കെ-റെയിൽ നടപ്പാക്കും മുൻപ് മൂന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്ന്-സി.പി.ഐ
text_fieldsകോഴിക്കോട്: കെ-റെയിൽ നടപ്പാക്കും മുൻപ് മൂന്ന് കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്ന് സി.പി.ഐ അസി. സെക്രട്ടറി പ്രകാശ് ബാബു. പദ്ധതി നടപ്പാക്കാം, പക്ഷെ അത് ജനങ്ങളെ ബോധ്യപ്പെടുത്തികൊണ്ട് വേണം, സാമൂഹിക ആഘാത പഠനറിപ്പോർട്ട് പുറത്തുവിടണം, കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉൾപ്പെടെയുളള ആശങ്ക ഒഴിവാക്കണം എന്നിവയാണ് പ്രധാനമായും സി.പി.ഐ മുന്നോട്ട് വെക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സർക്കാർ പ്രവർത്തനവും ജനങ്ങളെ വിലയിരുത്തിട്ടുണ്ടാവാമെന്ന് പ്രകാശ് ബാബു പറയുന്നു.
തൃക്കാക്കരയിലെ പരാജയത്തിനു പിന്നാലെ ജനവിധിയാണ് വലുതെന്ന പാഠമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോൽവി നൽകുന്നതെന്ന വിലയിരുത്തലുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാൻ. തൃക്കാക്കര ജനവിധി ഇടതുമുന്നണി ഒരുമിച്ചും പാർട്ടികൾ വെവ്വേറെയും വിശകലനം ചെയ്യുമെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. ഇതോടെ, കെ-റെയിൽ വിഷയത്തിൽ സി.പി.ഐയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതായാണ് വിലയിരുത്തൽ. കെ-റെയിലിൽ കാനം രാജേന്ദ്രൻ പൂർണ പിൻതുണയാണിതുവരെ സർക്കാറിനു നൽകിയത്. പുതിയ സാഹചര്യത്തിൽ കാനം രാജേന്ദ്രന്റെ അഭിപ്രായത്തിനു പ്രസക്തിയേറെയാണ്.