Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബന്ധു നിയമനങ്ങൾ വെച്ച്...

ബന്ധു നിയമനങ്ങൾ വെച്ച് പൊറുപ്പിക്കരുതെന്ന് സി.പി.ഐ മുഖപത്രം

text_fields
bookmark_border
ബന്ധു നിയമനങ്ങൾ വെച്ച് പൊറുപ്പിക്കരുതെന്ന് സി.പി.ഐ മുഖപത്രം
cancel

തിരുവനന്തപുരം: സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനങ്ങളും അനീതിയാണെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗം. എൽ.ഡി.എഫിനുമേൽ നിഴൽ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കണം എന്ന തലക്കെട്ടിലുള്ള ഇന്നത്തെ എഡിറ്റോറിയലിലൂടെയാണ് ബന്ധുനിയമനവിവാദത്തില്‍ സി.പി.ഐ നിലപാട് വ്യക്തമാക്കിയത്.

ഉന്നത യോഗ്യത നേടിയവരും തൊഴില്‍രഹിതരുമായ വന്‍പടയുടെ മുന്നില്‍ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണെന്ന് ലേഖനം പറയുന്നു. സംഭവിച്ച പാളിച്ചകളും വീഴ്ചകളും തിരുത്തപ്പെടണമെന്നും അത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കപ്പെടാതിരിക്കാൻ മുന്നണി മുൻകരുതൽ നടപടി സ്വീകരിക്കണമെന്നും ജനയുഗം ആവശ്യപ്പെടുന്നു.

ബൂർഷ്വാ ജനാധിപത്യത്തിന്റെ സങ്കീർണതകളിൽ ഇടതുപക്ഷത്തെ വേറിട്ട്‌ നിർത്തുന്നത്‌ അതിന്റെ നേതാക്കളുടെയും പ്രവർത്തകരുടെയും ഉന്നതവും സുതാര്യവുമായ ധാർമികസ്ഥിരതയാണ്‌. അതിന്‌ കളങ്കം വരുത്തുന്ന ഒരു നടപടിയും അംഗീകരിക്കാനോ വച്ചുപൊറുപ്പിക്കാനോ പാടില്ല. അത്‌ താങ്ങാനുള്ള കരുത്ത്‌ കേരളത്തിലെ ഇടതുപക്ഷത്തിനില്ല എന്നും ജനയുഗം പറയുന്നു.

എഡിറ്റോറിയലിന്‍റെ പൂർണരൂപം:

അഞ്ച്‌ വർഷക്കാലത്തെ അഴിമതി വാഴ്ചയ്ക്ക്‌ അറുതിവരുത്തി അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മേൽ നിഴൽവീഴ്ത്തിയ വിവാദങ്ങളാണ്‌ മുഖ്യധാരാ ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളായി നിറഞ്ഞുനിൽക്കുന്നത്‌. വിവാദങ്ങളിൽ ഉൾപ്പെട്ട മന്ത്രിയും നേതാക്കളും വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ വീഴ്ചകൾ തിരുത്താനും അവരെ അത്‌ ബോധ്യപ്പെടുത്താനും തിരുത്തിക്കാനും മുഖ്യമന്ത്രിയടക്കം ഉന്നത നേതൃത്വത്തിനും സത്വരം കഴിഞ്ഞു എന്നത്‌ ആശ്വാസകരമാണ്‌. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ തലപ്പത്ത്‌ നടന്ന വിവാദനിയമനം റദ്ദാക്കിയെങ്കിലും അതിന്റെയും മറ്റുചില നിയമനങ്ങളുടെയും പേരിൽ കോൺഗ്രസും ബിജെപിയുമടക്കം പ്രതിപക്ഷം വിജിലൻസ്‌ അന്വേഷണം ആവശ്യപ്പെടുകയും നിയമനടപടികളിലേയ്ക്ക്‌ നീങ്ങുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്‌.

മുഖ്യമന്ത്രിയും സിപിഐ(എം) നേതൃത്വവും അതീവ ഗൗരവത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയുമാണ്‌ വിവാദപ്രശ്നങ്ങളെ സമീപിക്കുന്നതെന്ന്‌ അവരുടെ കാര്യമാത്ര പ്രസക്തങ്ങളായ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. വീഴ്ചകൾ തിരിച്ചറിയാനും തെറ്റുകൾ തിരുത്താനും ബന്ധപ്പെട്ടവർ തയാറാകുന്നതോടെ അതിന്റെ പേരിലുള്ള വിവാദം കെട്ടടങ്ങുമെന്ന്‌ കരുതാം. പ്രശ്നത്തിൽ അതിന്‌ അപ്പുറത്ത്‌ എന്തെങ്കിലുമുണ്ടെങ്കിൽ അവയ്ക്ക്‌ പ്രതിവിധിയായി നിയമത്തിന്റെ വഴികൾ ആരായാൻ വിമർശകർക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. അധികാരത്തിലേറി നാല്‌ മാസം പിന്നിടുമ്പോഴേയ്ക്കും എൽഡിഎഫ്‌ മന്ത്രിസഭയും മുന്നണിയും നേരിടേണ്ടി വന്ന ഈ വിവാദങ്ങൾ നിതാന്ത ജാഗ്രത എല്ലാ രംഗത്തും എല്ലായിപ്പോഴും കൂടിയേ തീരൂ എന്ന പാഠവും മൂന്നാര്റിയിപ്പുമാണ്‌ നൽകുന്നത്‌. പ്രതിപക്ഷം ഉയർത്തുന്ന വിവാദങ്ങളെക്കാൾ ഏറെ എൽഡിഎഫിനെ ആത്മാർഥമായി പിന്തുണയ്ക്കുകയും അതിൽ വിശ്വാസവും പ്രതീക്ഷയും അർപ്പിക്കുന്ന ജനങ്ങളോടുള്ള ആദരവും പ്രതിബദ്ധതയുമാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും മന്ത്രിസഭയുടെയും വിലപ്പെട്ട മൂലധനമെന്നത്‌ ബന്ധപ്പെട്ടവർ ഒരിക്കലും വിസ്മരിച്ചുകൂട.

ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും ഇന്നത്തെ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും അതിന്റെ പ്രവർത്തകരും നേതാക്കളും ഇതര പാർട്ടികളിലേതിൽനിന്നും വിഭിന്നരല്ലെന്ന്‌ വരുത്തിതീർക്കാൻ ബോധപൂർവമായ ശ്രമമാണ്‌ ലോകമെങ്ങും നടന്നുവരുന്നത്‌. മൂലധനശക്തികളും അതിന്റെ യുക്തിയും ആധിപത്യം പുലർത്തുന്ന ആധുനിക സമൂഹങ്ങളിൽ ആ ധാരണ തെറ്റാണെന്ന്‌ ബോധ്യപ്പെടുത്തുക ശ്രമകരമാണ്‌. എന്നിട്ടും കമ്മ്യൂണിസ്റ്റ്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസവും പ്രതീക്ഷയും ജനങ്ങൾ പൂർണമായി കൈവിട്ടിട്ടില്ല. അതുതന്നെയാണ്‌ അഴിമതിയുടെ കുത്തൊഴുക്കിന്‌ അഞ്ച്‌ വർഷം സാക്ഷ്യം വഹിച്ച കേരള ജനത ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ അനുകൂലമായി വിധിയെഴുതാൻ തയാറായതിന്റെ കാരണവും. ആർക്കും ഒന്നും സ്വകാര്യമായി രഹസ്യസ്വഭാവത്തോടെ സൂക്ഷിച്ചുവയ്ക്കാൻ കഴിയാത്തത്ര സുതാര്യമായ ലോകത്താണ്‌ നാം ജീവിക്കുന്നത്‌. വിവരസാങ്കേതിക വിദ്യാ വിസ്ഫോടനം സാമൂഹിക ജീവിതത്തെ സുതാര്യമാക്കുക മാത്രമല്ല വിശ്വാസങ്ങൾക്കും പ്രതിബദ്ധതയ്ക്കും അവ ശക്തമായ അടിത്തറയായി മാറുകയും ചെയ്തിരിക്കുന്നു.
വിവരസാങ്കേതിക വിദ്യ സ്വകാര്യതകളുടെയും രഹസ്യങ്ങളുടെയും ഉരുക്കുമതിലുകളെ തകർക്കുകയും തത്സമയ പ്രതികരണം സാർവത്രികമാക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോഴത്തെ നിയമനവിവാദം ഇടതുപക്ഷ അനുഭാവികളിൽ സൃഷ്ടിച്ച വ്യാപക പ്രതിഷേധവും അവയുടെ തത്സമയ പ്രതികരണവും ആർക്കാണ്‌ അവഗണിക്കാനാവുക? അതിനെ അവഗണിക്കാനും പുച്ഛിച്ച്‌ തള്ളാനും മുതിരുന്നവരുടെ സ്ഥാനം ചരിത്രത്തിലാവില്ലെന്ന്‌ കരുതലോടെ ഓർക്കുക.
അഴിമതിക്കെതിരായ എൽഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ്‌ മുന്നണിയെ അധികാരത്തിലെത്തിച്ചത്‌. മുന്നണിയുടെ വിജയം അഭിമാനകരമെന്ന്‌ വിലയിരുത്തുമ്പോഴും അതിന്റെ താരതമ്യകരുത്ത്‌ വില കുറച്ചു കണ്ടുകൂട. സ്വജനപക്ഷപാതം നിസംശയം അഴിമതിയാണ്‌. ഒരു വ്യാഖ്യാനംകൊണ്ടും അതിന്റെ മുഖം മിനുക്കാനാവില്ല. ഉന്നത യോഗ്യത നേടിയവരും തൊഴിൽരഹിതരുമായ വൻപടയുടെ മുന്നിൽ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്‌. എതിരാളികളുടെ അഴിമതിക്കഥകളും അവർ നേരിടുന്ന നടപടികളും നിരത്തിവച്ച്‌ സ്വന്തം നടപടികളെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ ജനത്തിന്റെ മുമ്പിലും നിമയത്തിന്റെ മുമ്പിലും വിലപ്പോവില്ല. ബൂർഷ്വാ ജനാധിപത്യത്തിന്റെ സങ്കീർണതകളിൽ ഇടതുപക്ഷത്തെ വേറിട്ട്‌ നിർത്തുന്നത്‌ അതിന്റെ നേതാക്കളുടെയും പ്രവർത്തകരുടെയും ഉന്നതവും സുതാര്യവുമായ ധാർമികസ്ഥിരതയാണ്‌.

അതിന്‌ കളങ്കം വരുത്തുന്ന ഒരു നടപടിയും അംഗീകരിക്കാനോ വച്ചുപൊറുപ്പിക്കാനോ പാടില്ല. അത്‌ താങ്ങാനുള്ള കരുത്ത്‌ കേരളത്തിലെ ഇടതുപക്ഷത്തിനില്ല. അതിനുള്ള സഹിഷ്ണുത ഇടതുപക്ഷ പാർട്ടികൾക്കും അതിന്റെ പ്രവർത്തകർക്കും അണികൾക്കുമില്ല. സംഭവിച്ച പാളിച്ചകളും വീഴ്ചകളും തിരുത്തപ്പെടണം. അത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കപ്പെടാതിരിക്കാൻ മുന്നണി മുൻകരുതൽ നടപടി സ്വീകരിക്കണം. അത്‌ എൽഡിഎഫിനുമേൽ നിഴൽ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കുന്നതാവണം. അതാവട്ടെ മുന്നണിയിലേയും ഘടകക്ഷികളിലെയും ആഭ്യന്തര ജനാധിപത്യ പ്രക്രിയ കൂടുതൽ ആഴവും വ്യാപ്തിയുമുള്ളതും അർഥപൂർണവുമാക്കി മാറ്റുന്നതിലൂടെയേ കൈവരിക്കാനാവൂ. ഇപ്പോഴത്തെ സംഭവവികാസങ്ങൾ ആ ദിശയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും എൽഡിഎഫിന്‌ പ്രചോദനമാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posting scamjanayugam editorial
News Summary - cpi about posting scam
Next Story