കോവിഡ് വാക്സിൻ: സംസ്ഥാനത്ത് നാലിടത്ത് ട്രയൽ റൺ തുടങ്ങി
text_fieldsതിരുവനന്തപുരം: കേരളത്തിലെ നാല് ജില്ലകളിൽ കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റണ്‍ തുടങ്ങി. തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടക്കുന്നത്.
വാക്സിൽ കുത്തിവെപ്പിന് മുന്നോടിയായുള്ള നടപടി ക്രമങ്ങളും സൗകര്യങ്ങളും ഫലപ്രദമെന്ന് പരിശോധിക്കുകയാണ് ട്രയൽ റൺ നടത്തുക വഴി ലക്ഷ്യമിടുന്നത്. രാവിലെ ഒമ്പതിന് ആരംഭിച്ച ഡ്രൈ റൺ 11ന് അവസാനിക്കും. ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ പ്രതിനിധികളായി 25 പേർ വീതം ഒാരോ കേന്ദ്രത്തിലും ട്രയലിൽ പങ്കെടുക്കും. പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെ ട്രയൽ റണ്ണിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തു.
കോവിഡ് വാക്സിൻ വിതരണത്തിന് കേരളം പൂർണ സജ്ജമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് എത്ര വാക്സിൻ യൂണിറ്റുകൾ ലഭിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. വൈകാതെ തന്നെ വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷ. കോവിഷീൽഡ് വാക്സിനെ കുറിച്ച് ആശങ്കകളില്ലെന്നും മന്ത്രി ശൈലജ മാധ്യമങ്ങളോട് വ്യക്തമാക്കി.
വാക്സിൻ വിതരണത്തിനുള്ള ട്രയൽ മറ്റ് സംസ്ഥാനങ്ങളിലും ഇന്ന് നടക്കുന്നുണ്ട്. പഞ്ചാബ്, അസം, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ എട്ടു ജില്ലകളില്‍ നടത്തിയ റിഹേഴ്സല്‍ വിജയകരമായിരുന്നു.
വാക്സിൻ നൽകുന്നതിനുള്ള മുൻഗണന പട്ടിക തയാറാക്കാൻ സംസ്ഥാനങ്ങൾക്ക് നേരത്തേ കേന്ദ്രം നിർദേശം നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, മുന്നണി പ്രവർത്തകർ, പ്രായമായവർ, ഗുരുതര അസുഖങ്ങളുള്ളവർ എന്നിങ്ങനെ ക്രമത്തിൽ 30 കോടി പേർക്കാണ് വാക്സിൻ നൽകുക.
'കോവിഷീൽഡ്' വാക്സിന്റെ അടിയന്തര ഉപയോഗത്തിന് വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മരുന്ന് നിലവാര നിയന്ത്രണ സ്ഥാപനം (സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ) ശിപാർശ ചെയ്തിരുന്നു. അടുത്താഴ്ച തന്നെ രാജ്യത്ത് വാക്സിൻ വിതരണം തുടങ്ങിയേക്കും.
കോവിഡിനെതിരായ പോരാട്ടത്തെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നതാണ് സമിതിയുടെ നിർണായക തീരുമാനം. ബ്രിട്ടനും അർജൻറീനയും കോവിഷീൽഡ് അടിയന്തര ഉപയോഗത്തിന് അടുത്തിടെ അനുമതി നൽകിയിരുന്നു.
ഇന്ത്യയിൽ പുണെ ആസ്ഥാനമായുള്ള സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീൽഡ് വാക്സിൽ നിർമിക്കുന്നത്. അഞ്ചുകോടി ഡോസ് വാക്സിൻ ഇതിനകം സംഭരിച്ചു കഴിഞ്ഞതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദർ പൂനവാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഫൈസർ, മൊഡേണ വാക്സിനുകളെ അപേക്ഷിച്ച് കോവിഷീൽഡ് സാധാരണ റഫ്രിജറേറ്ററിെൻറ ഊഷ്മാവിൽ സൂക്ഷിക്കാമെന്നതും ഒരാൾക്ക് രണ്ട് ഡോസ് വാക്സിൻ എടുക്കാൻ 1000 രൂപയേ ചെലവ് വരൂയെന്നതും കോവിഷീൽഡിന്റെ നേട്ടമായാണ് കണക്കാക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐ.സി.എം.ആർ) ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ച വാക്സിനും രാജ്യം ഉടൻ അനുമതി നൽകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

