സംസ്ഥാനത്ത് 3162 പേർക്കുകൂടി കോവിഡ്; 12 മരണം
text_fieldsതിരുവനന്തപുരം: ഒരാഴ്ച പിന്നിട്ടിട്ടും സംസ്ഥാനത്ത് 3000 കടന്നുതന്നെ കോവിഡ്. വ്യാഴാഴ്ച 3162 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 12 മരണവും റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിലാണ് കോവിഡ് ഏറെയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്- 949. തൊട്ടടുത്ത് തിരുവനന്തപുരം ജില്ലയാണ് -555. കൊല്ലം-152, പത്തനംതിട്ട-178, ഇടുക്കി -68, കോട്ടയം -356, ആലപ്പുഴ -173, തൃശൂർ- 168, പാലക്കാട്- 53, മലപ്പുറം -102, കോഴിക്കോട് -293, കണ്ണൂർ -66, കാസർകോട് -21 എന്നിങ്ങനെയാണ് കണക്ക്.
തിരുവനന്തപുരത്ത് മൂന്ന് മരണങ്ങളും ഇടുക്കി, എറണാകുളം, കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിൽ രണ്ട് മരണങ്ങൾ വീതവും ആലപ്പുഴ ഒരു മരണവുമാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതിനൊപ്പം എറണാകുളത്ത് ഡെങ്കിയും തിരുവനന്തപുരത്ത് എലിപ്പനിയും പടരുകയാണ്. എറണാകുളത്ത് 15 പേർക്ക് ഡെങ്കിയും തിരുവനന്തപുരത്ത് അഞ്ചുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 12,695 പേർക്ക് വ്യാഴാഴ്ച പകർച്ചപ്പനിയും റിപ്പോർട്ട് ചെയ്തു.

