സി.പി.ഐ എറണാകുളം ജില്ല എക്സിക്യൂട്ടിവും കാനം വിഭാഗം പിടിച്ചു
text_fieldsകൊച്ചി: വിഭാഗീയതയിൽ ഉലയുന്ന എറണാകുളം ജില്ല സി.പി.ഐയിൽ കാനം വിഭാഗത്തിന്‍റെ ആധിപത്യം പൂർത്തിയായി. കഴിഞ്ഞ ഒക്ടോബറിൽ നടന്ന ജില്ല സമ്മേളനത്തിൽ ജില്ല കൗൺസിൽ പൂർണമായി കൈപ്പിടിയിലൊതുക്കിയ കാനം വിഭാഗം ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റിയും പിടിച്ചെടുത്തു. 17 അംഗ എക്സിക്യൂട്ടിവിൽ 13 പേരും കാനം വിഭാഗക്കാരാണ്.
എതിർ വിഭാഗത്തിൽപെട്ട നാലുപേരെ സമവായത്തിന്‍റെ ഭാഗമായി ഉൾപ്പെടുത്തി. മുൻ എക്സിക്യൂട്ടിവ് കമ്മിറ്റിയിലെ മുഴുവൻ പേരും കാനം വിരുദ്ധ പക്ഷക്കാരായിരുന്നു. ജില്ല അസിസ്റ്റന്റ് സെക്രട്ടറിമാരായി മുൻ എം.എൽ.എ എൽദോ എബ്രഹാം, ശാന്തമ്മ പയസ് എന്നിവരെയും ട്രഷററായി ഇ.കെ. ശിവനെയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ സാന്നിധ്യത്തിലായിരുന്നു യോഗം.
എക്സിക്യൂട്ടിവ് അംഗങ്ങളായി കെ.എം. ദിനകരൻ, ഇ.കെ. ശിവൻ, എൻ. അരുൺ, ടി. രഘുവരൻ, എൽദോ എബ്രഹാം, പി. രാജു, കെ.എൻ. സുഗതൻ, ശാന്തമ്മ പയസ്, എം.ടി. നിക്‌സൺ, കെ.എൻ. ഗോപി, മോളി വർഗീസ്, എം.എം. ജോർജ്, ടി.കെ. ഷബീബ്, രാജേഷ് കാവുങ്കൽ, കെ.എ. നവാസ്, ഡിവിൻ കെ. ദിനകരൻ, താര ദിലീപ് എന്നിവരെ തെരഞ്ഞെടുത്തു.
ഇതിൽ മുൻ ജില്ല സെക്രട്ടറി പി. രാജു, അസി. സെക്രട്ടറി കെ.എൻ. സുഗതൻ, എം.ടി. നിക്‌സൺ, കെ.എൻ. ഗോപി എന്നിവരാണ് കാനം വിരുദ്ധ പക്ഷക്കാർ. എസ്. ശ്രീകുമാരി, സഞ്ജിത് എന്നിവരടക്കം പ്രമുഖർ തഴയപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷം പേരും പുതുമുഖങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.