കോവിഡ് ബാധിച്ച് ഗൾഫിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം വടക്കാങ്ങര വടക്കേകുളമ്പ് പള്ളിയാലിൽ ശിഹാബുദ്ദീൻ (37)ജിദ്ദയിലും തൃശൂർ കാഞ്ഞാണി മണലൂർ സ്വദേശി പുത്തൻകുളം പള്ളിക്കുന്നത്ത് വർഗീസ് (61) സൗദിയിലും അരൂക്കുറ്റി 12ാം വാർഡിൽ ചെന്നാളിൽ സി.എം. അബ്ദുൽ ഖാദർ ഹാജിയുടെ മകൻ ഷിഹാബുദ്ദീൻ (50) ഒമാനിലുമാണ് മരിച്ചത്.
ജിദ്ദ അൽജാമിഅ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലായിരുന്നു പള്ളിയാലിൽ ശിഹാബുദ്ദീെൻറ മരണം. പത്ത് വർഷത്തിലധികമായി സെയിൽസ്മാനാണ്. നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്. നാട്ടിൽ പുതിയ വീടിെൻറ നിർമാണം അവസാനഘട്ടത്തിലായിരുന്നു. പ്രവാസം മതിയാക്കി പുതിയ വീട്ടിൽ താമസം ആരംഭിക്കാനിരിക്കെയാണ് അന്ത്യം. പിതാവ്: പരേതനായ അബ്ദു. മാതാവ്: സൈനബ മേലേപിടിയൻ (കാച്ചിനിക്കാട് ). ഭാര്യ: പരി ഷംല (ഹാജിയാർപള്ളി). മക്കൾ: മുഹമ്മദ് ഷാമിൽ (എട്ട്), ഫാത്വിമ ഷഹ്മ (നാല്). സഹോദരങ്ങൾ: സിദ്ദീഖ് ഫൈസി (റിയാദ്), സിറാജുദ്ദീൻ, ഷബീബ്, സുലൈഖ, സുമയ്യ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ അറിയിച്ചു.
കഴിഞ്ഞ അഞ്ചിന് നാട്ടിൽ വരാനിരിക്കെയാണ് വർഗീസിെൻറ മരണം. മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടാൻ വൈകിയതിനെ തുടർന്ന് വരാനായില്ല. സൗദി ഖമീസ് മുശൈത്തിലെ ജ്വല്ലറിയിൽ സെയിൽസ്മാനായിരുന്നു. മൃതദേഹം സൗദിയിൽ സംസ്കരിക്കും. ഭാര്യ: മിനി. മക്കൾ: നൊയൽ, അൽക്ക.
30 വർഷമായി ഒമാനിൽ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു ഷിഹാബുദ്ദീൻ. കുടുംബസമേതം ഒമാനിലാണ്. ഞായറാഴ്ച വൈകീട്ട് 6.10നാണ് നാട്ടിൽ മരണ വിവരം അറിഞ്ഞത്. ഖബറടക്കം ഒമാനിൽ നടത്തും. ഭാര്യ: വഹീദ. മക്കൾ: ഷിബിനാസ്, റിയ. സഹോദരങ്ങൾ: മുഹമ്മദ് ഷാനി, നജ്മ അഷറഫ്. മാതാവ്: ഹലീമ.