൽപര്യമില്ല -ബിനോയ് വിശ്വം
text_fieldsജോയന്റ് കൗൺസിൽ സംസ്ഥാന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: അവകാശ പോരാട്ടങ്ങളോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും നടത്തുന്നെന്നതാണ് ജോയന്റ് കൗൺസിലിനെ വ്യത്യസ്തമാക്കുന്നതെന്നും സംഘടനയെ വാലായി മാറ്റാൻ സി.പി.ഐക്ക് താൽപര്യമില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജോയന്റ് കൗൺസിൽ 56ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിരഹിത സിവിൽ സർവിസെന്നതാണ് സംഘടനയുടെ മുഖമുദ്ര. ഭീകരവിരുദ്ധ പോരാട്ടങ്ങൾക്ക് ജാതിയുടേയും മതത്തിന്റേയും നിറം നൽകി രാഷ്ട്രീയ മുതലെടുപ്പിനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. വെടിനിർത്തൽ കരാർ സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് നടത്തിയ അവകാശവാദത്തോട് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കാത്തത് അപമാനകരമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ജോയന്റ് കൗൺസിൽ ചെയർമാൻ കെ.പി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആർ. അനിൽ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി. ചാമുണ്ണി, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ് മോൻ, അധ്യാപക സർവിസ് സംഘടന സമരസമിതി ചെയർമാൻ ഒ.കെ ജയകൃഷ്ണൻ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി. കബീർ എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ജനറൽ കൺവീനർ കെ. മുകുന്ദൻ സ്വാഗതവും പാലക്കാട് ജില്ല പ്രസിഡന്റ് അംജദ്ഖാൻ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്ങൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചെലവ് കണക്ക് സംസ്ഥാന ട്രഷറർ പി.എസ്. സന്തോഷ് കുമാറും സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ ബൈലൊ ഭേദഗതിയും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

