തലശ്ശേരിയിൽ നിയന്ത്രണം; കടകളും ബാങ്കുകളും ഉച്ചവരെ
text_fieldsതലശ്ശേരി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തലശ്ശേരി മേഖലയിൽ വ്യാപാര സ്ഥാപനങ്ങളുടെയും സർക്കാർ ഒാഫിസുകളുടെയും ബാങ്കുകളുടെയും പ്രവർത്തനസമയം ഉച്ച രണ്ടുവരെയാക്കി. ചെയർമാൻ സി.കെ. രമേശെൻറ അധ്യക്ഷതയിൽ വെള്ളിയാഴ്ച ചേർന്ന നഗരസഭ സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനം. ഹോട്ടലുകൾ നാലുവരെയും മെഡിക്കൽ ഷോപ്പുകൾ അഞ്ചുവരെയും പ്രവർത്തിക്കാം. പച്ചക്കറി മാർക്കറ്റും പരിസരവും മെയിൻറോഡിലെ മൊത്ത വ്യാപാരവും ചില്ലറ മത്സ്യ വ്യാപാരവും ഉച്ച 12വരെ മാത്രമേ പാടുള്ളൂ. മൊത്ത മത്സ്യവിൽപന കേന്ദ്രം ജൂലൈ 21 വരെ താൽക്കാലികമായി അടച്ചിടാനും നിർദേശം നൽകി. തലായി ഗോപാലപ്പേട്ട ഹാർബർ ഇനിയൊരറിയിപ്പുവരെ അടച്ചിടും.
ബാങ്ക് ഉൾപ്പെടെയുള്ള സർക്കാർ -അർധസർക്കാർ സ്ഥാപനങ്ങൾ രണ്ട് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. മരണ വീടുകളിലും കല്യാണ വീടുകളിലും ജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കണം. ഇരുപതോളം പേർ മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ പാടുള്ളൂ. വിവാഹവും മരണവും അതത് പൊലീസ് സ്േറ്റഷനിൽ അറിയിക്കണം. മരിച്ചയാളെ നാല് മണിക്കൂറിനുള്ളിൽ സംസ്കരിക്കണം. ശനിയാഴ്ച മുതൽ ഇത് പ്രാബല്യത്തിലാകും. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പൊലീസ് നേരിട്ടുവന്ന് പരിശോധിക്കും. ആരോഗ്യ വകുപ്പിെൻറയും കർശന നിരീക്ഷണമുണ്ടാകും. ഇക്കാര്യങ്ങൾ ലംഘിച്ചാൽ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
തലശ്ശേരി നിയമസഭ പരിധിയിൽ 59 പോസിറ്റിവ് കേസുകൾ നിലവിലുണ്ട്. സമ്പർക്കമടക്കമുളള കേസുകൾ രൂക്ഷമാവുന്നത് കണക്കിലെടുത്ത് ചികിത്സസംവിധാനം വിപുലപ്പെടുത്താൻ എ.എൻ. ഷംസീർ എം.എൽ.എയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.
കമ്യൂണിറ്റി ഹെൽത്ത് സെൻറർ തലത്തിൽ ഒാരോ പഞ്ചായത്തിലും 100 ബെഡ് വീതവും മുനിസിപ്പൽ കോർപറേഷനിൽ ഒാരോ മുനിസിപ്പൽ വാർഡിലും 50 ബെഡ് സൗകര്യവും ഒരുക്കുവാൻ യോഗത്തിൽ സബ് കലക്ടർ ആസിഫ് കെ. യൂസഫ് നിർദേശിച്ചു. പഞ്ചായത്ത് വാർഡ് തലങ്ങളിൽ േറാഡുകൾ അടക്കുേമ്പാൾ ജീവനക്കാർക്ക് എത്തിച്ചേരുന്നതിനുളള യാത്രസൗകര്യം കൂടി ഏർപ്പാടാക്കണമെന്നും നിർദേശമുയർന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടെ പേരുവിവരങ്ങൾ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ കൃത്യമായി ലഭിക്കുന്നതിനുളള നടപടികളും കൈക്കൊള്ളണം.