സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തേഞ്ഞിപ്പലം സ്വദേശി
text_fieldsമലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി കുട്ടി ഹസ്സൻ(67) ആണ് മരിച്ചത്. ഈ മാസം 25 മുതൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 9.40ഓടെയായിരുന്നു അന്ത്യം.
2002 മുതൽ തന്നെ പ്രമേഹം, രക്തസമ്മർദം,ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നീ പ്രശ്നങ്ങൾ അലട്ടിയിരുന്നു. ജൂലൈ 24ന് ഛർദ്ദിയും ശ്വാസം മുട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിഹസ്സൻ കോഴിക്കോട്ട് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇദ്ദേഹത്തിെൻറ മകന് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ കുട്ടിഹസ്സനെ കോവിഡ് പരിശോധനക്ക് വിധേയനാക്കുകയും രോഗം കണ്ടെത്തുകയും ചെയ്തു.
ഇതേ തുടർന്ന് 25ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ തുടരുന്നതിനിടെ ബുധനാഴ്ച രാവിലെ എട്ടു മണിയോടെ ഹൃദയാഘാതമുണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. ഇതോടെ മലപ്പുറം ജില്ലയിലെ കോവിഡ് മരണങ്ങളുടെ എണ്ണം പത്തായി. സംസ്ഥാനത്ത് 67 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
