കോവിഡ് ബാധിതന് മംഗല്യം; അതും ആശുപത്രിയിൽ
text_fieldsആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഞായറാഴ്ച വിവാഹിതരാകുന്ന അഭിരാമിയും ശരത്തും
അമ്പലപ്പുഴ: കതിർമണ്ഡപവും വായ്ക്കുരവയുമില്ലാതെ ആശുപത്രിയിലൊരുക്കിയ വേദിയിൽ കോവിഡ് ബാധിതൻ വധുവിന് താലിചാർത്തും. നിശ്ചയിച്ചുറപ്പിച്ച വിവാഹം മുഹൂർത്തം തെറ്റാതെ ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച ഉച്ചക്ക് 12ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നടക്കുക. വരെൻറ കോവിഡ് ബാധിതയായ മാതാവും ചടങ്ങിന് സാക്ഷിയാകും.
വിദേശത്ത് ജോലിയുള്ള കൈനകരി സ്വദേശിയും തെക്കനാര്യാട് സ്വദേശിനിയുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി നാട്ടിലെത്തിയ പ്രതിശ്രുത വരന് കഴിഞ്ഞദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വണ്ടാനത്ത് ചികിത്സയിൽ പ്രവേശിച്ചു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച വിവാഹം മാറ്റിവെക്കാൻ കഴിയാത്ത സ്ഥിതിയാെണന്ന് വധുവിെൻറ വീട്ടുകാർ അറിയിച്ചതോടെയാണ് വിവാഹവേദി ആശുപത്രിയാക്കാൻ തീരുമാനിച്ചത്.
ഇതിന് കലക്ടറുടെ അനുമതിപത്രം വാങ്ങി ആശുപത്രി സൂപ്രണ്ടിന് വരെൻറ ബന്ധുക്കൾ കൈമാറി. വധു ബന്ധുവിനൊപ്പം മുഹൂർത്ത സമയം ആശുപത്രിയിൽ എത്തും. വരനെയും മാതാവിനെയും പി.പി.ഇ കിറ്റ് ധരിച്ച് ഈ സമയം മുറിയിൽ എത്തിക്കും.
മുഹൂർത്തത്തിൽ വരൻ താലിചാർത്തുന്നതോടെ ചടങ്ങ് പൂർത്തിയാക്കി വധുവും ബന്ധുവും മടങ്ങുകയും വേണം. മുഴുവൻ പേരും പി.പി.ഇ കിറ്റ് ധരിച്ചാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

