വിഭാഗീയത തുറന്നുസമ്മതിച്ച് സി.പി.ഐ; പ്രവർത്തനശൈലി മാറിയേ തീരൂ
text_fieldsവിജയവാഡ: പാർട്ടിയിലെ വിഭാഗീയത തുറന്നുസമ്മതിച്ച് സി.പി.ഐ. പരസ്യ പ്രതികരണങ്ങൾ ഗ്രൂപ്പിസത്തിലേക്ക് നയിക്കുന്നു. ഇത് പാർട്ടിവിരുദ്ധ പ്രവർത്തനമായി കണ്ട് കർക്കശ നടപടി സ്വീകരിക്കണം. വിഭാഗീയത ഒരുനിലക്കും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പാർട്ടി കോൺഗ്രസിൽ വെച്ച സംഘടന റിപ്പോർട്ടിൽ പറഞ്ഞു. വർഗ ബഹുജന സംഘടന അംഗങ്ങളുടെ വഴിവിട്ട പ്രവർത്തനം പാർട്ടിയുടെ വികസനത്തിന് വലിയ തടസ്സം സൃഷ്ടിക്കുകയും വിഭാഗീയത വളർത്തുകയും ചെയ്യുന്നുണ്ട്. ഇത് ശക്തമായി നേരിടണം. വ്യക്തിശുദ്ധിക്ക് നേതാക്കളും പാർട്ടിയും മുൻതൂക്കം നൽകണം.
യുവാക്കളെയും കഴിവുറ്റവരെയും കൂടുതലായി നേതൃനിരയിലേക്ക് കൊണ്ടുവരണം -സംഘടന റിപ്പോർട്ട് വ്യക്തമാക്കി. പ്രവർത്തനശൈലി മാറിയേ തീരൂ. മാറ്റം കേന്ദ്ര-സംസ്ഥാന നേതാക്കളിൽനിന്ന് തുടങ്ങണം. പാർട്ടി വിദ്യാഭ്യാസത്തിന് കൂടുതൽ ശ്രദ്ധ നൽകണം. കേഡർ നയം രൂപപ്പെടുത്തണം. 6.44 ലക്ഷം പാർട്ടി അംഗങ്ങളുള്ളപ്പോൾ തന്നെ മുഴുസമയ നേതാക്കളുടെ ദാരിദ്ര്യം പാർട്ടിക്കുണ്ട്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടിയാണ് പാർട്ടി നേരിടുന്നത്. കേന്ദ്ര-സംസ്ഥാന കൗൺസിലുകളിൽ തെരഞ്ഞെടുപ്പ് ഉപസമിതി വേണം. സംഘ്പരിവാർ ആശയധാരകളെ ചെറുക്കാൻ പാർട്ടി പഠന ക്ലാസ് ഫലപ്രദമാക്കണം.
ജാതീയതയോട് സന്ധിയില്ലാത്ത പോരാട്ടം വേണം. ഹിന്ദി മേഖലകളിൽ സ്വാധീനം വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായി ഹിന്ദി ദിനപത്രം തുടങ്ങണമെന്നും സമൂഹമാധ്യമങ്ങൾ വഴിയുള്ള ഇടപെടൽ ശക്തിപ്പെടുത്തണമെന്നും സംഘടന രേഖ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

