സി.പി.ഐ പൊലീസ് വേട്ടയുടെ ഇര -സി.പി. ജോണ്‍
text_fieldsകോഴിക്കോട്: തൃശൂർ പൂരത്തിലെ പൊലീസ് വേട്ടയുടെ ഇരയാണ് സി.പി.ഐയെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍. ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിന് നല്ലരീതിയിൽ പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നു. ആവശ്യമില്ലാതെയാണ് പൂരത്തിനിടെ പൊലീസ് പ്രശ്നങ്ങളുണ്ടാക്കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാറാണ് ഒന്നാംപ്രതിയെന്നും കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ഇലക്ഷന് എക്സ്ചേഞ്ച്’ മുഖാമുഖത്തിൽ സി.പി. ജോണ്‍ പറഞ്ഞു. സുരേഷ് ഗോപിക്ക് പ്രത്യക്ഷപ്പെടാനുള്ള രംഗം സൃഷ്ടിക്കുകയായിരുന്നു പൊലീസ്.
ബി.ജെ.പിക്ക് വഴിയൊരുക്കുന്ന പ്രവര്‍ത്തനം നടത്തിയത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണോയെന്ന് സംശയിക്കണം. ഹെഡ്കോണ്‍സ്റ്റബിളിന്റെ ബുദ്ധിപോലുമില്ലാതെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്.
വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഒന്നും പറയുന്നില്ല. ബി.ജെ.പിക്ക് അങ്കലാപ്പ് കൂടിവരുന്നതിന്റെ ലക്ഷണമാണ് തുടരെയുള്ള തീവ്രവര്‍ഗീയ പ്രചാരണം. രാജസ്ഥാനിൽ മോദി നടത്തിയ വിദ്വേഷ പ്രസംഗം അംഗീകരിക്കുന്നുണ്ടോ, ഇല്ലയോ എന്ന് കേരളത്തില്‍ മത്സരിക്കുന്ന എന്‍.ഡി.എയുടെ 20 സ്ഥാനാര്‍ഥികളും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.എം.പി സംസ്ഥാന സെക്രട്ടറി സി.എന്‍. വിജയകൃഷ്ണന് പങ്കെടുത്തു. പ്രസ്ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. രാകേഷ് സ്വാഗതം പറഞ്ഞു.

