സി.പി.ഐ സ്ഥാനാർഥികൾ: പ്രഖ്യാപനം വെള്ളിയാഴ്ച, ഏകദേശ ധാരണയായി
text_fieldsതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സി.പി.എം സ്ഥാനാർഥികളെ കുറിച്ച് നേതൃതലത്തിൽ തീരുമാനമായതിനു പിന്നാലെ സി.പി.ഐ സ്ഥാനാർഥികളെ സംബന്ധിച്ചും ഏകദേശ ധാരണയായി. സ്ഥാനാർഥി ചർച്ചകൾക്കായി സി.പി.ഐ എക്സിക്യൂട്ടീവ് നാളെ ചേരും. വെള്ളിയാഴ്ച ജില്ല കമ്മിറ്റികൾ ചേർന്ന് പട്ടികക്ക് അംഗീകാരം നൽകും. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ മത്സരിക്കാനാണ് സാധ്യത. ജില്ല കമ്മിറ്റിയിലും പന്ന്യൻ മത്സരിക്കണമെന്നാവശ്യമാണ് ശക്തം.
തൃശൂരിൽ മുൻ മന്ത്രി വി.എസ്.സുനിൽകുമാറിനും മാവേലിക്കരയിൽ യുവനേതാവ് സി.എ.അരുൺകുമാറിനുമാണ് ജില്ലയിൽനിന്നുള്ള പിന്തുണ. വയനാട്ടിൽ ആരു മത്സരിക്കുമെന്നതിനെ കുറിച്ച് മാത്രമാണ് ചർച്ചകൾ നടക്കുന്നത്. ആനി രാജയെയാണ് വയനാട്ടിൽ പ്രധാനമായും പരിഗണിക്കുന്നത്.
ഇതിനിടെ, സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടികക്ക് സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അംഗീകാരമായി. പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്. ഹംസ, പത്തനംതിട്ടയിൽ ടി.എം. തോമസ് ഐസക്, വടകരയിൽ കെ.കെ. ശൈലജ,ആറ്റിങ്ങലിൽ വി. ജോയ്, എറണാകുളത്ത് കെ.ജെ. ഷൈൻ, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, കൊല്ലത്ത് എം. മുകേഷ്, ആലപ്പുഴയിൽ എ.എം. ആരിഫ്, ചാലക്കുടിയിൽ സി. രവീന്ദ്രനാഥ്, കോഴിക്കോട്ട് എളമരം കരീം എന്നിവർ മത്സരിക്കും.
കണ്ണൂർ- എം.വി. ജയരാജൻ, കാസർകോട് -എം.വി. ബാലകൃഷ്ണൻ, മലപ്പുറം -ഡി.വൈ.എഫ്.ഐ നേതാവ് വി. വസീഫ്, പാലക്കാട് - എ. വിജയരാഘവൻ, ആലത്തൂർ - കെ. രാധാകൃഷ്ണൻ എന്നിവരും മത്സരിക്കും. പട്ടികയിൽ രണ്ട് വനിതകൾ മാത്രമാണുള്ളത്. കെ.കെ. ശൈലജയും എറണാകുളത്ത് മത്സരിക്കുന്ന കെ.ജെ. ഷൈനുമാണ് പട്ടികയിലെ വനിതകൾ. സംസ്ഥാനത്ത് 15 മണ്ഡലങ്ങളിലാണ് സി.പി.എം മത്സരിക്കുന്നത്.
രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച ധാരണയുണ്ടാക്കിയിരുന്നു. ഇതിന് ശേഷം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കുകയായിരുന്നു. കമ്മിറ്റി ഇത് ചർച്ച ചെയ്ത് വീണ്ടും സംസ്ഥാന നേതൃത്വത്തിന് കൈമാറും. 27ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

