സി.പി.ഐ അയഞ്ഞു; ലോകായുക്തക്ക് മുകളിൽ സ്വതന്ത്ര അപ്പലേറ്റ് അതോറിറ്റി
text_fieldsതിരുവനന്തപുരം: ലോകായുക്ത ഭേദഗതി നിയമത്തിൽ സി.പി.ഐ നേതൃത്വം കടുംപിടിത്തം ഉപേക്ഷിച്ച് സി.പി.എമ്മുമായി സമവായത്തിലേക്ക്. ഞായറാഴ്ച ചേർന്ന സി.പി.ഐ സംസ്ഥാന നിർവാഹക സമിതിയിലാണ് നിർണായക തീരുമാനം. തുടർന്ന് സി.പി.എം-സി.പി.ഐ നേതൃത്വങ്ങൾ തമ്മിൽ നടന്ന ചർച്ചയിൽ ധാരണയിലെത്തിയതായാണ് സൂചന. ബുധനാഴ്ചയാവും ലോകായുക്ത ഭേദഗതി നിയമം സഭയിൽ സർക്കാർ അവതരിപ്പിക്കുക.
ലോകായുക്തയുടെ പരമാധികാരം എടുത്തുകളയുന്ന 14 ാം വകുപ്പിലായിരുന്നു സി.പി.ഐയുടെ എതിർപ്പ്. ലോകായുക്തയുടെ വിധി മുഖ്യമന്ത്രിക്കോ സർക്കാറിനോ ഗവർണർക്കോ തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന ഭേദഗതിയാണ് ഓർഡിനൻസിന്റെ തുടർച്ചയായി സർക്കാർ കൊണ്ടുവരുന്നത്. ഇത് അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സി.പി.ഐ.
സർക്കാർ നിർദേശിക്കുന്ന ഭേദഗതിക്ക് പകരം സ്വതന്ത്ര അധികാരമുള്ള അപ്പലേറ്റ് അതോറിറ്റിയെ ലോകായുക്തക്ക് മുകളിൽ നിയമിക്കണമെന്ന നിർദേശമാണ് കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി. രാജീവ് എന്നിവരുമായുള്ള ചർച്ചയിൽ മുന്നോട്ട് വെച്ചത്. സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഭരണപക്ഷ പ്രതിനിധി, നിയമ വിദഗ്ധർ എന്നിവരടങ്ങുന്നതാവാം അതോറിറ്റി. നിയമസഭയിൽ എങ്ങനെ അവതരിപ്പിക്കണമെന്നതും തിരുത്തലും വരുംദിവസം ധാരണയാവും.
വിഷയത്തിൽ സി.പി.ഐക്ക് ലഭിച്ച നിയമോപദേശവും കടുംപിടിത്തത്തിലൂടെ സർക്കാറിനെ വിഷമവൃത്തത്തിലാക്കരുതെന്ന നിലപാടുമാണ് സമവായ പാതയൊരുക്കിയത്. ലോകായുക്തയെ അന്വേഷണ ഏജൻസിയായാണ് സുപ്രീംകോടതി പോലും വ്യാഖ്യാനിക്കുന്നത്. മറ്റൊരു അന്വേഷണ ഏജൻസിക്കും ഇല്ലാത്ത അധികാരമാണ് ഉള്ളതെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു. ലോകായുക്തയുടെ നിരീക്ഷണം എതിരായാൽ പൊതുപ്രവർത്തകർ വഹിക്കുന്ന പദവി രാജിവെക്കണം.
അഴിമതി നടത്തിയെന്ന് ആരോപണം വന്നാൽ തെറ്റാണെന്ന് ആരോപണ വിധേയർക്ക് തെളിയിക്കാൻ വ്യവസ്ഥയില്ല. മറ്റു സംസ്ഥാനങ്ങളിലെ ലോകായുക്തക്കൊന്നും കേരളത്തിലേതിന് സമാനമായ അധികാരമില്ല. രാജ്യത്ത് ലോകായുക്ത നിലവിൽ വരുന്നതിന് മുമ്പാണ് കേരളത്തിൽ വന്നതെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടി.
ഞായറാഴ്ച ചേർന്ന സി.പി.ഐ നിർവാഹക സമിതിയിലും നിയമോപദേശത്തെ പിന്തുണക്കുന്ന അഭിപ്രായമാണ് ഉയർന്നത്. ലോകായുക്ത വിധിക്കെതിരെ കോടതിയെ സമീപിക്കാമെങ്കിലും വിരമിച്ച ജഡ്ജിമാർ പുറപ്പെടുവിക്കുന്ന വിധിയിൽ കോടതിയെ സമീപിച്ചാൽ ഒരുപക്ഷേ തിരിച്ചടിക്കാവും സാധ്യതയെന്നായിരുന്നു അഭിപ്രായം. കെ.ടി. ജലീലിന്റെ വിഷയവും ലോകായുക്ത ഭേദഗതിയും രണ്ടാണെന്ന നിലപാടും ചിലർ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

