ഈ മാലാഖമാരുടെ പരിചരണം ജീവനക്കാർക്കും
text_fieldsകോഴിക്കോട്: കോവിഡിെൻറ കെട്ട കാലത്ത് രോഗികളെ പരിചരിക്കുന്നതുപോലെതന്നെ ആശുപത്രി ജീവനക്കാരെയും പരിചരിക്കുന്ന തിരക്കിലാണ് മെഡിക്കൽ കോളജിലെ രണ്ട് നഴ്സുമാർ. സ്റ്റാഫ് നഴ്സുമാരായ കെ.പി. സജിത്തും ഇ.കെ. ഗീതയുമാണ് സമ്മർദത്തിലാവുന്ന ജീവനക്കാർക്കായി പ്രവർത്തിക്കുന്നത്. കോവിഡ് രോഗികളെ പരിചരിച്ച് ക്വാറൻറീനിൽ കഴിയേണ്ടി വരുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവർക്കായി കലാപരിപാടികൾ സംഘടിപ്പിച്ച് അവരുടെ മാനസിക സമ്മർദം കുറക്കുകയാണ് ഇവർ ചെയ്യുന്നത്. പാട്ട് മത്സരം, നാടൻപാട്ട് മത്സരം, ചിത്രരചന, കഥാരചന തുടങ്ങി വിവിധ മത്സരങ്ങളാണ് ജീവനക്കാർക്കുവേണ്ടി സംഘടിപ്പിച്ചിരിക്കുന്നത്.
ക്വാറൻറീനിലിരിക്കുന്നവർക്ക് ഉണ്ടാകുന്ന മാനസിക സമ്മർദം കുറക്കുക, അവരുടെ ഒറ്റപ്പെടൽ ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
അഞ്ചു വർഷം മുമ്പ് മെഡിക്കൽ കോളജ് ജീവനക്കാർക്കായി തുടങ്ങിയ രാഗ മ്യൂസിക്കൽ ബാൻഡിെൻറ വാട്സ്ആപ് കൂട്ടായ്മ വഴിയാലാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. കോവിഡ് ലോക്ഡൗണിനുശേഷം വിജയികൾക്ക് സമ്മാനവും നൽകുമെന്ന് സ്റ്റാഫ് നഴ്സ് ഗീത പറഞ്ഞു. സ്റ്റാഫ് നഴ്സുമാരായ ഗീതയും സജിത്തും കൂടാതെ ലിഫ്റ്റ് ഓപറേറ്റർ ബവീഷ് കൃഷ്ണനും ഗ്രൂപ് അഡ്മിനാണ്. തബലിസ്റ്റ് കൂടിയായ ബവീഷും എഴുത്തുകാരനായ സജിത്തും ചേർന്നാണ് പരിപാടികൾക്കായി അതിഥികളെ ക്ഷണിക്കുകയും മറ്റും ചെയ്യുന്നത്. സജിത്ത് അതിജീവന കവിത എഴുതി ആലപിക്കുകയും ചെയ്തിട്ടുണ്ട്. ‘ശുഭം ശുഭകരമാം ദിനം വരും കാത്തിരിക്കുക നിങ്ങൾ’ എന്ന് തുടങ്ങുന്ന കവിത കോവിഡിനെ അതിജീവിക്കാൻ സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെ എന്തെല്ലാം ചെയ്യണമെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു.
അതുപോലെ സ്വന്തം കുടുംബത്തെപ്പോലും മറന്നും രോഗീപരിചരണത്തിനായി എത്തുന്ന നഴ്സുമാരും മെഡിക്കൽ കോളജിലുണ്ട്. മലപ്പുറം ജില്ലയിൽനിന്ന് കിലോ മീറ്ററുകൾ താണ്ടി മെഡിക്കൽ കോളജിൽ ദിവസവും ജോലിക്കെത്തുന്നവരാണ് റീജയും അനുശ്രീയും. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് റിജ. ലോക്ഡൗണിൽ വാഹന സൗകര്യം ഇല്ലാതായതോടെ പൂക്കോട്ടൂരിൽനിന്ന് പുലർച്ച അഞ്ചിന് ഭർത്താവ് ബൈക്കിൽ രാമനാട്ടുകരയിൽ എത്തിക്കും. അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് ബസ് സർവിസുണ്ട്. രാവിലെ എട്ടു മുതൽ വൈകീട്ട് ആറു വരെയാണ് ഡ്യൂട്ടി. രാത്രി 8.30 ആകുമ്പോഴേക്കും വീട്ടിലെത്തുമെന്ന് റീജ പറഞ്ഞു. എടവണ്ണ സ്വദേശി അനുശ്രീയുടേതും സമാന അവസ്ഥയാണ്. കുഞ്ഞുണരുന്നതിനുമുമ്പ് രാവിലെ ആറാകുമ്പോഴേക്കും വീട്ടിൽനിന്നിറങ്ങും. രാത്രി എട്ടാകും തിരികെയെത്താനെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
