സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ 5, മലപ്പുറം 3 ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഒരോപേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ നാലുപേർ വിദേശത്ത് നിന്നും എട്ടുപേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
മഹാരാഷ്ട്ര–6, ഗുജറാത്ത്–1 , തമിഴ്നാട് –1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ രോഗബാധിതരുടെ കണക്ക്. ഇന്ന് ആർക്കും രോഗമുക്തിയില്ല. 642 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ 142 പേർ ചികിൽസയിലുണ്ട്. 72000 പേരാണ് നിരീക്ഷണത്തിലുള്ളത്. 71545 പേർ വീടുകളിലും 455 പേർ ആശുപത്രിയിലുമാണ്. ഇന്ന് 119 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതുവരെ 46958 സാംപിളുകളാണ് പരിശോധിച്ചത്. അതിൽ 45527 എണ്ണത്തിന് രോഗബാധയില്ലെന്നു കണ്ടെത്തി.
സംസ്ഥാനത്ത് നാല് പുതിയ ഹോട്സ്പോട്ടുകൾ കൂടി. ഇതിൽ മൂന്നെണ്ണം കണ്ണൂരും ഒന്ന് കോട്ടയത്തുമാണ്. ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 33 ആയി. കണ്ണൂർ ജില്ലയിലെ പാനൂർ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ പഞ്ചായത്ത്, കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് ഇന്ന് ഹോട്ട്സ്പോട്ട് പട്ടികയിൽ ഇടംപിടിച്ചത്. സംസ്ഥാനത്ത് 74,426 പേരാണ് കര, വ്യോമ, നാവിക മാർഗങ്ങളിൽ കോവിഡ് പാസുമായി എത്തിയത്. 44,712പേർ റെഡ് സോൺ ജില്ലകളിൽ നിന്നാണ് വന്നത്. 63,239 പേർ റോഡ് വഴി എത്തി. വിമാന മാർഗം എത്തിയ 53 പേർക്കും കപ്പൽവഴി എത്തിയ 6 പേർക്കും റോഡ് വഴിയെത്തിയ 46 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മാസ്ക് ധരിക്കാത്തതിന് 2036 പേർക്കെതിരെയും ക്വാറൻറീൻ ലംഘിച്ചതിന് 14 പേർക്കെതിരെയും ഇന്ന് നടപടിയെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.
അനാവശ്യമായ തിക്കും തിരക്കും അപകടം ക്ഷണിച്ചു വരുത്തും. സംസ്ഥാനത്തെത്തുന്ന എല്ലാവരുടെയും വിവരങ്ങൾ സൂക്ഷിക്കണം. വാഹനങ്ങളിൽ ആളുകളെ കുത്തിനിറച്ച് യാത്ര ചെയ്യുന്നത് ഗുണം ചെയ്യില്ല. ചെക്ക് പോസ്റ്റുകളിലും ആശുപത്രികളിലും മാസ്കുകളും മറ്റും ആവശ്യത്ത് ലഭ്യമാക്കും. മരുന്ന് ക്ഷാമം പരിഹരിക്കും. തട്ടുകടകൾ ഭക്ഷണം പാഴ്സൽ മാത്രമേ നൽകാവൂ. കടയിലിരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കരുത്.തീവ്രമേഖലകളിൽ കടുത്ത നിയന്ത്രണം തുടരും. ഇളവുകളുണ്ടെങ്കിലും നിയന്ത്രണങ്ങൾ പാലിക്കണമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
