‘12 മണിക്കൂർ കൊണ്ട് വൈറസ് ചാകില്ല; ദയവ് ചെയ്ത് നുണ പ്രചരിപ്പിക്കരുത്’
text_fieldsകോഴിക്കോട്: കോവിഡിനെതിരായ പ്രതിരോധത്തിന്‍റെ ഭാഗമായി രാജ്യം ജനതാ കർഫ്യൂ ആചരിക്കുന്ന സാഹചര്യത്തിൽ നിർദേശവുമ ായി ആരോഗ്യപ്രവർത്തകർ. കർഫ്യൂവിൽ വീട്ടിൽ ഇരിക്കുന്നവർ ദയവ് ചെയ്ത് 12 മണിക്കൂർ കൊണ്ട് വൈറസ് ചാകും എന്ന നുണപ്രചരണം ഫോർവേഡ് ചെയ്യരുതെന്ന് സാമൂഹികാരോഗ്യ പ്രവർത്തകൻ ഡോ. ജിനേഷ് പി.എസ് അഭ്യർഥിക്കുന്നു. അതു വിശ്വസിച്ച് ആൾക്കാർ നാളെ മുതൽ മുൻകരുതൽ ഒഴിവാക്കിയാൽ നമുക്ക് തന്നെ പണിയാവും, നിങ്ങൾക്കും പണിയാവുമെന്ന് ഡോ. ജിനേഷ് മുന്നറിയിപ്പ് നൽകുന്നു.
ഒരുമിച്ചു നിന്നാൽ നമ്മൾ അതിജീവിക്കും. ശാസ്ത്രീയതയെ മുറുകെ പിടിച്ച് നമ്മൾ അതിജീവിക്കും. വിവിധ രാജ്യങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും ലഭ്യമായ ആരോഗ്യ സൗകര്യങ്ങളെ കുറിച്ചും ഡോ. ജിനേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഡോ. ജിനേഷ് പി.എസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
ജർമനിയിൽ ക്രിട്ടിക്കൽ കെയറിൽ ലഭ്യമായ വെന്റിലേറ്ററുകളുടെ എണ്ണം 25000, അതായത് 8.3 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് 25000 വെന്റിലേറ്ററുകൾ
ഇംഗ്ലണ്ടിയിൽ ക്രിട്ടിക്കൽ കെയറിൽ ലഭ്യമായ വെന്റിലേറ്ററുകളുടെ എണ്ണം 5000 (നാഷണൽ ഹെൽത്ത് സർവീസിൽ മാത്രം), അതായത് 6.7 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് സർക്കാർ ആശുപത്രികളിൽ മാത്രം 5000 വെന്റിലേറ്ററുകൾ
ഫ്രാൻസിൽ ക്രിട്ടിക്കൽ കെയറിൽ ലഭ്യമായ വെന്റിലേറ്ററുകളുടെ എണ്ണം 5065, അതായത് 6.7 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് 5065 വെന്റിലേറ്ററുകൾ
അമേരിക്കയിലെ ആശുപത്രികളിൽ ലഭ്യമായ വെന്റിലേറ്ററുകളുടെ എണ്ണം 160000, കൂടാതെ അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ വേണ്ടിയുള്ള 12700 എണ്ണം കൂടി, അതായത് 32.7 കോടി ജനങ്ങൾക്ക് ഒന്നേമുക്കാൽ ലക്ഷത്തോളം വെന്റിലേറ്ററുകൾ
അയർലൻഡിലെ ആശുപത്രികളിൽ നിലവിലുള്ള ആകെ വെൻറിലേറ്ററുകളുടെ എണ്ണം 1229, അതായത് 50 ലക്ഷം പേർക്ക്
ഇറ്റലിയിൽ ലഭ്യമായ വെൻറിലേറ്ററുകളുടെ എണ്ണം 3000, അതായത് 6 കോടി പേർക്ക്
പഠനങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങളല്ല. പല വാർത്തകളിൽ നിന്നും വായിച്ച വിവരങ്ങളാണ്. അതുകൊണ്ട് ചെറിയ തെറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ജർമ്മനിയിൽ 22000 ലധികം കേസുകളിൽ നൂറിൽ താഴെ മരണങ്ങൾ മാത്രം.
യുകെയിൽ അയ്യായിരത്തിലധികം കേസുകളിൽനിന്ന് 233 മരണങ്ങൾ.
ഫ്രാൻസിൽ പതിനയ്യായിരത്തോളം കേസുകളിൽനിന്ന് 550 ലധികം മരണങ്ങൾ.
അമേരിക്കയിൽ 26000 ലധികം കേസുകളിൽ നിന്ന് 350 ൽ താഴെ മരണങ്ങൾ.
അയർലൻഡിൽ 875 കേസുകളിൽനിന്ന് 2 മരണങ്ങൾ.
ഇറ്റലിയിൽ 53500 ലധികം കേസുകളിൽ നിന്നും 4800 ലധികം മരണങ്ങൾ.
⁉️ഈ രാജ്യങ്ങൾ എന്തൊക്കെ ചെയ്യുന്നു എന്ന് കൂടി അറിയണ്ടേ ???
ഈ ജർമ്മനി 10000 വെന്റിലേറ്ററുകൾ വാങ്ങാൻ ശ്രമിക്കുന്നു.
യുകെ കാർ നിർമ്മാണ കമ്പനികളോട് വരെ വെൻറിലേറ്റർ നിർമ്മിച്ചു നൽകാൻ ആവശ്യപ്പെടുന്നു. JCB, TESLA പോലുള്ള കമ്പനികൾ സമ്മതിച്ചു കഴിഞ്ഞു.
അയർലണ്ട് 900 വെൻറിലേറ്ററുകൾ വാങ്ങാൻ ശ്രമിക്കുന്നു.
ഇറ്റലി വാങ്ങാൻ ശ്രമിക്കുന്നത് 5000 വെന്റിലേറ്ററുകൾ.
എല്ലാ രാജ്യങ്ങളും വാങ്ങാൻ ശ്രമിക്കുകയാണ്.
ആ പ്രതിസന്ധിഘട്ടത്തിൽ മാത്രം ചൈന നിർമ്മിച്ചത് 15000 വെൻറിലേറ്ററുകൾ. ഇന്നിപ്പോൾ ചൈന പല യൂറോപ്യൻ രാജ്യങ്ങളെയും സഹായിച്ചു തുടങ്ങി.
നമ്മൾ ആത്മപരിശോധന നടത്തണം.
⁉️നമുക്ക് എത്ര വെൻറിലേറ്റർ സൗകര്യങ്ങളുണ്ട് ???
⁉️ 130 കോടി പേർ അധിവസിക്കുന്ന ഇന്ത്യയിൽ എത്ര വെൻറിലേറ്ററുകളുണ്ട് ?
കൃത്യമായ കണക്ക് എനിക്കറിയില്ല.
⁉️കേരളത്തിൽ ???
സർക്കാർ ആശുപത്രികളിൽ 350 ? അല്ലെങ്കിൽ 500 ?
സ്വകാര്യ മെഡിക്കൽ കോളജുകൾ അടക്കമുള്ള പ്രൈവറ്റ് ആശുപത്രികൾ പരിഗണിച്ചാൽ ???
2000 ?/ 3000 ? /4000 ? /5000 ?
⁉️അതായത് മൂന്നര കോടി ജനങ്ങൾക്ക് ആകെ എത്ര ഉണ്ടാവും ?
കൃത്യമായ കണക്കുകൾ വേണം, വിലയിരുത്തൽ വേണം.
രണ്ടാഴ്ച കൊണ്ട് ചൈന പണിതുയർത്തിയത് പോലെ ആശുപത്രിയോ തെക്കൻ കൊറിയ ഏർപ്പെടുത്തിയത് പോലെ ലാബ് പരിശോധന സൗകര്യങ്ങളോ നമ്മുടെ നാട്ടിൽ സാധ്യമാകുമോ എന്നറിയില്ല. ജനകീയ മാതൃകകൾ സൃഷ്ടിക്കാൻ നമുക്ക് സാധിക്കും. ഹോസ്റ്റലുകൾ ഏറ്റെടുത്തതും മറ്റും മികച്ച തീരുമാനങ്ങളാണ്.
എങ്കിലും സാമൂഹ്യ വ്യാപനം ഉണ്ടായാൽ ആശുപത്രി ഉപകരണങ്ങൾ കൂടിയേ പറ്റൂ.
അതുകൊണ്ട്,
ചികിത്സ വേണോ പ്രതിരോധം വേണോ എന്ന് ചിന്തിക്കുക,
അതുകൊണ്ട് വീണ്ടും വീണ്ടും ശ്രദ്ധിക്കുക,
ശാരീരിക അകലം, സാമൂഹിക ഒരുമ. പറഞ്ഞാൽ മാത്രം പോരാ പ്രാവർത്തികമാക്കണം.
കൈ കഴുകുക, ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക.
കൈ മുഖത്ത് സ്പർശിക്കാതിരിക്കുക.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.
നിരീക്ഷണത്തിൽ ഇരിക്കണമെന്ന നിർദ്ദേശം ലഭിച്ചവർ കൃത്യമായി പാലിക്കുക.
വെന്റിലേറ്ററുകൾ പോലെ തന്നെ പ്രധാനമാണ് PPE, N95 ഒക്കെ...
സാമൂഹ്യ വ്യാപനം ഉണ്ടാകുമോ ഇല്ലയോ എന്ന് അറിയണമെങ്കിൽ ഇനിയും രണ്ടാഴ്ച കാത്തിരിക്കേണ്ടതായി വന്നേക്കാം. ആവശ്യത്തിന് സൗകര്യങ്ങളൊരുക്കാൻ സാധിക്കില്ല എന്ന് തോന്നിയാൽ, ലോക്ക് ഡൗൺ ചെയ്യണം.
പരമാവധി ലാബ് പരിശോധനകൾ, അതായത് ഒരു ദിവസം പതിനായിരം പേരിൽ ചെയ്യാൻ സാധിക്കുന്ന സജ്ജീകരണങ്ങൾ ഒരുക്കി, 14-15 ദിവസം ലോക്ക് ഡൗൺ ചെയ്താൽ അതിജീവിക്കും. പല രാജ്യങ്ങളും ഈ പാതയിലാണ്. പക്ഷെ ജനങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം സർക്കാർ സൃഷ്ടിക്കണം. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ചികിത്സ ഒക്കെ പ്രാധാന്യമുള്ളതാണ്.
നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന, സമയം ഏറെ ചെലവാകുന്ന സീറോളജിക്കൽ പരിശോധന മാത്രം പോരാതെ വരും.
കർഫ്യൂ ആണ്, വീട്ടിൽ ഇരിക്കുന്നവർ ഒരു ഉപകാരം ചെയ്യണം.
ദയവ് ചെയ്ത് 12 മണിക്കൂർ കൊണ്ട് വൈറസ് ചാകും എന്ന നുണപ്രചരണം ഫോർവേഡ് ചെയ്യരുത്. അതു വിശ്വസിച്ച് ആൾക്കാർ നാളെ മുതൽ മുൻകരുതൽ ഒഴിവാക്കിയാൽ നമുക്ക് തന്നെ പണിയാവും, നിങ്ങൾക്കും പണിയാവും.
പറ്റുമെങ്കിൽ Contagion എന്ന സിനിമ കാണുക, ഇതുപോലെ ഒന്നും അല്ലെങ്കിൽ പോലും ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ഒരുമിച്ചു നിന്നാൽ നമ്മൾ അതിജീവിക്കും, ശാസ്ത്രീയതയെ മുറുകെ പിടിച്ച് നമ്മൾ അതിജീവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
