കോവിഡ് മരണം: മയ്യിത്ത് പരിപാലനത്തിന് ഇളവ് അനുവദിക്കണം -സംഘടനാ നേതാക്കൾ
text_fieldsകോഴിക്കോട്: കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ മതപരമായ രീതിയിൽ പരിപാലിച്ച് സംസ്കരിക്കുന്നതിന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇളവുകൾ അനുവദിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളിൽ പോലുമില്ലാത്ത വ്യവസ്ഥകളാണ് ഈ വിഷയത്തിൽ അടിച്ചേൽപ്പിച്ചിട്ടുള്ളതെന്ന കാര്യം വേദനാജനകമാണ്.
എല്ലാ മേഖലകളിലും കാര്യമായ ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ മൃതദേഹത്തോട് അനാദരവ് പുലർത്തുന്ന വിധത്തിൽ സംസ്കരിക്കേണ്ടി വരുന്നത് ആശങ്കാജനകമാണ്. മൃതദേഹത്തോട് മാന്യത പുലർത്തണമെന്ന് ഭരണഘടന 21ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ഇക്കാര്യം പ്രത്യേകം എടുത്തു പറയുന്നുമുണ്ട്.
പരിശീലനം ലഭിച്ച വളണ്ടിയർമാരെ ഉപയോഗിച്ച് മതപരമായ നിർബന്ധ കർമ്മങ്ങൾ നിർവഹിച്ച് മൃതദേഹം കുളിപ്പിക്കാനും മറവ് ചെയ്യാനുമുള്ള ഇളവ് ഭരണകൂടം അനുവദിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ), കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ (സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ), ടി.പി.അബ്ദുല്ലക്കോയ മദനി (കെ.എൻ.എം), എം.ഐ അബ്ദുൽ അസീസ് (ജമാഅത്തെ ഇസ്ലാമി), തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), എ. നജീബ് മൗലവി (കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ), ടി.കെ അഷറഫ്, ജന.സെക്രട്ടറി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), സി.പി.ഉമ്മർ സുല്ലമി (നദ് വത്തുൽ മുജാഹിദീൻ, മർക്കസുദ്ദഹ് വ), അബുൽ ഖൈർ മൗലവി (തബ്ലീഗ് ജമാഅത്ത്), ഹാഫിള് അബ്ദുൽ ഷുക്കൂർ അൽ ഖാസിമി (മെമ്പർ, പേഴ്സണൽ ലോ ബോർഡ്), വി.എച്ച്. അലിയാർ കെ. ഖാസിമി (ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് -കേരള ഘടകം) എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചവത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

