കൊച്ചി: മെഡിക്കല്‍ കോളജ് ആശുപത്രികളിലടക്കം കോവിഡ് രോഗികൾക്കും കോവിഡ് ഇതര ചികിത്സകള്‍ പഴയപടി തുടങ്ങാൻ ലക്ഷ്യമിട്ട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകൾ തുറക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെയാണ് ഒന്നാംതല ചികില്‍സ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. 14 ജില്ലകളിലായി 29 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളാണ് ഒരുക്കിയത്. ലക്ഷണങ്ങളില്ലാത്ത രോഗികളെയും രോഗം ഗുരുതരമല്ലാത്തവരെയും ഈ കേന്ദ്രങ്ങളിലാകും ചികിത്സിക്കുക.
കാസര്‍കോട് മൂന്നും മറ്റ് ജില്ലകളില്‍ രണ്ട് വീതവുമാണ് കോവിഡ് ചികിത്സ കേന്ദ്രങ്ങൾ ഇപ്പോഴുള്ളത്. അങ്ങനെ 29 ആശുപത്രികളെയാണ് കോവിഡ് ചികിത്സക്ക് ആദ്യഘട്ടത്തില്‍ ഒരുക്കിയത്. എന്നാൽ, രോഗികളുടെ എണ്ണം കൂടിയതോടെ അപര്യാപ്തമായി. ലക്ഷക്കണക്കിന് പേര് ഇനിയും വരാനിരിക്കെ ഈ ആശുപത്രികളുടെ സേവനം മാത്രം മതിയാകില്ലെന്നാണ് സർക്കാർ വലയിരുത്തൽ. ഒപ്പം മറ്റ് രോഗങ്ങളുടെ ചികിത്സയും സുഗമമാക്കണം.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് ഒരുനോഡല്‍ ഓഫിസർ ഉണ്ടാകും. കോവിഡ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം തന്നെയാകും ഇവിടത്തെ ചികിത്സയും നിയന്ത്രിക്കുക.
കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളുടെ ഗുരുതരാവസ്ഥ മാറിയാൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രങ്ങളിലേക്ക് ബാക്ക് റഫര്‍ ചെയ്യാനുമാകും. 2705 കിടക്കകളാണ് ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയത്.