കോവിഡേ, ഇത് കേരളമാണ്
text_fieldsപൂട്ടുതുറന്ന് മലയാളികൾ പുറത്തിറങ്ങി, രണ്ടുമാസത്തെ അത്യപൂർവ ജീവിതം മാറുമോ. വിവിധ മേഖലകളിൽനിന്നുള്ള ലോക്ഡൗൺ അതിജീവന അനുഭവങ്ങൾ നൽകിയ പാഠങ്ങൾ വിലപ്പെട്ടതായിരുന്നു. അത് ഒരു പുതിയ മലയാളിയുടെ ജനിതകമായി.
ജീവിതം പൊന്നാകണം -എം.പി. അഹമ്മദ്, ചെയർമാൻ, മലബാർ ഗോൾഡ്
കോവിഡ് തീർത്ത പ്രതിസന്ധി സ്വർണവിപണിക്കുണ്ടാക്കിയ നഷ്ടം തുല്യതയില്ലാത്തതാണ്. വിവാഹ സീസൺ, വിഷു, ഇൗസ്റ്റർ, അക്ഷയ തൃതീയ തുടങ്ങിയ സുപ്രധാന കാലങ്ങളാണ് നഷ്ടമായത്. വരവ് നിലച്ചെങ്കിലും ചെലവ് വലിയ മാറ്റമില്ലാതെ തുടർന്നു. മലബാർ ഗോൾഡിെൻറ പ്രധാന ചാലകശക്തിയായ എൻ.ആർ.െഎ നിക്ഷേപകരുൾപ്പെടെയുള്ളവർക്ക് പ്രതിമാസ വിഹിതം നൽകണമെന്നത് മാനുഷിക വശം കൂടിയാണ്. പലപ്പോഴും ഇൗ നിക്ഷേപത്തിൽ നിന്ന് ചെറിയ വരുമാനം ലഭിച്ച് ദൈനംദിന കാര്യങ്ങൾ നടത്തുന്നവരാണ് ഏറെയും. തൊഴിലാളികളുടെ ശമ്പളം മുടങ്ങരുതെന്നതും പ്രധാന കാര്യമാണ്.
മലബാർ ഗോൾഡ് പത്ത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സംരംഭമാണ്. ലോകം മുഴുവൻ ബാധിച്ച പ്രതിസന്ധി എന്ന നിലയിൽ വലിയ വെല്ലുവിളിയാണ് കോവിഡ് ഉയർത്തിയത്. ചാരിറ്റി പ്രവർത്തനങ്ങൾക്കായി 30 കോടിയിലേറെ രൂപയാണ് മലബാർ ഗോൾഡ് മാറ്റിവെക്കുന്നത്. ഇതിനെയും കോവിഡ് ബാധിക്കും.
വൻ പ്രതിസന്ധികാലം മറികടന്നുവന്നാൽ മലയാളിക്ക് തൊഴിലിനെക്കുറിച്ച കാഴ്ചപ്പാടിൽ വലിയ മാറ്റം അനിവാര്യമാണ്. സ്ത്രീകൾ ഉൾപ്പെടെ എല്ലാവരും എല്ലാ തൊഴിലും ചെയ്യാൻ തയാറാവുന്ന കാലം വരേണ്ടിയിരിക്കുന്നു. വരവ് എപ്പോഴും ചെലവിന് മുകളിൽ ഉറപ്പുവരുത്താൻ സാധിക്കണം. ഗൾഫിൽ നിന്നുള്ള വരുമാനം നിലക്കുന്നത് വിപണിയെയും ജീവിത ചുറ്റുപാടുകളെയും ബാധിക്കും. ഇത് മുൻകൂട്ടിക്കണ്ട് അതിജീവന പദ്ധതികൾ തയാറാക്കേണ്ടിയിരിക്കുന്നു. മണ്ണും ഭൂപ്രകൃതിയും മാത്രമല്ല, മികച്ച മനുഷ്യവിഭവശേഷികൊണ്ടും അനുഗ്രഹിക്കപ്പെട്ട നാടാണ് കേരളം. ലക്ഷ്യവും ഭാവനയുമുള്ള നേതൃത്വത്തിന് നല്ല നാളെകളെ സൃഷ്ടിക്കാനാവും.
കിളികളുടെ ഉത്സവകാലം -അഡ്വ. ഹരീഷ് വാസുദേവൻ
പൊതുജനാരോഗ്യം എന്നാൽ ശുദ്ധവായു, ശുദ്ധജലം, നല്ല ഭക്ഷണം എന്നതുകൂടി ഉൾപ്പെട്ടതാണ്. മലിനീകരണം ജനകോടികളുടെ ആരോഗ്യത്തെ പയ്യപ്പയ്യെ കൊല്ലുന്നത്, അവരുടെ രോഗപ്രതിരോധശേഷി തകർക്കുന്നത് നാം തിരിച്ചറിയണം. വികസനത്തിൽ ഇനി ഇതും ഉൾപ്പെടുത്തണം. അപ്പോഴേ ദീർഘദൂരം പോകാനാകൂ. കോവിഡ് പോയാലും വരുന്ന വൈറസുകളോട് പൊരുതിജയിക്കാൻ നാം ഇതും ഓർക്കണം.
ആരോഗ്യം എന്നതിനെപ്പറ്റി പുതിയ വ്യാഖ്യാനവും കാഴ്ചപ്പാടുമാണ് വേണ്ടതെന്നാണ് കോവിഡ് മുന്നോട്ടുവെക്കുന്ന പാഠങ്ങളിലൊന്ന്. വ്യക്തി ആരോഗ്യം, സാമൂഹിക ആരോഗ്യം എന്നതുപോലെ പ്രധാനമാണ് പാരിസ്ഥിതിക ആരോഗ്യം. ഇത് മൂന്നും ചേരുമ്പോഴേ ആരോഗ്യം പൂർത്തിയാകൂ. പാരിസ്ഥിതിക ആരോഗ്യത്തെപ്പറ്റി ഇനിയെങ്കിലും ഗൗരവമായി ചിന്തിച്ചില്ലെങ്കിൽ ഭൗതികവികസന നേട്ടങ്ങളെല്ലാം ഓരോ വൈറസ് ആക്രമണകാലത്തും നിഷ്ഫലമാകും. ചർച്ചകൾക്കപ്പുറം എന്തെങ്കിലും ചെയ്യാൻ സർക്കാർ ശ്രമിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.
പഴയപടിയിലാകാതിരിക്കാൻ
ഏതൊരു പരിസ്ഥിതി പഠനത്തിനും ബേസ് ലൈൻ േഡറ്റ വേണം. ഒരു സ്ഥലത്തെ വായുവിെൻറയോ ജലത്തിെൻറയോ മണ്ണിെൻറയോ ഒക്കെ സ്വാഭാവിക ഗുണനിലവാരം എത്രയാണെന്ന് അളന്നു തിട്ടപ്പെടുത്തൽ ആണ് ബേസ്ലൈൻ േഡറ്റ ശേഖരണം.
ഒരു നിർമാണ/ നശീകരണപ്രവൃത്തി വരുമ്പോൾ ഗുണനിലവാരം എത്ര കുറയാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രീയമായി അനുമാനിക്കണം. അത് അനുവദനീയമായ അളവിൽ കുറയാതിരിക്കാനുള്ള ശാസ്ത്ര-സാങ്കേതികവിദ്യ ആ പ്രവൃത്തിയുടെ ഭാഗമാക്കാൻ നിർദേശിക്കണം. അതാണ് പരിസ്ഥിതി ആഘാത പഠനം. വായുവിെൻറയും ജലത്തിെൻറയും ഗുണനിലവാരം നിലനിർത്താനുള്ള പരിസ്ഥിതി പരിഹാര പദ്ധതിയിൽ പറഞ്ഞ കാര്യങ്ങൾ മലിനീകരണം നടത്തുന്നയാളുടെ ചെലവിൽ സ്ഥാപിക്കണം. അപ്പോൾ വായു-ജല ഗുണം നിലനിർത്തുന്ന സുസ്ഥിരവികസനം സാധ്യമാക്കാം. ഇതാണ് വായു-ജല-പരിസ്ഥിതി സംരക്ഷണ നിയമങ്ങളുടെ കാതൽ. അപ്പോൾ എന്തുകൊണ്ട് ഈ നിയമങ്ങൾ നടപ്പാക്കുന്നില്ല? പരിഹാരപദ്ധതികൾ യഥാക്രമം ചെയ്താൽ ലാഭം കുറയുമെന്ന കാരണത്താൽ മലിനീകരണ നിയന്ത്രണ ഉപാധികൾ സ്ഥാപിക്കാൻ മടിക്കുന്നതോ, പേരിന് സ്ഥാപിച്ചാൽത്തന്നെ പ്രവർത്തിപ്പിക്കാത്തതോ ആണ് മിക്ക മലിനീകരണത്തിെൻറയും കാരണം.
ഇതാണ് അവസരം
ഒരു പുഴയുടെയും വെള്ളത്തിെൻറ യഥാർത്ഥ നിലവാരം അളക്കാൻ കഴിയില്ല. അല്ലെങ്കിൽ മലിനീകരണം ഉണ്ടാക്കാൻ സാധ്യതയുള്ള എല്ലാം അടച്ചിടാൻ ഉത്തരവിട്ടിട്ട് പഠനം നടത്തണം. അത് പ്രായോഗികമല്ലല്ലോ. ലോക്ഡൗൺ ഒരു സാധ്യതയാണ്. ഇപ്പോൾ നടത്തുന്ന പഠനത്തിൽ യഥാർഥ ഗുണനിലവാരം മാത്രമല്ല, ആ ഗുണം ഉണ്ടായാൽ മനുഷ്യർക്കും പ്രകൃതിക്കും എന്തൊക്കെ അനുകൂല ഘടകങ്ങൾ ഉണ്ടാകുമെന്നും പഠിക്കാം. പുഴയിൽ ഏതൊക്കെ മത്സ്യങ്ങൾ, എത്ര കൂടി, വംശനാശഭീഷണിയുള്ള ഏതൊക്കെ ജീവജാലങ്ങൾ വംശവർധനവ് നടത്തി, ചില ഭാഗത്തെ വായു/ ജല ഗുണം കൂടിയപ്പോൾ പുതുതായി ആ പ്രദേശം ആവാസത്തിന് തെരഞ്ഞെടുത്ത ജീവികൾ ഏതൊക്കെ എന്നെല്ലാം പഠിക്കാനും ഗുണവശം രേഖപ്പെടുത്താനും പറ്റും. അവയുടെ ഇക്കോ സിസ്റ്റം സർവിസസ് അളക്കാനും കഴിയും. അതുമൂലം മനുഷ്യർക്ക് ആരോഗ്യമേഖലയിൽ ഉണ്ടായ മെച്ചവും കണക്കാക്കാം. അതിെൻറ പണാധിഷ്ഠിത മൂല്യംപോലും കണക്കാക്കാൻ പഠനങ്ങൾക്ക് കഴിയും. ഇത് മറ്റൊരിക്കൽ ഇതുപോലെ പറ്റിയെന്നുവരില്ല.
കേരള മലിനീകരണ നിയന്ത്രണ ബോർഡ് ഈയിടെ നടത്തിയ പഠനത്തിൽ, വായുവിെൻറ ഗുണനിലവാരം 40% വർധിച്ചു എന്ന് കണ്ടെത്തി. ഇത് എത്ര നിലനിർത്താൻ കഴിയും? പേരിനുള്ള പുകപരിശോധനക്കുപകരം വെള്ളം ചേർക്കാത്ത സംവിധാനം ഉണ്ടാക്കാം. ഏതൊക്കെ സോഴ്സുകളിൽനിന്നാണ് ഇനി മലിനീകരണം ഉണ്ടാകുക എന്നുനോക്കി പരിഹാരപദ്ധതി തയാറാക്കി അവ പാലിക്കുന്നു എന്നുറപ്പാക്കിയിട്ടേ തുറക്കാവൂ എന്ന് നിർദേശിക്കാം. ഈ ഉറവിടങ്ങളെ എളുപ്പം അവർ പ്രവർത്തിക്കുന്ന സ്ഥലത്തെയും (ജിയോ ടാഗിങ്) മലിനീകരണ സാധ്യതയേയും മാനദണ്ഡമാക്കി മാപ്പ് ചെയ്ത് പൊതുജനസമക്ഷം നൽകാം. അത്തരം മലിനീകരണ സ്രോതസ്സുകളെ പബ്ലിക് ഓഡിറ്റിൽ കൊണ്ടുവരാം. പൊതുജന വിജിലൻസ് വഴി മലിനീകരണം ഉണ്ടാകുമ്പോഴുള്ള അറിയിപ്പ് സംവിധാനം ഉറപ്പാക്കാം.
പഴകിദ്രവിച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ശരിയായി ഓടുന്നുണ്ട് എന്നുറപ്പാക്കാതെ ഒരു സ്ഥാപനവും തുറക്കരുത്. മനുഷ്യജീവനും പരിസ്ഥിതിക്കും കേവല ജി.ഡി.പിയെക്കാൾ വിലയുണ്ട്. ഫലത്തിൽ, വായു-ജല മലിനീകരണം പഴയപടി സാധ്യമല്ലെന്ന ഒരു സന്ദേശം മലിനീകരിക്കുന്നവർക്ക് നൽകാനാവും.
ചെറിയ ഉൽപാദന യൂനിറ്റുകളിലാണ് പ്രതീക്ഷ -ടി.എസ്. പട്ടാഭിരാമൻ, ചെയർമാൻ, കല്യാൺ സിൽക്സ്
രണ്ടുമാസം അടഞ്ഞുകിടക്കുക എന്ന ഞെട്ടലിൽനിന്ന് മുക്തമായിട്ടില്ല. വ്യക്തി എന്ന നിലയിലെ വരുമാന നഷ്ടമല്ല, 5000 ജീവനക്കാരുടെ ഉത്തരവാദിത്തം കൂടിയുണ്ടല്ലോ. എന്നിട്ടും, കഴിഞ്ഞ രണ്ടുമാസത്തെ ശമ്പളം കൊടുക്കാനായി. പെരുന്നാൾ സീസണായിട്ടും കാര്യമായി ബിസിനസ് ഉണ്ടായിട്ടില്ല. ബിസിനസുകാരൻ എന്ന നിലയിൽ ഭാവിയെ ഭയപ്പാടോടെ മാത്രമേ നോക്കിക്കാണാനാകൂ. കേരളത്തെ സംബന്ധിച്ചിടത്തോളം ചെറുകിട വ്യാപാരികളും ഇടത്തരം വ്യാപാരികളുമാണ് കൂടുതലുള്ളത്. വൻകിടക്കാർ അധികമില്ല. ജി.ഡി.പിയിൽ 60 ശതമാനവും വ്യാപാരികളാണ്. കേന്ദ്ര ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജിൽ അവരെ പരാമർശിക്കുന്നതേയില്ല. അതിൽ പ്രതിഷേധമുണ്ട്.
വിഷു, ഇൗസ്റ്റർ, റമദാൻ- ഇൗ മൂന്ന് സീസൺ മുന്നിൽകണ്ടാണ് ടെക്സ്റ്റൈലുകൾ ഉൾപ്പെടെ വ്യാപാരികൾ സ്റ്റോക് സംഭരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ സ്റ്റോക് കെട്ടിക്കിടപ്പാണ്. പണം തിരിച്ചടക്കാൻ സാധിച്ചിട്ടുമില്ല. ഇന്നത്തെ സാഹചര്യത്തിൽ പലിശ ഒഴിവാക്കിയുള്ള മൊറേട്ടാറിയം ആണ് ആവശ്യം.
ലോകത്ത് മാനുഷികവിഭവശേഷി കൂടുതലുള്ളതും ജനാധിപത്യം ഉള്ളതും ഇന്ത്യയിലാണ്. അതിനാൽ, ലോകത്തിെൻറ ശ്രദ്ധ ഇനി ഇന്ത്യയിലാവും. ചെറിയ ഉൽപാദന യൂനിറ്റുകൾ ഇവിടെ വികസിപ്പിക്കാനായാൽ അത് ഗുണം ചെയ്യും. ടെക്സ്ൈറ്റൽ മേഖലയുടെ സിരാകേന്ദ്രം മുംബൈ, അഹ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളാണ്. ഇൗ മൂന്നിടത്തുമാണ് കോവിഡിെൻറ അതിപ്രസരം.
അവിടെ നിർമാണ യൂനിറ്റുകൾ സജീവമാകണമെങ്കിൽ സമയവുമെടുക്കും. കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിൽ നിർമാണ യൂനിറ്റുകൾ കൂടുതൽ വരാനുള്ള സാഹചര്യമുണ്ടായാൽ അത് ഗുണം ചെയ്യുമെന്നാണ് വിശ്വാസം. തൃശൂരിൽ വസ്ത്ര നിർമാണ യൂനിറ്റ് തുടങ്ങാൻ ആലോചനയുണ്ട്. വ്യവസായമന്ത്രി സർക്കാറിൽനിന്ന് സഹായം ഉറപ്പും നൽകിയിട്ടുണ്ട്. ഇതിലാണ് പ്രതീക്ഷ.
ഒരു നേരമെങ്കിലും കാണാതെ വയ്യ...
പതിനായിരങ്ങളുടെ നാരായണ നാമമന്ത്രങ്ങളില്ല, ഗുരുവായൂർ ക്ഷേത്ര നടയും നാലമ്പലവും നിശ്ശബ്ദം. മേൽശാന്തിക്കാരും കഴകക്കാരും അത്യാവശ്യം ഉദ്യോഗസ്ഥരും സെക്യൂരിറ്റി ജീവനക്കാരും മാത്രം. ദീപസ്തംഭത്തിനുമുന്നിൽനിന്ന് ശ്രീകോവിലിനുള്ളിലെ ഒരു ദീപനാളമെങ്കിലും കണ്ട് തൊഴാൻ ഭക്തർ ആഗ്രഹിച്ചെങ്കിലും അതിനും വിലക്കായി. ചടങ്ങുകൾ മാറ്റമില്ലാതെ നടക്കുന്നുണ്ട്. പുലർച്ച മൂന്നിന് നട തുറന്ന് നിർമാല്യ ദർശനവും അഭിഷേകങ്ങളും. ഗണപതി ഹോമവും ഉഷപൂജയും കഴിഞ്ഞു ശീവേലി എഴുന്നള്ളിക്കും, ഒരു ആനമാത്രം. പന്തീരടിപൂജയും ഉച്ചപൂജയും കഴിഞ്ഞ് രാവിലെ പത്തോടെ നട അടക്കും. ആയിരക്കണക്കിന് ഭക്തരുടെ മധ്യത്തിൽ നടന്നിരുന്ന ശീവേലിയിപ്പോൾ വിജനമായ വഴിയിലൂടെയാണ്. വൈകീട്ട് 4.30നു നട തുറന്നാൽ പൂജകൾക്കു ശേഷം രാത്രി എട്ടരയോടെ അടക്കും. ഉദയാസ്തമന പൂജയില്ല, വിളക്കെഴുന്നള്ളിപ്പില്ല, കൃഷ്ണനാട്ടമില്ല. ദിവസം 200ലധികം വിവാഹം നടന്നിരുന്ന മണ്ഡപങ്ങൾ ഉറങ്ങിക്കിടക്കുന്നു. ചോറൂണിന് കൊണ്ടുവരുന്ന നൂറുകണക്കിന് കുഞ്ഞുങ്ങളുടെ കിളിക്കൊഞ്ചലുകളുമില്ല, പ്രസാദ ഊട്ടിെൻറ നീണ്ട വരിയില്ല. ക്ഷേത്രം അടഞ്ഞു കിടന്നാൽ പിന്നെ ക്ഷേത്രനഗരത്തിനെന്ത് പ്രസക്തി? നഗരവും ഉറക്കത്തിലാണ്. നൂറു കണക്കിന് ലോഡ്ജുകളും ഹോട്ടലുകളും കടകളും അടഞ്ഞു കിടക്കുന്നു.
വീടിെൻറ ‘ഉപ്പും മുളകും’ -നിഷ സാരംഗ് സിനിമ- സീരിയൽ അഭിനേത്രി
‘ഉപ്പും മുളകും’ സീരിയലിെൻറ തിരക്കുകളിൽനിന്ന് വ്യക്തിപരമായ ജീവിതത്തിലേക്ക് പറിച്ചുനട്ട കാലമാണ് ലോക്ഡൗൺ. വീട്ടിലും തിരക്കാണ്. പഴയ കൂട്ടുകാെര വിളിച്ച് സൗഹൃദം പുതുക്കാനായതാണ് സന്തോഷകരം. വീട്ടിലിരുന്ന് ചില എപ്പിസോഡും ചെയ്യാനായി. പ്രേക്ഷകരുടെ സ്നേഹത്തിന് ഒരു കുറവുമില്ലെന്നത് സന്തോഷകരം. സീരിയൽ ചെയ്യാതാവുമ്പോൾ കുടുംബത്തിെൻറ വരുമാനം കൂടിയാണ് നിലക്കുന്നത്. ഒരുപാട് കലാകാരന്മാരുടെയും അണിയറ പ്രവർത്തകരുടെയും ആശങ്ക ഇതുതന്നെയാണ്. ഞാനൊരു ശുഭാപ്തി വിശ്വാസിയാണ്. എത്രയും പെട്ടെന്ന് സ്ഥിതി പഴയതുപോലെ ആവട്ടെ എന്നാണ് പ്രാർഥനയും പ്രതീക്ഷയും.
വർക്ക് @ ഹോം സേഫാണ്, ഇൗസിയല്ല -കെ.പി. ഗോകുൽ, സോഫ്റ്റ്വേർ െഡവലപർ, വേബിയോ, ടെക്നോപാർക്
പാപ്പനംകോെട്ട വീട്ടിൽനിന്ന് രാവിലെ ടെക്നോപാർക്കിലേക്ക്, വൈകീട്ട് തിരിച്ച് 20 കിലോമീറ്റർ സഞ്ചരിച്ച് വീട്ടിേലക്ക്... ഇതായിരുന്നു യാത്രാചര്യ. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ രണ്ടുമാസം ‘വർക് അറ്റ് ഹോം’. സോഫ്റ്റ്വേർ ഡെവലപർ എന്ന നിലയിൽ ജോലിചെയ്യുേമ്പാൾ അനിവാര്യമായ ‘ഗ്രൂപ് ഡിസ്കഷന്’ ബദൽ സംവിധാനം കണ്ടെത്തേണ്ടി വരുമെന്നതായിരുന്നു പ്രതിസന്ധി. ഒാഫിസിൽ ഒരുമിച്ചിരുന്ന് ചർച്ചചെയ്ത ശേഷമാണ് ടാസ്ക്കും അസൈൻെമൻറും നിശ്ചയിച്ചിരുന്നത്. രാവിലെ പത്തോടെ ടീമിലെ എല്ലാവരും അടങ്ങിയ ഗ്രൂപ് കാളാണ് ഇതിന് പകരമായി ചെയ്യുന്നത്. വർക് അറ്റ് ഹോമിൽ അറിഞ്ഞോ അറിയാതെയോ വീട്ടിലെ കാര്യങ്ങളുമായി ഇടപഴകേണ്ടിവരും. കട വൈകീട്ട് അഞ്ചിന് അടച്ചിരുന്ന സമയത്ത് അത്യാവശ്യസാധനങ്ങളും മറ്റും വാങ്ങാൻ പോകേണ്ടിവരും. അപ്രതീക്ഷിത ൈവദ്യുതി തടസ്സമാണ് മറ്റൊരു പ്രശ്നം. ഒാഫിസിലാകുേമ്പാൾ ഇൗ പ്രശ്നമില്ലല്ലോ.
രക്ഷിച്ചെടുത്തു, രോഗശയ്യയിൽനിന്ന് -ഫാ. പോൾ കരേടൻ, ഡയറക്ടർ, ലിസി ആശുപത്രി, കൊച്ചി
സ്വകാര്യ ആശുപത്രികൾക്ക് ലോക്ഡൗൺ വലിയൊരു ലോക്കായിരുന്നു. മുന്നിൽ വലിയൊരു സ്ഥാപനം, രോഗികൾ, ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ.... എങ്ങനെ മുന്നോെട്ടന്ന ചിന്ത വല്ലാതെ അലട്ടി. എങ്കിലും കരുതലോടെ പ്രയത്നിച്ചു. രണ്ടുമാസം പൂർത്തിയാകുേമ്പാൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. വലിയ വെല്ലുവിളി രോഗികളുടെ സുരക്ഷയായിരുന്നു. അതിന് തെർമൽ സ്കാനിങ് ഉൾപ്പെടെ സജ്ജീകരിച്ചു.
ബ്രേക് ദി ചെയിൻ കാമ്പയിൻ മുതൽ െഎസൊലേഷൻ വാർഡുകൾവരെ സജ്ജീകരിക്കേണ്ടിവന്നത് ബാധ്യതയായി. രോഗികളുടെ എണ്ണത്തിൽ 20 ശതമാനം ഇടിവുണ്ടായി. മേജർ ശസ്ത്രക്രിയ തിയറ്ററുകൾ ഒഴികെ മറ്റെല്ലാം അടച്ചിടേണ്ടിവന്നു.
ഡോക്ടർമാരും നഴ്സുമാർ ഉൾപ്പെടെ ജീവനക്കാരും ആശുപത്രിയിൽ എത്താൻ പ്രയാസപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ടിലും എല്ലാവർക്കും ശമ്പളം നൽകാൻ വലിയൊരു തുക കണ്ടെേത്തണ്ടതായും വന്നു. ഇതിനിടെ രണ്ട് മേജർ ശസ്ത്രക്രിയ നടത്തി, വിജയകരമായി. ഒന്ന് തമിഴ്നാട്ടിൽനിന്നുള്ള നവജാത ശിശുവിന് നടത്തിയ ഹൃദയ ശസ്ത്രക്രിയയും മറ്റൊന്ന് ഹൃദയം മാറ്റിവെക്കലും. അത് അഭിമാനകരമാണ്. ഇളവു വന്നതോടെ പ്രവർത്തനം സുഗമമായിവരുകയാണ്. ഇപ്പോൾ രോഗികളുടെ എണ്ണം 60 ശതമാനത്തിലേക്കെത്തിയത് പ്രതീക്ഷ നൽകുന്നു.
സദാ മിടിച്ചുകൊണ്ടിരിക്കുന്നു, മെഡിക്കൽ കോളജ്
കോവിഡ് കാലത്തെ ഒരു മെഡിക്കൽ കോളജിെൻറ ജീവിതം അറിയുക, നമ്മുടെ പൊതുജനാരോഗ്യപ്രവർത്തനത്തിെൻറ മിടിപ്പ് അറിയൽതന്നെയാണ്. കോഴിക്കോട് ജില്ലയിലെ കോവിഡ് സ്പെഷൽ ആശുപത്രിയായ മെഡിക്കൽ കോളജ് അഹോരാത്രം പ്രവർത്തിക്കുകയായിരുന്നു. പ്രധാന േബ്ലാക്ക് പൂർണമായും കോവിഡ് രോഗികൾക്കുവേണ്ടി മാറ്റി, പേ വാർഡുകളിൽ െഎസോലേഷൻ വാർഡുകളും െഎ.സി.യുവുകളും ഒരുക്കി. രോഗം പകരാതിരിക്കാൻ നെഗറ്റീവ് പ്രഷർ െഎ.സി.യുവുകളും തിയറ്ററുകളും ഒരുക്കി.
ജീവനക്കാരെ കോവിഡ് പ്രോേട്ടാക്കോൾ പ്രകാരം മൂന്നു ഗ്രൂപ്പായി തിരിച്ചായിരുന്നു ചികിത്സ. ഒരു ഗ്രൂപ് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനും ഒരു ഗ്രൂപ് സാധാരണ രോഗികളെ ചികിത്സിക്കുന്നതിനും. മറ്റൊരു ഗ്രൂപ്പിനെ റിസർവിൽവെച്ചു. രോഗികളെ ചികിത്സിക്കുന്നവർക്ക് രോഗം ബാധിച്ചാൽ പകരം ഡ്യൂട്ടി എടുക്കുന്നതിനു വേണ്ടിയാണ് മൂന്നാമത്തെ ഗ്രൂപ്പിനെ മാറ്റിനിർത്തിയത്.
15-17 ഡോക്ടർമാരുൾപ്പെടുന്ന ടീമാണ് ഒരു സമയം ഡ്യൂട്ടിയിൽ. ഒരു അസി. പ്രഫസർ, പി.ജി ഡോക്ടർ, ഹൗസ് സർജൻ, നഴ്സ്, നഴ്സിങ് അസിസ്റ്റൻറ്, ശുചീകരണ െതാഴിലാളി എന്നിവരെ രോഗികളുള്ള എല്ലാ വാർഡുകളിലും െഎ.സി.യുവുകളിലും ഉറപ്പുവരുത്തിയാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ഒരു ടീമിന് 10 ദിവസം വീതമാണ് ഡ്യൂട്ടി. മൂന്ന് നോഡൽ ഒാഫിസർമാർ വീതമാണ് കോവിഡ് പ്രവർത്തനം നിയന്ത്രിക്കുന്നത്. ട്രയാജിലും െഎസോലേഷൻ വാർഡിലും 12 മണിക്കൂറും െഎസോലേഷൻ െഎ.സി.യുവിൽ ആറു മണിക്കൂറുമാണ് ഡ്യൂട്ടി. കോവിഡ് രോഗികളുള്ള വാർഡുകളിൽ ഡ്യൂട്ടി ചെയ്യുന്നവർക്ക് വീടുകളിൽ പോകാൻ അനുവാദമില്ല. ഡ്യൂട്ടിക്ക് ശേഷം 10 ദിവസത്തെ ക്വാറൻറീനും കഴിഞ്ഞ ശേഷം മാത്രമേ വീട്ടിലേക്ക് വിടൂ.
മടിച്ചുമടിച്ച് മിഠായ്തെരുവ്
കോഴിക്കോട് നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമാണ് മിഠായ്തെരുവ്. ചെറുതും വലുതുമായി 1360 വ്യാപാരസ്ഥാപനങ്ങളുണ്ടിവിടെ. കയറ്റിറക്കു മേഖലയിലടക്കം പതിനായിരത്തോളം തൊഴിലാളികൾ. നഗരത്തിൽ മറ്റെവിെടയും വ്യാപാരമാന്ദ്യമുണ്ടാവുേമ്പാഴും സജീവമായിരിക്കും എന്നത് ഇൗ പൈതൃകത്തെരുവിെൻറ സവിശേഷതയാണ്.
വിഷു, ഇൗസ്റ്റർ, പെരുന്നാൾ, വിവാഹ- ഉത്സവ സീസൺ കച്ചവടങ്ങൾ ലോക്ഡൗണിൽ നഷ്ടമായി. പെരുന്നാളിനോടനുബന്ധിച്ച് മിഠായിതെരുവ് തുറന്നെങ്കിലും പ്രയോജനമുണ്ടായില്ല എന്നാണ് വ്യാപാരികൾ പറയുന്നത്. വൈദ്യുതി ബില്ലും വാടകയും ഉൾെപടെ ബാധ്യത, ചരക്കുകൾ കെട്ടിക്കിടന്നതുമൂലമുണ്ടായ നഷ്ടം, ഫാഷൻ ഒൗട്ടാവുന്ന സാധനങ്ങൾ വിറ്റഴിക്കാനാവതെയുണ്ടാവുന്ന നഷ്ടം തുടങ്ങിയവ ഇൗ വ്യാപാരത്തെരുവിെൻറ നടുവൊടിക്കും.
ചെറുകിട സംരംഭകരാണ് വ്യാപാരികൾ. യുവാക്കൾ ചേർന്നുള്ള കച്ചവടങ്ങൾ ഏറെയുണ്ട്. വലിയ സാമ്പത്തിക അടിത്തറയില്ലാത്തവരാണേറെയും. അതിനാൽ പ്രതിസന്ധിയെ അതിജീവിക്കാൻ അധികം പേർക്കും കഴിയില്ല എന്ന് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു.
എന്നുണരും ബ്രോഡ്വേയുടെ സിരകൾ?
സിരകളിൽ ആൾത്തിരക്കിെൻറ പ്രവാഹമൊളിപ്പിച്ച എറണാകുളം ബ്രോഡ്വേ, മാർക്കറ്റ്... ലോക്ഡൗണിൽ ലോകത്തിനൊപ്പം നിശ്ചലമായി. ലോക്ഡൗണിന് രണ്ടു മാസം പൂർത്തിയാവുമ്പോൾ, പതിയെ പതിയെ കടകൾ തുറന്നെങ്കിലും സാധനം വാങ്ങാനെത്തുന്നവരുടെ എണ്ണം കുറവാണ്. സൂചി കുത്താനിടമില്ലാത്ത സ്ഥിതിയാണ് പെരുന്നാളിനു മുമ്പുള്ള ദിനങ്ങളിൽ.
ഇത്തവണ കച്ചവടം പേരിനുമാത്രമേ നടന്നുള്ളൂവെന്ന് കേരള മർച്ചൻറ്സ് ചേംബർ ഒാഫ് കോമേഴ്സ് എക്സി. അംഗം കെ.എം. മുഹമ്മദ് സഗീർ പറയുന്നു. സാധനങ്ങൾ വിറ്റഴിയാതെ, ജീവനക്കാർക്ക് വേതനം നൽകാനാവാതെ ദുരിതത്തിലാണ് ഓരോ വ്യാപാരിയും. വാടക കിട്ടാത്തതിെൻറ സങ്കടം കടയുടമക്ക് വേറെയും.
നാട് പഴയ ജീവിതക്രമത്തിലേക്ക് മാറാതെ, പെട്ടെന്നൊന്നും ഈ ദുരിതം തീരില്ലെന്ന് ഓരോരുത്തരും വേദനയോടെ പറയുന്നു. സ്കൂൾ സീസണിനെ കുറിച്ചും പ്രതീക്ഷയില്ല. പെരുന്നാളും വിഷുവും ഇങ്ങനെ പോയി, ഓണത്തിനെങ്കിലും സ്ഥിതി മെച്ചപ്പെട്ടാൽ മതിയായിരുന്നുവെന്ന പ്രാർഥനയാണ് വ്യാപാരികൾക്ക്.
ജുമുഅ, ഫേസ്ബുക്ക് ലൈവിൽ -മൗലവി വി.പി സുഹൈബ്, ഇമാം, പാളയം ജുമ മസ്ജിദ്
ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുേമ്പ പാളയം ജുമാ മസ്ജിദ് മുൻകരുതൽ സ്വീകരിച്ചിരുന്നു. ജുമുഅ ഖുതുബയും നമസ്കാരവുമടക്കം15 മിനിറ്റിൽ പരിമിതപ്പെടുത്തി. ജീവനക്കാരായ രണ്ടോ മൂന്നോ പേർ ചേർന്നാണ് ജമാഅത്ത് നമസ്കാരം നിർവഹിക്കുന്നത്. വെള്ളിയാഴ്ചയിലെ ജുമുഅ ഖുത്ബ നഷ്ടപ്പെടുന്നതാണ് വിശ്വാസികളെ സംബന്ധിച്ച് പ്രയാസമുള്ള കാര്യം, വിശേഷിച്ചും റമദാനിൽ. എന്നാൽ എല്ലാ വെള്ളിയാഴ്ചകളിലും ഫേസ്ബുക്ക് ലൈവ് ജുമുഅ സന്ദേശം നൽകുന്നുണ്ട്. 45 മിനിറ്റോളം നീളുന്ന ഇൗ ഉൽബോധനങ്ങൾ ജുമുഅ നഷ്ടപ്പെടുന്നവർക്ക് വലിയ ആശ്വാസമാണ്.
ബാങ്ക് അക്കൗണ്ട് വഴിയാണ് ഇക്കുറി സകാത്ത് സമാഹരിച്ചത്. ധാന്യങ്ങളുടെ സകാത്തിനും (ഫിത്ർ സകാത്ത്) ബദൽ ക്രമീകരണം ഏർപ്പെടുത്തി. മാനദണ്ഡങ്ങൾ പാലിച്ച് അർഹർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തു.
(തയാറാക്കിയത്: കെ. നൗഫൽ, പി.പി. പ്രശാന്ത്, എ. സക്കീർ ഹുസൈൻ, പി. ഷംസുദ്ദീൻ, എബി തോമസ്, എം. ഷിബു, നഹീമ പൂന്തോട്ടത്തിൽ, കെ.പി. ഷിജു, ഷംനാസ് കാലായിൽ, ഗാർഗി, ലിജിത്ത് തരകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
