Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.സി. മുകുന്ദനെ...

സി.സി. മുകുന്ദനെ പുറത്താക്കി സി.പി.ഐ; നടപടി പ്രതീക്ഷിച്ചതെന്ന് എം.എൽ.എ

text_fields
bookmark_border
സി.സി. മുകുന്ദനെ പുറത്താക്കി സി.പി.ഐ; നടപടി പ്രതീക്ഷിച്ചതെന്ന് എം.എൽ.എ
cancel

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനു പിന്നാലെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പറഞ്ഞ് പാർട്ടിയെ പ്രതിരോധത്തിലാക്കിയ നാട്ടിക എം.എല്‍.എ സി.സി. മുകുന്ദനെ സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി.

അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി പാർട്ടിയുടെ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. നിരന്തരം അച്ചടക്കം ലംഘിച്ച് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് നടപടിയെന്ന് സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.എം. കിഷോര്‍കുമാര്‍ അറിയിച്ചു. കഴിഞ്ഞ സമ്മേളനകാലത്ത് അച്ചടക്കനടപടിയുടെ ഭാഗമായി ഇദ്ദേഹത്തെ ജില്ല എക്‌സിക്യൂട്ടീവില്‍നിന്ന് നാട്ടിക മണ്ഡലം കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. യു.ഡി.എഫ് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുമെന്ന പരസ്യനിലപാട് സ്വീകരിച്ചതിലൂടെ ഗുരുതരമായ കടുത്ത അച്ചടക്കലംഘനമാണ് സി.സി മുകുന്ദൻ നടത്തിയത്. പുറത്താക്കൽ നടപടി തൃശൂര്‍ ജില്ല കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണെന്നും പ്രസ്താവനയിൽ അറിയിച്ചു.

യോഗത്തില്‍ എം.വി. സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ. വി.എസ് സുനില്‍കുമാര്‍, ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദന്‍, അസി. സെക്രട്ടറി അഡ്വ. ടി.ആര്‍. രമേഷ്‌കുമാര്‍, ജില്ല എക്‌സിക്യുട്ടീവ് അംഗങ്ങളായ ഷീന പറയങ്ങാട്ടില്‍, കെ.പി. സന്ദീപ് എന്നിവര്‍ പങ്കെടുത്തു. പാർട്ടി നടപടി പ്രതീക്ഷിച്ചതാണെന്ന് മുകുന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ തഴഞ്ഞ് ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതിൽ രോഷാകുലനായ മുകുന്ദൻ പാർട്ടിയിൽനിന്ന് രാജിവെച്ചെന്ന് പറഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്നറിയിച്ച് രംഗത്തുവരികയായിരുന്നു.

ഗീതാ ഗോപിയെയും പാർട്ടിയെയും മുകുന്ദൻ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷം നാട്ടികയിൽ നടപ്പാക്കിയ വികസനനേട്ടങ്ങൾ മുൻനിർത്തി വീണ്ടും മത്സരിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം വരെ മുകുന്ദൻ കരുതിയിരുന്നത്. എന്നാൽ, ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതാണ് മുകുന്ദനെ ഞെട്ടിച്ചത്. പിന്നാലെ കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഫോണിൽ ബന്ധപ്പെട്ടു. സ്വതന്ത്രനായി മത്സരിച്ചാൽ യു.ഡി.എഫ് പിന്തുണക്കാമെന്നാണ് ഇരുവരും അറിയിച്ചത്. സാമ്പത്തികമുള്ളവരെ തെരഞ്ഞുപിടിച്ചാണ് പാർട്ടി മത്സരിപ്പിക്കുന്നതെന്ന് മുകുന്ദൻ ആരോപിച്ചു.

മകൾക്ക് വിവാഹ സമ്മാനമായി 225 പവൻ സ്വർണം നൽകിയവരെയാണ് പാർട്ടിക്ക് വേണ്ടത്. ഒരു തവണ മാത്രം മത്സരിപ്പിച്ച് വൻ ഭൂരിപക്ഷം നേടി എം.എൽ.എയായി നാളിതുവരെയായി കാണാത്ത വികസനം നടത്തിയ പാവപ്പെട്ട തന്നെ രണ്ടാമതും മത്സരിപ്പിക്കാൻ പാർട്ടി തയാറാകുന്നില്ല. നേതാക്കളായ രണ്ട് പേരാണ് സീറ്റ് നിഷേധിക്കാൻ കാരണമായതെന്നും മുകുന്ദൻ പറഞ്ഞിരുന്നു.

അതേസമയം, സി.സി. മുകുന്ദനെ നാട്ടികയിൽ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയാക്കുന്നതിനെതിരെ കോൺഗ്രസിൽ പടയൊരുക്കം. കോൺഗ്രസ് താന്ന്യം മണ്ഡലം പ്രസിഡൻറ് ആന്റോ തൊറയൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായ ഷൈൻ നാട്ടിക എന്നിവരാണ് വിയോജിപ്പുമായി രംഗത്തെത്തിയത്.

സി.പി.ഐ വിട്ട് വരുന്ന ‘മാലിന്യ’ങ്ങളെ കോൺഗ്രസിന് ആവശ്യമില്ലെന്ന് ആന്റോ തൊറയൻ പറഞ്ഞു. മുകുന്ദനെ സ്ഥാനാർഥിയാക്കുന്നതിനെ താന്ന്യം മണ്ഡലത്തിലെ 19 വാർഡ് പ്രസിഡൻറുമാരും അംഗീകരിക്കുന്നില്ല. നാട്ടിക തിരിച്ചുപിടിക്കാൻ യു.ഡി.എഫിന് മുകുന്ദന്റെ ആവശ്യമില്ല. എന്നാൽ, പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർഥിത്വം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എയായിരുന്ന ഘട്ടത്തിൽ ഗീത ഗോപിയേയും സി.സി. മുകുന്ദനേയും കോൺഗ്രസ് ബഹിഷ്കരിച്ചിരുന്നതാണെന്നും മുകുന്ദനെ സ്ഥാനാർഥിയാക്കരുതെന്നും ഷൈൻ നാട്ടിക പറഞ്ഞു.

രണ്ട് എം.എൽ.എമാരും കാര്യമായ ഒരു വികസനവും നാട്ടികയിൽ കൊണ്ടുവന്നിട്ടില്ല. പട്ടികജാതി സംവരണമായ നാട്ടികയിൽ യു.ഡി.എഫ് സ്ഥാനാർഥിയാകാൻ കോൺഗ്രസ് നേതാക്കൾ ഏറെയുണ്ട്- ഷൈൻ പറഞ്ഞു. അഞ്ച് വർഷമായി മണ്ഡലത്തിൽ സജീവമായി രംഗത്തുള്ള നേതാക്കളെ തഴഞ്ഞ് മുകുന്ദനെ സ്ഥാനാർഥിയാക്കുന്നതാണ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPICC Mukundan
News Summary - CPI expels C.C. Mukundan; MLA says action was expected
Next Story