ശബരിമല തീര്‍ത്ഥാടനം: മുന്നൊരുക്കം വിലയിരുത്തി; കോവിഡ് പ്രതിരോധം ഉറപ്പാക്കും
text_fieldsപത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി കോവിഡ് പ്രതിരോധം ഉറപ്പാക്കി കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ല കലക്ടര്‍ എം. അഞ്ജന വിലയിരുത്തി. വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ മേധാവികള്‍ വിശദമാക്കി.
എരുമേലി ഉള്‍പ്പെടെ ക്ഷേത്രങ്ങളിലോ ഇടത്താവളങ്ങളിലോ ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കാന്‍ അനുവാദമില്ല. അഞ്ചു പേരില്‍ അധികമുള്ള പേട്ടതുള്ളല്‍, ഘോഷയാത്രകള്‍ തുടങ്ങിയവ വാഹനത്തിലോ കാല്‍നടയായോ നടത്താന്‍ പാടില്ല.
ഇതുവരെ ലഭിച്ച അറിയിപ്പുകള്‍ പ്രകാരം മണ്ഡല കാലത്ത് ആറു സ്പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണുണ്ടാകുക. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ചുള്ള പരിശോധയ്ക്കുവേണ്ട ക്രമീകരണങ്ങളും ടാക്സി കൗണ്ടറും സജ്ജമാക്കും. എരുമേലിയിലേക്ക് കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വീസ് ഏര്‍പ്പെടുത്തും. ടാക്സി കാറുകളില്‍ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ക്യാബിന്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും.
കോട്ടയം റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍, തിരുനക്കര ക്ഷേത്ര പരിസരം, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ശുചിത്വം ഉറപ്പു വരുത്തും. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പോലീസ് സേനയെ വിന്യസിക്കുകയും ഇടത്താവളങ്ങളില്‍ പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും ചെയ്യും. എരുമേലിയില്‍ റവന്യു വകുപ്പിന്‍റെ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
തീര്‍ത്ഥാടകര്‍ക്കുള്ള ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. കോട്ടയം ജനറല്‍ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി, പാമ്പാടി, എരുമേലി, മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാ സൗകര്യം ഒരുക്കും.
ആന്‍റിജന്‍ പരിശോധയ്ക്കുള്ള സൗകര്യം, ആവശ്യത്തിന് ആംബുലന്‍സുകള്‍, പിപിഇ കിറ്റുകള്‍, മാസ്കുകള്‍ എന്നിവ ക്ഷേത്രങ്ങള്‍ക്കു സമീപമുള്ള പി.എച്ച്.സികളില്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.
എരുമേലി പേട്ടതുള്ളലിനുള്ള സാമഗ്രികള്‍ തീര്‍ത്ഥാടകര്‍ സ്വന്തമായി വാങ്ങി ഉപയോഗിക്കണം. വാടകയ്ക്ക് എടുക്കുകയോ കൈമാറുകയോ ചെയ്യാന്‍ പാടില്ല. രാസസിന്ദൂരം ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. പകരമായി ജൈവ സിന്ദൂര ലഭ്യത ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണം.
മണിമലയാറ്റിലെയും മീനച്ചിലാറ്റിലെയും കൈത്തോടുകളിലും കുളിക്കടവുകളിലും മറ്റ് ജലസ്രോതസുകളിലും ക്ഷേത്രക്കുളങ്ങളിലും തീര്‍ത്ഥാടകര്‍ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം. മാലിന്യ നിര്‍മാര്‍ജ്ജനത്തിനുള്ള ക്രമീകരണങ്ങള്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം.
ലൈസന്‍സ് നല്‍കുന്ന താത്കാലിക കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്. ഊണിന് അഞ്ചു രൂപ വീതം വര്‍ധിപ്പിച്ചത് ഒഴിച്ചാല്‍ ഭക്ഷണ സാധനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ നിരക്കുതന്നെയായിരിക്കും. എരുമേലിയിലും മറ്റ് ഇടത്താവളങ്ങളിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലും കച്ചവടസ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് ഉണ്ടായിരിക്കണം.
പാതയോരത്തെ കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കും. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ജീവനക്കാരെ 15 ദിവസത്തിലൊരിക്കൽ കോവിഡ് ടെസ്റ്റിന് വിധേയരാക്കും.
എരുമേലിയില്‍ വാഹന പാര്‍ക്കിംഗ് സൗകര്യങ്ങളും ടോയ്ലെറ്റുകളും സജ്ജമായിവരുന്നു. ദേവസ്വം ബോര്‍ഡ് നിശ്ചയിക്കുന്ന പാര്‍ക്കിംഗ് ഫീസ് മാത്രമേ സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങളിലും ഈടാക്കാവൂ.
ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, സബ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡിഎം അനില്‍ ഉമ്മന്‍, അയ്യപ്പ സേവാ സംഘത്തിന്‍റെയും എരുമേലി ജമാഅത്തിന്‍റെയും പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

