‘പട്ടാമ്പി ലീഗിന് നൽകിയാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കും’; മുന്നറിയിപ്പുമായി മുൻ എം.എൽ.എ സി.പി. മുഹമ്മദ്
text_fieldsപാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പട്ടാമ്പി സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടെന്ന വാർത്തയിൽ ശക്തമായ നിലപാടുമായി പാലക്കാട് ജില്ലയിലെ കോൺഗ്രസ് ഘടകം. പട്ടാമ്പി സീറ്റ് ലീഗിന് കൊടുക്കില്ലെന്നും പട്ടാമ്പി കോൺഗ്രസിനു തന്നെ വേണമെന്നും ജില്ലാ നേതൃയോഗത്തിൽ ആവശ്യമുയർന്നു. പട്ടാമ്പി ലീഗിന് വിട്ടുകൊടുത്താൽ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമെന്ന് മുൻ എം.എൽ.എ സി.പി. മുഹമ്മദ് ഭീഷണി ഉയർത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിന്റെ നിർണായക മണ്ഡലമായ പാലക്കാട്ട് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ സ്ഥാനാർഥിയാകണമെന്ന് പാർട്ടി ജില്ല നേതൃത്വം ആവശ്യപ്പെട്ടു. പാലക്കാട്ട് തങ്കപ്പനെ മത്സരിപ്പിക്കണമെന്നാണ് ബുധനാഴ്ച ചേർന്ന ജില്ല നേതൃയോഗത്തിൽ ആവശ്യം ഉയർന്നത്.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ദീപാദാസ് മുൻഷിയെ ഇക്കാര്യം അറിയിച്ചതായാണ് വിവരം. പാലക്കാട്ട് വീണ്ടും മത്സരിക്കാൻ നിലവിലെ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ കരുക്കൾ നീക്കുന്നതിനിടെയാണ് തങ്കപ്പൻ മത്സരിക്കണമെന്ന നിലപാടുമായി ജില്ല നേതൃത്വം മുന്നോട്ടുവന്നത്.
തൃത്താലയിൽ വി.ടി. ബൽറാം തന്നെ വീണ്ടും മത്സരിക്കണമെന്നും ജയസാധ്യതയുള്ള നേതാവാണ് അദ്ദേഹമെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. രണ്ട് തവണ തൃത്താലയിൽ നിന്ന് വിജയിച്ച് വി.ടി. ബൽറാം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം.ബി. രാജേഷിനോട് പരാജയപ്പെട്ടിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരസന്നദ്ധത അറിയിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തി. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്നാണ് സന്ദീപ് വാര്യരുടെ നിലപാട്. പാലക്കാട്ട് കെ. സുരേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥിയാകുന്നത് ഏറെ സന്തോഷമാണ്. ബി.ജെ.പിക്ക് ശക്തി തെളിയിക്കാനാകുമോയെന്ന് സുരേന്ദ്രൻ കാണിക്കട്ടെയെന്നും അദ്ദേഹം മത്സരിച്ചാൽ ബി.ജെ.പി പാലക്കാട്ട് മൂന്നാം സ്ഥാനത്തെത്തുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

