ചേർത്തല: ഹൃദയാഘാതം മൂലം മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 50ഓളം കുടുംബങ്ങൾ നിരീക്ഷണത്തിൽ. കടക്കരപ്പള്ളി പഞ്ചായത്തിൽ 12ാം വാർഡിൽ പാല്ല്യത്തയ്യിൽ ബേബി ജോർജ് (62) ആണ് ബുധനാഴ്ച പുലർച്ച ഹൃദയാഘാതം മൂലം മരിച്ചത്. അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമായിരുന്നു മരണം.
കോവിഡ് ടെസ്റ്റിനായി മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി സ്രവം എടുത്തശേഷം വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടർന്ന് ഉച്ചക്ക് തൈക്കൽ പള്ളിയിൽ അടക്കം ചെയ്തു. എന്നാൽ, ഫലം വന്നപ്പോഴാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം അറിയുന്നത്.
ഫലം ലഭിക്കാതെ മൃതദേഹം വിട്ടുനൽകിയത് ആരോഗ്യവാകുപ്പിെൻറ ഗുരുതര വീഴ്ചയായാണ് കണക്കാക്കുന്നത്. മരണാനന്തര ചടങ്ങിൽ ധാരാളം പേരാണ് പങ്കെടുത്തത്. തൈക്കൽ പള്ളി സ്ഥിതി ചെയ്യുന്ന ചേർത്തല തെക്ക് പഞ്ചായത്ത് 11ാം വാർഡിലെ നാട്ടുകാരും പള്ളി വികാരിയും ഭീതിയുടെ നിഴലിലാണ്.