സംസ്ഥാനത്ത് ഇന്നും നിയന്ത്രണം
text_fieldsകോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ക്രിസ്ത്യന്‍ കോളജിന് സമീപം പൊലീസ് നടത്തിയ പരിശോധന
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാൻ നടപ്പാക്കിയ നിയന്ത്രണങ്ങളോട് സഹകരിച്ച് കേരളം. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഇന്നലെയും ഇന്നും ഏർപ്പെടുത്തിയത്. ഇൗ നിയന്ത്രണങ്ങളോട് പൊതുവെ അനുകൂലമായാണ് ജനങ്ങൾ പ്രതികരിച്ചത്. ഇന്നും കർശനനിയന്ത്രണങ്ങൾ തന്നെയാകും സംസ്ഥാനത്തുണ്ടാകുക.
കർശനനിയന്ത്രണങ്ങൾക്കിടയിലും ഹയർ സെക്കൻഡറി പരീക്ഷ, വോെട്ടണ്ണൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പരിശീലനം, വാക്സിൻ വിതരണം, പൊതുഗതാഗതം എന്നിവ തടസ്സമില്ലാതെ നടന്നു. അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിച്ചു. ഹോട്ടലുകൾ, റസ്റ്റാറൻറുകൾ എന്നിവയിലൂടെ പാർസൽ, ഹോം ഡെലിവറി എന്നിവ നടന്നു. അത്യാവശ്യയാത്രകൾ അനുവദിച്ചു. കെ.എസ്.ആർ.ടി.സി സർവിസുകളും നടത്തി.
വിവാഹം, ഗൃഹപ്രവേശം ഉൾപ്പെടെയുള്ളവക്ക് പോകുന്നവർക്ക് കോവിഡ് മാനദണ്ഡപ്രകാരം ഇളവുകൾ അനുവദിച്ചിരുന്നു. അത്യാവശ്യയാത്രക്ക് പോകുന്നവർ സത്യപ്രസ്താവന കൈവശം െവക്കണമെന്ന് നിർദേശിച്ചിരുന്നു. മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയവരെ പലയിടത്തും പൊലീസ് തിരിച്ചയച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ യാത്ര ചെയ്തവരെയും സർവിസ് നടത്തിയ ടാക്സികളെയും പിടികൂടി പൊലീസ് പിഴ ഇൗടാക്കി.
പഴം, പച്ചക്കറി, മത്സ്യം, മാംസം വിൽപനക്കാർക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും ജനം കൂടുതലായി പുറത്തിറങ്ങാത്തതിനാൽ അത്തരം കച്ചവടക്കാർക്ക് തിരിച്ചടിയുണ്ടായിട്ടുണ്ട്. സാമ്പത്തിക നഷ്ടമുണ്ടായതായി പല കച്ചവടക്കാരും പറഞ്ഞു.
സര്‍വിസ് നടത്തിയ കെ.എസ്.ആര്.ടി.സി ബസുകളില്‍ യാത്രക്കാരുടെ എണ്ണം തീരെ കുറവായിരുന്നു. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകളിൽ വൈകീേട്ടാടെ തിരക്ക് അനുഭവപ്പെട്ടു. അതിർത്തികളിലും പ്രധാന നിരത്തുകളിലും കർശന പൊലീസ് പരിശോധനയാണ് ഏർപ്പെടുത്തിയിരുന്നത്.
അവശ്യവസ്തുക്കളൊഴികെ സാധനങ്ങള്‍ വില്‍ക്കുന്ന കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ആശുപത്രി, വാക്സിനെടുക്കാന്‍ പോയവര്‍ ഉള്‍പ്പെടെ മതിയായ രേഖകള്‍ കാട്ടിയവരെ യാത്ര ചെയ്യാൻ അനുവദിച്ചു. ഇന്നും സംസ്ഥാനത്ത് ഇത്തരത്തിലുള്ള പരിശോധനയും നിയന്ത്രണങ്ങളും തുടരും. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഇനിയും കടുപ്പിക്കാനാണ് സാധ്യത. തിങ്കളാഴ്ച ചേരുന്ന സർവകക്ഷിയോഗം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

