ചാലക്കുടി: കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം സംസ്കരിക്കാൻ യുവജനങ്ങൾ മാതൃകാപരമായി മുന്നിട്ടിറങ്ങി. ചാലക്കുടി നഗരസഭയിലെ അഞ്ചാം വാർഡിലെ അലവി സെൻറർ സ്വദേശി മടപ്പിള്ളി അബൂബക്കറിെൻറ (69) മൃതദേഹം സംസ്കരിക്കാനാണ് യുവാക്കൾ സഹായഹസ്തവുമായി മുന്നോട്ടുവന്നത്.
കോവിഡ് ഭീതി പരത്തുന്ന സാഹചര്യത്തിൽ ഡി.വൈ.എഫ്.ഐ, എസ്.വൈ.എസ് സംഘടനകളുടെ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിക്കുകയായിരുന്നു.തിരുവോണ ദിവസമായതിനാൽ നഗരസഭയിൽ ജീവനക്കാരുടെ കുറവും മറ്റുള്ളവരുടെ ഭീതിയും കൂടിയായപ്പോഴാണ് സമാനതകളില്ലാതെ ദൗത്യം യുവജന സംഘടന പ്രവർത്തകർ ഏറ്റെടുത്തത്.
ഡി.വൈ.എഫ്.ഐ ചാലക്കുടി ബ്ലോക്ക് സെക്രട്ടറി ജിൽ ആൻറണി, ബ്ലോക്ക് ട്രഷററും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവുമായ നിധിൻ പുല്ലൻ എന്നിവരാണ് സ്വയം തയാറായി സഹായവുമായി വന്നത്. രണ്ട് ബന്ധുമിത്രാദികളടക്കം എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകരും ചേർന്ന് മയ്യിത്ത് തൃശ്ശൂർ മെഡിക്കൽ കോളജിൽനിന്ന് കൊണ്ട് വന്നു.
എസ്.വൈ.എസ് ജില്ല വൈസ് പ്രസിഡൻറ് അബ്ദുൽ അസീസ് നിസാമി, സെക്രട്ടറിമാരായ അബ്ദുൽ വഹാബ് സഅദി, മുഹമ്മദ് ഷെരീഫ് പാലപ്പിള്ളി, ജില്ല എക്സിക്യൂട്ടീവ് അംഗം മാഹിൻ വടൂകര എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മതവിധി പ്രകാരമുള്ള സംസ്കരണം നടത്തി.ചാലക്കുടി ആര്യാങ്കാല ജുമാമസ്ജിദിൽ ഖബറടക്കി കഴിയുന്നതു വരെ ഇവർക്ക് എല്ലാ സഹായങ്ങളും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചെയ്തു കൊടുത്തു.