കോട്ടയം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ (75) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാൾക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചുള്ള ഫലം ഇന്നലെ വൈകിയായിരുന്നു ലഭിച്ചത്.
നാരായണനും മകനും കഴിഞ്ഞ 16നാണ് തേനിയിൽനിന്ന് ഇടുക്കിയിലെത്തിയത്. രഹസ്യപാതയിലൂടെ എത്തിയ ഇവർ സ്വന്തം ഏലത്തോട്ടത്തിന് നടുവിലെ വീട്ടിൽ ആരുമറിയാതെ താമസിച്ചു വരികയായിരുന്നു. സ്പെഷ്യൽബ്രാഞ്ച് നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ആരോഗ്യപ്രവർത്തകരോട് ഇവർ സഹകരിച്ചിരുന്നില്ല. തുടർന്ന് നിർബന്ധപൂർവ്വം സ്രവം എടുത്ത് പരിശോധനക്കയക്കുകയായിരുന്നു.
ഇന്നലെ ഫലം പോസിറ്റീവ് ആയതോടെ ഇരുവരെയും ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ നാരായണന്‍റെ ആരോഗ്യസ്ഥിതി വഷളായതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46 ആയി. കഴിഞ്ഞ ദിവസം എറണാകുളം സ്വദേശി ഹാരിസ്, ഇടുക്കി സ്വദേശി തങ്കരാജ് എന്നിവർ മരിച്ചിരുന്നു.