കോവിഡ് വാക്സിൻ: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 3,54,897 പേർ
text_fieldsകോഴിക്കോട്: കോവിഡ് വാക്സിനായി സംസ്ഥാനത്ത് 3,54,897 പേർ രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പതിനാറാം തീയതി മുതൽ ആരംഭിക്കുന്ന കോവിഡ് വാക്സിനേഷന് വേണ്ടി സംസ്ഥാനത്ത് വൻ രീതിയിലുള്ള മുന്നൊരുക്കമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ മേഖലയിലെ 1,67,751 പേരും സ്വകാര്യ മേഖലയിലെ 1,87,146 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്‍റെ വയോമിത്രം പദ്ധതിയിലെ 570 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്.
വാക്സിനേഷൻ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാർക്കായി ഇന്ന് ഓൺലൈൻ വർക്ക്ഷോപ്പ് സംഘടിപ്പിച്ചതായി മന്ത്രി അറിയിച്ചു. എല്ലാ ഉദ്യോഗസ്ഥർക്കും വാക്സിനേഷൻ ഏത് രീതിയിലാണ് നടപ്പിലാക്കുന്നതെന്നും, എന്തൊക്കെ നിർദേശങ്ങളാണ് ജീവനക്കാർക്ക് നൽകേണ്ടത് എന്നും വിശദീകരിക്കുകയാണ് വർക്ക്ഷോപ്പിലെ പ്രധാന ഉദ്ദേശം.
വാക്സിൻ സൂക്ഷിക്കാൻ തയ്യാറാക്കിയിട്ടുള്ള കോൾഡ് സ്റ്റോറേജ് പ്രവർത്തനങ്ങൾ, വാക്സിനേഷൻ എടുക്കുമ്പോൾ ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ശിൽപ്പശാലയിൽ വിശദീകരിച്ചു. ആരോഗ്യ വകുപ്പിന്‍റെ ഏകോപനത്തിൽ ആരോഗ്യകേരളം, ജില്ല ഭരണകൂടം, ആശുപത്രികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തോടെ മാത്രമേ വാക്സിനേഷൻ മികച്ചരീതിയിൽ പൂർത്തിയാക്കാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം വാക്‌സിന്‍ കുത്തിവെപ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

